പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്... സാക്ഷികളെത്തിയില്ല വിചാരണ മുടങ്ങി,വിചാരണ തീയതി പുനക്രമീകരിച്ചു

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ എം ബി എ വിദ്യാര്‍ത്ഥി സത്‌നാം സിംഗ് മാന്‍ (23) കൊലക്കേസ് വിചാരണ മുടങ്ങി. തിങ്കളാഴ്ച വിസ്തരിക്കാനിരുന്ന 5 സാക്ഷികള്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ്
വിചാരണ മുടങ്ങിയത്. തുടര്‍ന്ന് കോടതി വിചാരണ തീയതി (റീഡ്യൂള്‍) പുനക്രമീകരിച്ചു. ആഗസ്റ്റ് 8 മുതല്‍ 12 വരെയായി 79 സാക്ഷികളെ വിസ്തരിക്കാന്‍ കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയായ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
മാനസിക രോഗിയായി മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ കഴിയുന്ന അഞ്ചാം പ്രതിയുടെ വിചാരണ മാറ്റി വച്ചു. അസുഖം ഭേദമായ ശേഷം പ്രത്യേക വിചാരണ ചെയ്യും.
പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം ജീവനക്കാരനായ അനില്‍കുമാര്‍ , വാര്‍ഡന്‍ വിവേകാനന്ദന്‍ , വിവിധ കേസുകളില്‍ പ്രതികളും മാനസികരോഗികള്‍ എന്ന പേരില്‍ ആശുപത്രിയില്‍ കഴിയുന്നവരുമായ മഞ്ചേഷ് (വിചാരണക്കിടെ ആശുപത്രിയില്‍ മരണപ്പെട്ടു) , ശരത് പ്രകാശ് എന്ന പ്രദീഷ്
(മരണപ്പെട്ടു) , ദിലീപ് എന്നിവരാണ് കൊലക്കേസിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. ഇതില്‍ മൂന്നാം പ്രതി മഞ്ചേഷ് ഇതേ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ആഗസ്റ്റ് മാസം മരിച്ചു.
2012 ജൂലൈ 31 ലാണ് സംഭവം നടന്നത്. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയീ ആശ്രമത്തില്‍ എങ്ങനെയോ എത്തിയ ബീഹാര്‍ സ്വദേശിയായ എം ബി എ വിദ്യാര്‍ത്ഥി സത്‌നാം മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മത തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് കൊല്ലം ജില്ലാ ജയിലില്‍ വച്ച് സത്‌നത്തിന് നേരെ വാര്‍ഡര്‍മാരുടെ കൈയ്യേറ്റം ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ ഏറ്റവുമൊടുവില്‍ പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് കേബിള്‍ കൊണ്ടും വടി കൊണ്ടും മറ്റും നടത്തിയ മാരക മര്‍ദ്ദനമാണ് തലച്ചോറിനും കഴുത്തിനുമേറ്റ മാരക ക്ഷതത്താല്‍ ശ്വാസം മുട്ടിയുള്ള മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 2012 ഓഗസ്റ്റ് 4 നാണ് സത്‌നാം മരണപ്പെട്ടത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് കൈയ്യും കാലും ബന്ധിച്ച നില യിലാണ് സത്നത്തിനെപേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആത്മീയാന്വേഷകനായാണ് സത്നാം കേരളത്തിലെത്തിയത്. അങ്ങനെ 2012 ജൂലൈ 31ന് അമൃതാനന്ദമയി ആശ്രമത്തില്‍ നിന്ന് യുവാവിനെ പിടികൂടി. ആശ്രമത്തിലെത്തിയ സത്നാംസിങ്ങിനെ അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്ന കാരണത്താല്‍ പോലീസ് അറസ്റ്റ് ചെയ്തു. അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു ഇതില്‍ പ്രധാനം. പിന്നീട് മാനസികരോഗിയാണ് എന്ന സംശയത്താല്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് മര്‍ദ്ദനത്തിനിരയായാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ബോധിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
അന്വേഷണരീതിയും ശരിയായില്ല എന്ന് കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. സത്നാംസിങ്ങിന്റെ ശരീരത്തില്‍ 77 മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവില്‍ പലതും കേബിള്‍, വടി എന്നിവ കൊണ്ടാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിരസ്സിന് പിന്നില്‍ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരകമുറിവുകളാണ് മരണ കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മുറിവുകള്‍ മരണത്തിന് 24 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ സഹോദരന്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ഏകദിന ഉപവാസം നടത്തിയിരുന്നു.
നാലു പേരെ പ്രതികളാക്കി സംഭവത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊല്ലം സ്വദേശി മഞ്ചീഷ്, തിരുവനന്തപുരം സ്വദേശികളായ ബിജു, ദിലീപ്, ആലപ്പുഴ സ്വദേശി ശരത് ചന്ദ്രന്‍ എന്നിവരായിരുന്നു സംഭവത്തിലെ ആദ്യ പ്രതികള്‍. റിപ്പോര്‍ട്ട് പ്രകാരം കേബിള്‍ വയര്‍ കൊണ്ട് ശരീരത്തില്‍ അടിക്കുകയും തല പിടിച്ച് ചുവരില്‍ ഇടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























