സിപിഎം, എസ്എഫ്ഐ ഫാസിസത്തിനൊപ്പം:- 'കഴുകന്മാരെ' രക്ഷിക്കാന്‍ രക്തസാക്ഷികള്‍ മനുഷ്യനാകണം... അതാണ് മാര്‍ക്സിസം

നേര്‍വഴിക്ക് നാം കൊടുത്ത പേരതാണ് മാര്കിസം... ഞാനുമില്ല നീയുമില്ല നമ്മളാകണം... നമുക്കു നമ്മളെ പകുത്തു പങ്കുവെയ്ക്കണം... എന്നാണ് കവി മുരുകന് കാട്ടാക്കട പാടിയിട്ടുള്ളത്. കവിയുടെ പാട്ട് സിപിഎമ്മും എസ്എഫ്ഐയിലെ കുട്ടിസഖാക്കളും ഏറ്റെടുത്തതാണെങ്കിലും രാഷ്ട്രീയജീവിതത്തില്‍ കവിയുടെ വരികള്‍ക്കൊന്നും അവര്‍ യാതൊരു വിലയും കൊടുക്കില്ല. സിപിഐ മുഖപത്രമായ ജനയുഗം എഴുതിയത് പോലെ... ഫാസിസ്റ്റ് കഴുകന്മാരാണ് എസ്എഫ്ഐക്കാരനെന്ന് പ്രതിപക്ഷം പറയുന്നു. കേരളത്തിലെ ക്യാമ്പസുകളെ കൊത്തിപ്പറിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല എന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ പരാജയമാണ്.
സിപിഎം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ പ്രിന്‍സിപ്പാളിനെ തല്ലിയും കെഎസ് യുക്കാരെ ഹോസ്റ്റലിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചും എസ്എഫ്ഐ തനിനിറം കാണിച്ചു. അതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ബാലന്വക്കീലും കൃഷ്ണദാസും വടിയെടുക്കുകയും എസ്എഫ്ഐക്ക് വക്കാലത്ത് പിടിക്കാന്‍ രംഗത്തെത്തുകയും ചെയ്തു. ചെയ്തത് തെറ്റാണ് അത് തിരുത്തണം എന്ന് പറയാന്‍ ഇവരാരും തയ്യാറായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എസ്എഫ്ഐയുടെ 34 രക്തസാക്ഷികളുടെ കഥയാണ് പറയുന്നത്. സഖാവ് കൊല്ലപ്പെട്ടവരുടെയും കൊന്നവരുടെയും കണക്കെടുക്കേണ്ട സമയമല്ലിപ്പോള്‍. തെറ്റ് തിരുത്തേണ്ട കാലമാണ്.
ഇല്ലെങ്കില്‍ ഇന്ന് സിപിഎം നേരിടുന്നതിനേക്കാള്‍ പരിതാപകരമായ അവസ്ഥയിലേക്ക് എസ്എഫ്ഐ കൂപ്പുകുത്തും. വര്‍ഗീയശക്തികള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ഉന്മാദനൃത്തം ചവിട്ടും. ആദ്യത്തെ ചവിട്ട് കിട്ടുന്നത് എസ്എഫ്ഐ നേതാക്കന്മാര്ക്കായിരിക്കും. എസ്എഫ്ഐയുടെ എല്ലാ വൃത്തികെട്ട നടപടികള്‍ക്കും സിപിഎം എന്തിനാണ് കുടചൂടുന്നത്. വയനാട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്എഫ്ഐക്കാരെ ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കിയപ്പോള്‍ വയനാട് സിപിഎം നേതാവ് ശശീന്ദ്രന് എന്തിനാണവിടെ പോയത്.
ജഡ്ജി അദ്ദേഹത്തെ ശാസിച്ചു എന്ന് പത്രത്തില്‍ വാര്‍ത്ത കണ്ടു. കുറ്റാരോപിതരെ രക്ഷിക്കാന്‍ എന്തിനാണിത്ര തിടുക്കം കാണിക്കുന്നത്. കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ച ശേഷം ഉത്തരവിറക്കാന്‍ ആഭ്യന്തരവകുപ്പ് ബോധപൂര്‍വം വൈകിച്ചു. സിപിഐയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫിന്റെ വനിതാ നേതാവിനെ എംജി യൂണിവേഴ്സിറ്റി ക്യാമ്പസിലിട്ട് മര്‍ദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തത് എസ്.എഫ്.ഐക്കാരാണ്. സ്വന്തം മുന്നണിയിലിലുള്ളവരോട് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ മറ്റുള്ളവരോട് സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും. ഇത്തരത്തിലുള്ള നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബിനോയ് വിശ്വം എസ്എഫ്ഐക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്, വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പരീക്ഷയെഴുതാതെ വിജയിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിക്കുക, ക്രൂരമായ റാഗിംഗ്, അധ്യാപകരെ ആക്രമിക്കുക എന്നിവ എസ്എഫ്ഐയുടെ അലങ്കാരമായി മാറിയിരിക്കുന്നു. സിപിഎം നേതാക്കളുടെ അപചയം എസ്എഫ്ഐയിലേക്കും പടര്‍ന്നിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ ക്യാമ്പസുകളില്‍ പ്രവര്‍ത്താക്കാന്‍ എസ്.