വിതുര പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന കരടി ശല്യം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ്

വിതുര പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന കരടി ശല്യം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും, വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും, ആദിവാസികളും ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു. ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയെ കരടികള്‍ ആക്രമിച്ച സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.ശ്രീജു, വിതുര സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി മധു, പരുത്തിപ്പള്ളി ആര്.ആര്.ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ് എന്നിവരാണ് സന്ദര്‍ശിച്ചത്.
വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ പുലര്‍ച്ചെയും,സന്ധ്യാസമയത്തും ജാഗ്രത പാലിക്കണമെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്കി. കരടിശല്യം മൂലം ഏറെ ബുദ്ധിമുട്ടുന്നത് ആദിവാസി സമൂഹമാണ്. ആറ് മാസത്തിനിടയില്‍ വിതുര പഞ്ചായത്തില്‍ മാത്രം മൂന്ന് പേരെയാണ് കരടികള്‍ ആക്രമിച്ചത്. ആറ് മാസം മുന്‍പ് വിതുര പഞ്ചായത്തിലെ പൊടിയക്കാല കന്നുംപുറത്ത് വീട്ടില്‍ രാജേന്ദ്രന് കാണിയെയും,മണലി തച്ചരുകാല തെക്കുംകര പുത്തന്‍വീട്ടില്‍ ശിവദാസന്‍ കാണിയെയും കരടികള്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. മഴയായതോടെ വീണ്ടും കരടികള്‍ മേഖലകളിലെത്തി തുടങ്ങിയതായി ആദിവാസികള്‍ പറയുന്നു.
ചക്ക സീസണായാല്‍ കരടികള്‍ കൂട്ടത്തോടും, ഒറ്റയ്ക്കും എത്തുന്നത് പതിവാണ്. ആദിവാസി മേഖലകളിലാണ് കൂടുതല്‍ ശല്യം. കരടിക്ക് പുറമേ കാട്ടാനകളും ചക്ക പ്രിയരാണ്.ആദിവാസി മേഖലകളിലെ ചക്ക തീര്‍ന്നാലുടന്‍ നാട്ടിന്‍പുറങ്ങളിലേക്കെത്തും.വിതുര പഞ്ചായത്തിലെ ചാത്തന്‍കോട്,ചെമ്മാംകാല,നാരകത്തിന്‍കാല, കളിയിക്കല്‍,പൊടിയക്കാല,മണലി,തച്ചരുകാല,കല്ലുപാറ,തലത്തൂതക്കാവ്, മൊട്ടമൂട്,കുട്ടപ്പാറ എന്നിവിടങ്ങളിലാണ് കരടിശല്യം വര്‍ദ്ധിച്ചിട്ടുള്ളത്.
ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടായാല്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലേക്ക് വിവരമറിയിക്കണമെന്ന് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : തിരുവനന്തപുരം ഡിവിഷന് : 9188407517. സ്റ്റേറ്റ് ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍: 9188407510.
https://www.facebook.com/Malayalivartha

























