പോരാട്ടം തുടരുന്നു... കുല്‍ഗാമില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറടക്കം 8 ഭീകരരെ സൈന്യം വധിച്ചു; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; വിദേശ പര്യടനത്തിന് നരേന്ദ്ര മോദി

ഭീകരര്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജമ്മു കാശ്മീരില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ഇന്നലെ ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം.
ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇപ്പോള്‍ സൈന്യം വ്യക്തമാക്കിയത്. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദിന്റെ മരണം സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ മോഡര്‍ഗ്രാമില്‍ സിആര്‍പിഎഫും കരസേനയും പൊലീസും ചേര്‍ന്ന നടത്തിയ സംയുക്ത പരിശോധനക്ക് നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആ വെടിവെപ്പിലാണ് സൈനികന് ജീവന്‍ നഷ്ടമായത്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംയുക്തസംഘം തിരച്ചില്‍ നടത്തിയത്. വൈകിട്ട് ഫ്രിസല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടു. ഫ്രിസലിലാണ് 4 ഭീകരരെ സൈന്യം വധിച്ചത്. പ്രദേശത്ത് ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദര്‍ശനത്തിനായി ഞായറാഴ്ച യാത്ര തിരിക്കും. ഇന്ന് രാവിലെയാകും ദില്ലിയില്‍ നിന്നും മോസ്‌കോയിലേക്ക് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഉക്രൈന്‍ റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം അവിടെനിന്നും മോദി ഓസ്ട്രിയയിലേക്കും പോകും. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.
നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. ബ്രിട്ടണിലെ പൊതുതെരെഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ മോദി അഭിനന്ദങ്ങള്‍ അറിയിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തി. കെയ്ര്‍ സ്റ്റാമറെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.
ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആയിരിക്കും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.
ഓഹരി വിപണി ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയില്‍ എന്ത് പ്രതിഫലനമാണ് ഉണ്ടാക്കുക എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് നിക്ഷേപകര്‍. സര്‍ക്കാരിന്റെ പൊതു ചെലവും , കമ്പനികളുടെ മികച്ച പ്രവര്‍ത്തന ഫലവും കാരണം ഈ വര്‍ഷം 20 ശതമാനം നേട്ടം ഓഹരി വിപണികള്‍ കൈവരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