എഫ്.ഐ അനുവദിക്കില്ലെന്ന ആരോപണം ശക്തമാണ്. തനി കാടത്തമാണ് പലിടത്തും കാട്ടുന്നത.് പൊലീസ് നോക്കി നില്‍ക്കെ പോലും എസ്എഫ്ഐ അക്രമം അഴിച്ചുവിടുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാറിന് നേരെ നടന്ന ആക്രമണം അതിന് ഉദാഹരണമാണ്. ഗവര്‍ണറുടെ സഞ്ചാരപാത മാറ്റിയിട്ടും പൊലീസിലെ സിപിഎമ്മുകാര്‍ അത് ചോര്‍ത്തിക്കൊടുത്തു. അങ്ങേയറ്റം ലജ്ജാകരമായ സംഭവമായിരുന്നു അത്. ഗവര്‍ണര്‍ പുറത്തിറങ്ങി, ബ്ലഡി ഫൂള്‍സ് ... എന്ന് വിളിച്ചതോടെ എല്ലാ സഖാക്കളും കണ്ടംവഴി ഓടി. പിന്നീട് ജാമ്യമില്ലാതെ അകത്ത് കിടക്കുകയും ചെയ്തു. കൊല്ലം നിലമേലില്‍ എസ്എഫ്ഐക്കാര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചതും വിവാദമായിരുന്നു. ഗവര്‍ണര്‍ വരുന്നതിന് മുമ്പ് റോഡരികില്‍ കരിങ്കൊടിയുമായി നിന്ന എസ്എഫ്ഐക്കാരെ അവിടെ നിന്ന് നീക്കേണ്ടതിന് പകരം അവരുടെ തോളില്‍ കയ്യിട്ട് കുശലം പറയുകയാണ് പൊലീസ് ചെയ്തത്. ഇതോടെയാണ് അദ്ദേഹം ക്ഷുഭിതനായത്.
ഡിഗ്രി ജയിക്കാതെ പിജിക്ക് ചേര്‍ന്ന കായംകുളത്തെ എസ്എഫ്ഐ നേതാവിന് വേണ്ടി ആദ്യം രംഗത്തെത്തിയത് സംസ്ഥാന പ്രസിഡന്റ് പിഎം ആര്‍ഷോ ആയിരുന്നു. കുട്ടിനേതാവിന് എല്ലാ സംരക്ഷണവും സര്‍ക്കാരും പാര്‍ട്ടിയും നല്കി. എറണാകുളം മഹാരാജാസ് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്എഫ്ഐ മുന്‍ നേതാവ് കെ.ദിവ്യയെയും സംരക്ഷിച്ചു. രണ്ട് കേസുകളും തേയ്ച്ചുമായ്ച്ചു കളയാനാണ് സിപിഎം ചരടുവലിച്ചത്. ഗുണ്ടാ- ലഹരിക്കടത്ത് സംഘങ്ങളുടെ തലവന്മാരായ ചില സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളാണ് എസ്.എഫ്.ഐക്കാരെയും വഴിതെറ്റിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുന്നു. സി.പി.എം നേതൃത്വത്തെ ബാധിച്ച ജീര്‍ണതയാണ് അവരുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകളിലും കാണുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മേല്‍തട്ടിലുള്ള നേതാക്കള്‍ മാതൃകയായില്ലെങ്കില്‍ താഴെയുള്ളവരെ നിയന്ത്രിക്കാനാകില്ല. ആ സ്ഥിതിയാണ് സിപിഎമ്മിലും അവരുടെ മറ്റ് സംഘടനകളിലും ഉള്ളത്. എകെജിസിടിഎ, എകെപിസിടിഎ തുടങ്ങിയ സിപിഎം അധ്യാപക സംഘടനകളും എസ്എഫ്ഐയുടെ എല്ലാ തിട്ടൂരത്തിനും കൂട്ടുനില്‍ക്കുന്നു.
യുഡിഎഫ് അനുകൂല അധ്യാപകരെ കരിവാരിത്തേക്കാനും ഇവര്‍ എസ്എഫ്ഐയെ ഉപയോഗിക്കുന്നു. ജീവിച്ചിരിക്കുന്ന അധ്യാപികയ്ക്ക് റീത്ത് വയ്ക്കുകയും കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിന്‍സിപ്പാളിനെ മര്‍ദ്ദിക്കുകയും ചെയ്തതിലൂടെ വലിയ ഗുരുനിന്ദയാണ് ഈ സംഘടന നടത്തിയിരിക്കുന്നത്. എന്നിട്ടും അവരെ തിരുത്താനോ, ചെയ്തത് തെറ്റാണെന്ന് പറയാനോ സിപിഎം തയ്യാറാകുന്നില്ല. ചെയ്ത് കൂട്ടിയ തെറ്റുകളുടെ ആഴം അവര്‍ക്ക് മനസ്സിലാകുന്നുമില്ല. ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ എസ്.എഫ്.ഐ തോറ്റിരിക്കുകയാണ്. മുരുകന് കാട്ടാക്കട പാടിയത് പോലെ..
തോല്‍ക്കുകില്ലാ... തോല്‍ക്കുകില്ലാ... തോല്‍ക്കുകില്ലാ... തോറ്റുവെങ്കിലില്ല മാരര്ക്സിസം...
https://www.facebook.com/Malayalivartha

























