പൊട്ടിക്കരയാന്‍ പോലുമാകാതെ... പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താല്‍പര്യത്തിന് മറിയം റഷീദ വഴങ്ങാതിരുന്നതാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ തുടക്കമെന്ന് സിബിഐ കുറ്റപത്രം; ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ സിബി മാത്യൂസ് അറസ്റ്റ് ചെയ്തത് തെളിവില്ലാതെ

പലരേയും കണ്ണീരിലാഴ്ത്തിയ ജീവിതം തകര്‍ത്ത കേസായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം പുറത്ത് വരുമ്പോള്‍ പലര്‍ക്കും പലതും നഷ്ടമായിരുന്നു. എസ്. വിജയന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികതാല്‍പര്യത്തിന് മറിയം റഷീദ എന്ന മാലദ്വീപ് സ്വദേശിനി വഴങ്ങാതിരുന്നതാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ തുടക്കമെന്ന് സിബിഐ കുറ്റപത്രം.
മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്‌തെന്നും പിന്നീട് അതു മറയ്ക്കാനായി കൂടുതല്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിബി മാത്യൂസ്, കെ.കെ.ജോഷ്വ, ആര്‍.ബി.ശ്രീകുമാര്‍, എസ്.വിജയന്‍, പി.എസ്.ജയപ്രകാശ് എന്നിവര്‍ ഗൂഢാലോചന നടത്തി വ്യാജരേഖകള്‍ തയാറാക്കി, അനധികൃത അറസ്റ്റുകള്‍ നടത്തി, ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപ്പെടുത്തുന്നു. മറിയം റഷീദയെ ലൈംഗികമായി പീഡിപ്പിക്കാനും എസ്.വിജയന്‍ ശ്രമിച്ചു.
ഈ നാലു പേരെയും ഐപിസി 120-ബി, 167, 193, 323, 330, 342, 354 വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച കുറ്റപത്രത്തില്‍ കേരള സര്‍ക്കാരിനെതിരെയും സിബിഐ. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ചതില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ചാരക്കേസ് വീണ്ടും അന്വേഷിക്കാനാണ് ഉത്തരവിട്ടത്. എന്നാല്‍ ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.
ഇതിനെതിരെ നമ്പി നാരായണന്‍ സുപ്രീംകോടതിയിലെത്തി. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച കോടതി കേസില്‍ അദ്ദേഹത്തെ കുടുക്കിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി.കെ.ജയിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 2021 മേയില്‍ ഗൂഢാലോചന സംബന്ധിച്ച് കേസെടുത്തത്. കേരളാ പൊലീസിലെ ഏഴ് ഉദ്യോഗസ്ഥരുടെയും 11 ഐബി ഉദ്യോഗസ്ഥരുടെയും പേരിലാണ് കേസ്.
സിബിഐ നടത്തിയ അന്വേഷണത്തില്‍ മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടല്‍ സാമ്രാട്ടില്‍ 1994 സെപ്റ്റംബര്‍ 17 മുതല്‍ താമസിച്ചിരുന്നതായി കണ്ടെത്തി. വീസാ കാലാവധി കഴിയാനിരുന്നതിനാല്‍ പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ എത്തി സ്പെഷല്‍ ബ്രാഞ്ച് സിഐ എസ്.വിജയനെ കണ്ടു. ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റും പാസ്പോര്‍ട്ടും വാങ്ങിവച്ച വിജയന്‍, വീണ്ടും വരാന്‍ മറിയം റഷീദയോടു പറഞ്ഞു. ഒക്ടോബര്‍ 13ന് ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയ വിജയന്‍ ഫൗസിയ ഹസനോടു പുറത്തുപോകാന്‍ പറഞ്ഞു. തുടര്‍ന്ന് മുറിയടച്ച വിജയന്‍ ലൈംഗിക താല്‍പര്യത്തോടെ മറിയം റഷീദയെ സമീപിച്ച് അവരെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ചെറുത്തതോടെ വിജയന്‍ പെട്ടെന്ന് മുറിവിട്ടു പുറത്തുപോയി.
തുടര്‍ന്ന് ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന്, മറിയം റഷീദ ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്തിരുന്ന ഡി. ശശികുമാരന്‍ എന്ന ശാസ്ത്രജ്ഞനെ ഫോണില്‍ ബന്ധപ്പെട്ടതായി വിജയന് വിവരം ലഭിച്ചു. മാലദ്വീപ് സ്വദേശിനി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ വിളിച്ച വിവരം വിജയന്‍ പൊലീസ് കമ്മിഷണര്‍ വി.ആര്‍. രാജീവനെ അറിയിച്ചു. ഇദ്ദേഹം അക്കാര്യം എസ്ഐബി ഡപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍.ബി. ശ്രീകുമാറിനെയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐബി ഉദ്യോഗസ്ഥരായ എം.ജെ.പുന്നനും ജി.എസ്.നായരും മറിയം റഷീദയും ഫൗസിയ ഹസനും താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഫൗസിയ ഹസന്‍ ഒക്ടോബര്‍ 19-ന് ഹോട്ടല്‍ വിട്ട് ബെംഗളൂരുവിലേക്കു പോയി. എന്നാല്‍ വിജയന്‍ പാസ്പോര്‍ട്ട് പിടിച്ചുവച്ചിരുന്നതിനാല്‍ മറിയം റഷീദയ്ക്ക് തിരുവനന്തപുരത്തു നിന്ന് ശ്രീലങ്കയിലേക്കു പോകാന്‍ കഴിഞ്ഞില്ല. രേഖകള്‍ മടക്കിക്കിട്ടാന്‍ പല തവണ ഓഫിസില്‍ എത്തിയെങ്കിലും വിജയന്‍ ഇല്ലെന്ന മറുപടിയാണ് അവര്‍ക്കു കിട്ടിയത്. 20 ന് അവര്‍ ഹോട്ടല്‍ വിട്ട് അവര്‍ക്കു പരിചയമുള്ളവര്‍ താമസിക്കുന്ന വീട്ടിലേക്കു മാറി.
വീസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ താമസിച്ച കുറ്റത്തിന് മറിയം റഷീദയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 20 ന് അവരെ എസ്.വിജയന്‍ ഓഫിസിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. ഇതോടെ, മറിയം റഷീദ ശശികുമാരനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും പിഎസ്എല്‍വിയുടെ വിവരങ്ങള്‍ കൈമാറിയെന്നുമുള്ള തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. മറിയത്തിനെ ചാരക്കേസില്‍ കുടുക്കാന്‍ എസ്.വിജയന്‍ മാധ്യമങ്ങള്‍ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
"
https://www.facebook.com/Malayalivartha

























