അതിശക്തമായ വാക്ക് തർക്കങ്ങളാണ് നടന്നത്...കെകെ ശൈലജ നിയമസഭയിൽ സംസാരിക്കുന്നതിനിടെ സ്പീക്കർ എഎൻ ഷംസീർ ഇടപെട്ടു..പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെളിവുകൾ സഹിതം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്...

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ സഭ നടക്കുമ്പോൾ അതിശക്തമായ വാക്ക് തർക്കങ്ങളാണ് നടന്നത് . പല കാര്യങ്ങളിലും ആരോപണം ഉന്നയിച്ചു കൊണ്ട് പ്രതിപക്ഷവും അതിനെയെല്ലാം പ്രതിരോധിച്ചു കൊണ്ട് ഭരണപക്ഷവും രംഗത്തുണ്ടായിരുന്നു. അതിനിടയിൽ മുൻമന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ നിയമസഭയിൽ സംസാരിക്കുന്നതിനിടെ സ്പീക്കർ എഎൻ ഷംസീർ ഇടപെട്ടു എന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി സംസാരിച്ച കെകെ ശൈലജയോട് വാക്കുകൾ നിയന്ത്രിക്കാൻ എഎൻ ഷംസീർ ആവശ്യപ്പെട്ടുവെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ഫേസ്ബുക് പേജിലാണ് ഈ പരാമർശം വന്നിരിക്കുന്നത്.
അതിൽ സ്പീക്കറായിട്ടുള്ള എ എൻ ഷംസീറിനെ കുറ്റപ്പെടുത്തി കൊണ്ടാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെളിവുകൾ സഹിതം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ് . കെകെ ശൈലജയ്ക്ക് അനുവദിച്ച 13 മിനിറ്റ് സമയം അവസാനിച്ചപ്പോൾ പ്രസംഗം ചുരുക്കാനാണ് സ്പീക്കർ ആവശ്യപ്പെട്ടത്. കേരള നിയമസഭയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ സഭാ ടിവിയിൽ നിന്നും വീഡിയോയുടെ പൂർണ രൂപം കിടക്കുന്നുണ്ട്. 2024 ജൂലൈ 9ന് നിയമസഭയിൽ നടന്ന ധനവിനിയോഗ ബില്ലിന്റെ ചർച്ചയുടെ വീഡിയോയാണിത്. വീഡിയോയിൽ സമയവും രേഖപ്പെടുത്തിയിട്ടുണ്ട്.ഉച്ചയ്ക്ക് 12.47നാണ് സ്പീക്കർ എഎൻ ഷംസീർ കെകെ ശൈലജയ്ക്ക് സംസാരിക്കാൻ 13 മിനിറ്റ് സമയം അനുവദിക്കുന്നത്. ധനാഭ്യാർത്ഥനകളെ പിൻതാങ്ങി പ്രസംഗം ആരംഭിച്ച ഷൈലജ അവസാന ഭാഗത്ത് കോൺഗ്രസിനെ വിമർശിക്കുന്നുണ്ട്.
സമയം 1 മണിയായപ്പോൾ സ്പീക്കർ ബെൽ മുഴക്കുകയും സമയം അവസാനിച്ചു എന്നറിയിക്കാൻ 'യെസ്, പ്ലീസ്' എന്നീ വാക്കുകൾ ഉപയോഗിക്കുന്നതായും കാണാം.സ്പീക്കർ സമയം അവസാനിച്ചു എന്ന സൂചന നൽകിയ ശേഷം 'ഒറ്റൊരു മിനിറ്റ് സർ' എന്ന് പറഞ്ഞാണ് കെകെ ശൈലജ പ്രസംഗം തുടരുന്നത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കാൻ യുഡിഎഫിനും എൽഡിഎഫിനും കഴിയണമെന്നും വടകരയിൽ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐയ്ക്കും സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ലെന്നും കെകെ ശൈലജ പറയുന്നുണ്ട്. ഇതിനിടെ പ്രതിപക്ഷത്ത് നിന്നും ബഹളമുണ്ടാകുന്നു.
ഈ അവസരത്തിലാണ് സ്പീക്കർ എഎൻ ഷംസീർ "ടീച്ചർ സംസാരിച്ച് അത് കൺക്ലൂഡ് ചെയ്യ്, ടീച്ചർ കൺക്ലൂഡ് ചെയ്യ്" എന്ന് പറയുന്നത്. തുടർന്നും പതിമൂന്നര മിനിറ്റായി എന്നും പ്ലീസ് എന്നും സ്പീക്കർ പറയുന്നുണ്ട്.സമയം 1 മണിയും 3 മിനുറ്റും ആകുന്നത് വരെ കെകെ ശൈലജ സംസാരിക്കുന്നതായും വീഡിയോയിലുണ്ട്.സ്പീക്കർ "കൺട്രോൾ" എന്നല്ല പറഞ്ഞതെന്നും "കൺക്ലൂഡ്" എന്നാണ് പറഞ്ഞതെന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്.
https://www.facebook.com/Malayalivartha

























