ഡോക്ടര്‍ വന്ദനദാസിന്റെ ആഗ്രഹ സാക്ഷാത്കാരത്തിന് ഒരുങ്ങുകയാണ് മാതാപിതാക്കള്‍

സ്വപ്നങ്ങള്‍ ബാക്കിയാക്കി ലോകത്തോട് വിടപറഞ്ഞ ഡോക്ടര്‍ വന്ദനദാസിന്റെ ആഗ്രഹ സാക്ഷാത്കാരത്തിന് ഒരുങ്ങുകയാണ് മാതാപിതാക്കള്‍. മത്സ്യതൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന തൃക്കുന്നപ്പുഴയില്‍ ഒരു ക്ളിനിക് തുങ്ങണമെന്നതും ആഴ്ചയില്‍ രണ്ട് ദിവസം എങ്കിലും ഇവിടെയെത്തി സൗജന്യ ചികിത്സ നല്‍കണമെന്നതും വന്ദന മാതാപിതാക്കളോട് എപ്പോഴും പങ്കുവച്ചിരുന്നു.
2023 മെയ് 10ന് പുലര്‍ച്ചെ 4.50ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി പ്രവര്‍ത്തിക്കേ, വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന സന്ദീപ് എന്ന പ്രതിയുടെ കുത്തേറ്റാണ് വന്ദന മരിച്ചത്. ഏകമകളെ നഷ്ടമായ വേദനയില്‍ നീറുമ്പോഴും അവളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി തൃക്കുന്നപ്പുഴയില്‍ 'ഡോ.വന്ദന ദാസ് മെമ്മോറിയല്‍ ക്ലിനിക്' ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാതാപിതാക്കളായ കെ.ജി.മോഹന്‍ദാസും ടി.വസന്തകുമാരിയും.
തൃക്കുന്നപ്പുഴ വാലയില്കടവില് വസന്തകുമാരിയ്ക്ക് കുടുംബ ഓഹരിയായി ലഭിച്ച സ്ഥലത്താണ് ക്ലിനിക് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം 70 ശതമാനം പൂര്‍ത്തിയായി. ചിങ്ങമാസത്തില്‍ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും ആഗ്രഹമുണ്ട്.
മകളുടെ വിവാഹം മനോഹരമാക്കി നടത്താനായി കരുതിവച്ചിരുന്ന തുക ഉപയോഗിച്ചാണ് ക്ലിനിക് നിര്‍മ്മാണം. പിന്നീട് ഡിസ്പെന്‍സറിയായി ഉയര്‍ത്താനും ആഗ്രഹമുണ്ട്. മകളുടെ പേരിലുള്ള എന്തും ഉയര്‍ന്ന നിലവാരത്തില്‍ ആകണമെന്ന ആഗ്രഹവും ഇവര്‍ പങ്കുവെയ്ക്കുന്നു.
മകള്‍ക്ക് അവധി കിട്ടുമ്പോള്‍ മാത്രമാണ് കുടുംബം ഒന്നിച്ചു തൃക്കുന്നപ്പുഴയില്‍ വന്നിരുന്നത്. വരുമ്പോള്‍ താമസിക്കാനായി ഒരു ചെറിയ ഔട്ട് ഹൗസ് തയ്യാറാക്കിയിരുന്നു. ഇവിടെ എത്തുമ്പോള്‍ വീടിന്റെ വശത്തുള്ള ആറ്റില്‍ ചൂണ്ട ഇടുന്നത് വന്ദനയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഇവിടെ എന്നും ശുദ്ധ വായു ആണെന്ന് പറയുമായിരുന്നെന്നും മാതാവ് വസന്തകുമാരി ഓര്‍ക്കുന്നു. മരണത്തിനു ആറു മാസം മുന്‍പാണ് അവസാനമായി വന്ദന ഇവിടെ എത്തിയത്. അന്നും ക്ളിനിക് തുടങ്ങുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഔട്ട് ഹൗസ് പുതുക്കി പണിതാണ് ക്ലിനിക് ആക്കുന്നത്.
https://www.facebook.com/Malayalivartha

























