തെറ്റുതിരുത്താനിറങ്ങി, തെറിവിളിയോട് വിളി പിണറായിക്ക് പണത്തോട് ആര്‍ത്തിയില്ലേ? സഖാക്കള്‍ക്ക് ആര്‍ത്തിയെന്ന് ഗോവിന്ദന്

പല സഖാക്കള്‍ക്കും പണത്തോട് ആര്‍ത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞതിനെതിരെ വ്യാപക വിമര്‍ശനം. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിംഗിലായിരുന്നു ഗോവിന്ദന്റെ രൂക്ഷവിമര്‍ശനം. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും കുറ്റപ്പെടുത്തി. ഇതോടെയാണ് സെക്രട്ടറിക്കെതിരെ പലരും രഹസ്യമായി സംസാരിച്ചത്. പണത്തിന് ആര്‍ത്തി മൂത്ത നേതാക്കളുണ്ടല്ലോ അവരെയാണ് ആദ്യം തിരുത്തേണ്ടതെന്ന് പല ബ്രാഞ്ച് സെക്രട്ടറിമാരും തമ്മില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും പണത്തോട് ആര്‍ത്തിയില്ലേ? മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിക്കേസില്‍ കുറ്റാരോപിതയായത് എങ്ങനെ? സിഎംആര്‍എല്ലില്‍ നിന്ന് വീണ അനധികൃതമായി പണം കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പ് ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയതെങ്ങനെ? മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകനുമെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത് എന്തുകൊണ്ട്? ഇതൊക്കെ ആര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ എന്ന് പലരും പറഞ്ഞ് ചിരിച്ചു.
നേതൃത്വം തെറ്റ് തുരുത്താതെ താഴേത്തട്ടില്‍ നന്നാക്കാനിറങ്ങിയിട്ട് യാതോരു കാര്യവുമില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഏതാണ്ടെല്ലാ ജില്ലാ കമ്മിറ്റികളും സിപിഐ കൗണ്‍സിലുകളും ആവശ്യപ്പെട്ടതാണ്. അവരുടെയെല്ലാം അഭിപ്രായങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാനാണ് സിപിഎം നീക്കം. ഇതിന് വലിയ വിലകൊടുക്കേണ്ടിവരും. പാര്‍ട്ടിയിലേയും മുന്നണിയിലേയും ഭൂരിപക്ഷം പേരും മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടും അതൊന്ന് ചര്‍ച്ച ചെയ്യാന്‍ പോലും നേതൃത്വം തയ്യാറാകുന്നില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നൊന്ന് പാര്‍ട്ടിയില്‍ ഇല്ലാതായിരിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി മാറിനില്‍ക്കണമെന്ന് പറയാന്‍ കേന്ദ്രനേതൃത്വം പോലും തയ്യാറാകുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ താഴേത്തട്ടില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ചയാണെന്നും ഗോവിന്ദന് വിമര്‍ശിച്ചു. കണക്കുകള്‍ പിഴച്ചതിന് പ്രധാന ഉത്തരവാദി മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്നാണ് ബ്രാഞ്ച് സെക്രട്ടറിമാരുടെ നിലപാട്. പാര്‍ട്ടി വോട്ടുകളില്‍ വലിയ വിള്ളലുണ്ടാകുമെന്ന് ഇവരാരും പ്രതീക്ഷിച്ച. അതിന് വഴിവെച്ചത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ജനവിരുദ്ധസമീപനമാണ്. പൊതുസദസ്സില്‍ എങ്ങനെ പെരുമാറണമെന്ന് പലപ്പോഴും മുഖ്യമന്ത്രിക്ക് അറിയില്ല. മൈക്കിനോട് ഉള്‍പ്പെടെ അദ്ദേഹത്തിന് ദേഷ്യമാണ്. എന്തിനാണ് ഇത്രയും ധിക്കാരമെന്നാണ് അവര്‍ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ ഹാലിളകുന്നത് എന്തിനാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുള്ള പലരുടെയും മാനസികാവസ്ഥ 20 