പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയ്ക്കാണ് പരിഹാരമായത്. മന്ത്രി വി ശിവന്‍കുട്ടി നിയമ സഭയില്‍ ഇന്ന് പ്രത്യേക പ്രസ്താവന നടത്തിയിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മാത്രം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്.
നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.പൊതു വിദ്യാലയങ്ങള്‍ മാത്രമാണ് താല്‍ക്കാലിക ബാച്ച് അനുവദിച്ചത്. മലപ്പുറം ജില്ലയില്‍ 120 ഉം ,കാസര്‍കോട് പതിനെട്ടും താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സര്‍ക്കാര്‍ സ്കൂളുകളിലായി 120 ബാച്ചുകളും കാസര്‍ഗോഡ് 18 സര്‍ക്കാര്‍ സ്കൂളുകളിലായി 18 ബാച്ചും ആണ് അനുവദിച്ചത്.
മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതില്‍ സയന്‍സ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്സിന് 61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. കാസര്‍കോട് ഒരു സയന്‍സ് ബാച്ച് അനുവദിക്കപ്പെട്ടിട്ടുണ്ട്. 13 കൊമേഴ്സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്. പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ 14 കോടിയിലധികം രൂപയുടെ ബാധ്യത ഒരു വര്‍ഷം സര്‍ക്കാറിന് ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ''എന്നാല്‍ മലപ്പുറം ,കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമുള്ള താല്‍ക്കാലിക ബാച്ചുകള്‍ പ്രശ്നപരിഹാരം ആകുന്നില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സഭയില്‍ പറഞ്ഞു.
പാലക്കാട്, കോഴിക്കോട് ജില്ലകളുടെ സീറ്റ് ക്ഷാമത്തിന് പുതിയ ബാച്ചുകള്‍ അനുവദിച്ച പരിഹാരമാവുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വണ്‍ പ്രവേശനം ജൂലൈ എട്ടിന് ആരംഭിച്ചിരുന്നു. 30,245 വിദ്യാര്‍ഥികളാണ് ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം നേടിയത്.
https://www.facebook.com/Malayalivartha

























