കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരവേ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചാടി രക്ഷപെട്ട പ്രതി പിടിയില്‍

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരവേ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചാടി രക്ഷപെട്ട പ്രതി പിടിയില്‍. പത്തനംതിട്ട സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് പുന്നപ്രയിലെ ആളൊഴിഞ്ഞ വീടിന്റെ ടെറസില്‍ നിന്ന് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന വിഷ്ണു ഉല്ലാസിനെ രാമങ്കരി കോടതിയില്‍ ഹാജരാക്കാന്‍ ട്രെയിനില്‍ ആലപ്പുഴയിലെത്തിച്ചപ്പോഴാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രക്ഷപെട്ടത്. ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി ശുചി മുറിയുടെ ജനാല പൊളിച്ചു ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രക്ഷപെട്ട പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് പുന്നപ്രയിലെ ആളൊഴിഞ്ഞ വീടിന്റെ ടെറസില്‍ ഇയാള്‍ ഉള്ളതായി വിവരം ലഭിച്ചത്.
വിഷ്ണു ഉല്ലാസ് ആലപ്പുഴ നെടുമുടിയില്‍ നടന്ന പിടിച്ചുപറിക്കേസിലെ പ്രതിയാണ്. 2023 ജനുവരിയില്‍ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴും ചാടി രക്ഷപെട്ടിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊലപാതകശ്രമം, പിടിച്ചുപറി, മോഷണം, കഞ്ചാവ് വില്‍പ്പന അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ശേഷം ഉല്ലാസിന് മറ്റ് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