കൊല്ലം മുമ്പുള്ളതാണ്. യുവാക്കളുടെ ചിന്തയ്ക്കൊപ്പം ഉയര്‍ന്നുവരാന്‍ ഇവര്‍ക്കാര്‍ക്കും കഴിയുന്നില്ല. താഴേത്തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന് പകരം അനാവശ്യ ധൂര്‍ത്തും ബഹളങ്ങളുമാണ് കാണിച്ചുകൂട്ടുന്നത്. അതിനെ എതിര്‍ക്കുന്നവര്‍ക്ക് നേരെ കുതിരകയറിയിട്ട് കാര്യമില്ല. തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രിക്ക് അറിയാം അതുകൊണ്ടാണ് അദ്ദേഹം യാതൊരു പ്രതികരണവും നടത്താത്തത്. പരാജയത്തിന് പിന്നാലെ താന്‍ മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് പാര്‍ട്ടിയേയും മുഖ്യമന്ത്രി വെട്ടിലാക്കി. പാര്‍ട്ടി നശിച്ചാലും മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരു ചുക്കും സംഭവിക്കില്ല. പാര്‍ട്ടിയെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ കാര്യം വലിയ കഷ്ടത്തിലാകും. മുഖ്യമന്ത്രിക്കും മകള്‍ക്കും മകനും വിദേശത്ത് നിക്ഷേപമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പിസി ജോര്‍ജ്ജിന്റെ മകന് ആരോപണം ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും പ്രതികരിക്കാനോ, വക്കീല്‍നോട്ടീസ് അയയ്ക്കാനോ പോലും തയ്യാറായില്ല. ഇത്തരത്തിലുള്ള ഗുരുതരമായ കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച പോലും ചെയ്യുന്നില്ല. പാര്‍ട്ടി അംഗം പോലുമല്ലാത്ത, മുഖ്യമന്ത്രിയുടെ മകള്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കാന്‍ എകെ ബാലന് അടക്കമുള്ളവര്‍ രംഗത്തെത്തുകയും അവര്‍ പറഞ്ഞതെല്ലാം കളവായിരുന്നെന്ന് തെളിയുകയും ചെയ്തു.
മുന്നണി കണ്‍വീനറായ ഇ.പി ജയരാജന്, പി.ജയരാജന് തുടങ്ങിയവര്‍ പാര്‍ട്ടിക്ക് നിരക്കാത്ത നിലപാടുകളാണ് കഴിഞ്ഞ കുറേ നാളുകളായി സ്വീകരിക്കുന്നത്. മലബാറില്‍ കണ്ണൂരിലടക്കം അക്രമവും ബോംബു നിര്‍മാണവും പാര്‍ട്ടി നടത്തുന്നു. ആളുകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും. അതെല്ലാം മൂടിവയ്ക്കാനും കാര്യങ്ങള്‍ തുറന്ന് പറഞ്ഞവരെ ഭീഷണിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. വടകരയില്‍ പ്രാദേശിക നേതാക്കളടക്കം നടത്തിയത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ്. അതുകൊണ്ടാണ് ജനപ്രിയ നേതാവായ കെ.കെ ശൈലജ ടീച്ചര്‍ക്ക് ദയനീയമായി പരാജയപ്പെടേണ്ടി വന്നത്. ജനം പാര്‍ട്ടിയില്‍ നിന്ന് എല്ലാത്തരത്തിലും അകന്ന് നില്ക്കുന്ന സമയത്ത് ടിപി കേസിലെ പ്രതികളെ ജയില്‍മോചിതരാക്കാനും ആഭ്യന്തരവകുപ്പ് നീക്കം നടത്തി. ഇത്തരത്തിലുള്ള നിരവധി ജനവിരുദ്ധ നിലപാടുകളാണ് സര്‍ക്കാരും പ്രധാനപ്പെട്ട പല നേതാക്കളും സ്വീകരിക്കുന്നത്. അതിനെക്കുറിച്ച് യാതൊരു തരത്തിലുമുള്ള ചര്‍ച്ചകളോ, തെറ്റുതിരുത്തലുകളോ നടത്തുന്നില്ല. പകരം താഴേത്തട്ടിലുള്ള സഖാക്കളുടെ മെക്കിട്ട് കേറുകയാണ് ചെയ്യുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുള്ളത്. എന്നാലാരും പരസ്യമായി അത് പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. പാര്‍ട്ടി സമ്മേളനങ്ങള്‍ താമസിയാതെ ആരംഭിക്കും. അവിടെ പിണറായിയെ കാത്തിരിക്കുന്ന വിമര്‍ശനങ്ങളുടെ പെരുമഴയല്ല, മേഘവിസ്ഫോടനങ്ങളായിരിക്കും.
https://www.facebook.com/Malayalivartha

























