ഇടുക്കി ആർച്ച് ഡാമിന് സമീപത്ത് കൂറ്റൻപാറ അടർന്നു വീണു; അപകടകരമായ പാറകൾ മാറ്റുന്നതുൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്ക് അധികൃതർ മുൻകൈ എടുക്കണമെന്ന് പ്രദേശവാസികൾ...

ചെറുതോണിയി ഇടുക്കി ആർച്ച് ഡാമിന് സമീപത്ത് കൂറ്റൻപാറ അടർന്നുവീണു. ഡാമിന്റെ ഗേറ്റിന് സമീപത്ത് കുറത്തി മലയിൽ നിന്നുമാണ് പുലർച്ചെ കൂറ്റൻപാറ അടർന്നു വീണത്. പാറ വന്നു പതിച്ച് ഡാമിന്റെ പ്രവേശന കവാടത്തിനും കേടുപാടുകൾ സംഭവിച്ചു. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചു മണിയോടെയാണ് കുറത്തി മലയിൽ നിന്നും കൂറ്റൻ പാറ അടർന്നുവീണത്. ഡാമിന്റെ കിഴക്ക് ഭാഗത്തെ ഗേറ്റിൽ മുമ്പിൽ വന്നു പതിച്ച പാറ പൊട്ടി തെറിച്ച് ഒരു ഭാഗം ഗേറ്റിന്റെ ഭിത്തിയിൽ ഇടിച്ച് താഴേക്ക് വീണു.
പുലർച്ചെ ആയതിനാൽ സമീപത്ത് മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഡാമിൽ സന്ദർശനമുള്ള സമയത്തും മറ്റുദിവസങ്ങളിലും ദൂരെനിന്നുള്ള സന്ദർശകരുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പതിവായി ഇവിടെ കാണാറുണ്ട്. പാറ വീഴ്ച സമീപവാസികൾക്കും വലിയ ഭീഷണിയായിട്ടുണ്ട്.സമീപത്ത് നിരവധി വീടുകളുണ്ട്. മുകൾഭാഗത്ത് അപകടകരമായ വിധത്തിൽ കൂടുതൽ പാറകൾ ഉണ്ടെന്നും ഇവ പൊട്ടിച്ചു മാറ്റുന്നതുൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്ക് അധികൃതർ മുൻകൈയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
വിള്ളലുള്ള പാറക്കഷണങ്ങൾ മഴപെയ്ത് അടിഭാഗത്തെ മണ്ണൊലിച്ചുപോയതിനെ തുടർന്ന് അടർന്ന് താഴേക്ക് പതിക്കാറുണ്ടെന്ന് ഇടുക്കി ഡാം സുരക്ഷാ വിഭാഗം ജീവനക്കാർ പറഞ്ഞു. കുറത്തിമലയിൽനിന്ന് മുമ്പ് പാറ അടർന്ന് അണക്കെട്ടിൻറെ അടിഭാഗത്ത് സ്ഥിതിചെയ്യുന്ന സുരക്ഷാജീവനക്കാരുടെ ക്വാർട്ടേഴ്സിന് കേടുസംഭവിച്ചിരുന്നു. കുറത്തിമലയുടെ അടിവാരം ജനവാസമേഖലയാണ്. ഡാം ടോപ്പിൽ സദാ സമയവും വാഹനങ്ങളും സന്ദർശകരുമുണ്ട്. ഇവർക്കെല്ലാം പാറക്കൂട്ടം ഭീഷണിയാണ്. അണക്കെട്ടിന് സമീപത്തെ വൈശാലിമലയിൽനിന്ന് 2013 ജൂലായ് 15-ന് ഇത്തരത്തിൽ കൂറ്റൻപാറ അടർന്ന് ചെറുതോണിയാറ്റിൽ പതിച്ചിരുന്നു.
ആറുവർഷംമുമ്പ് സമാനമായ രീതിയിൽ കുറവൻ-കുറത്തി മലകളിൽനിന്ന് പാറക്കഷണങ്ങൾ അടർന്നുവീണിരുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടുകളുടെ സമീപപ്രദേശങ്ങളിൽ നിരവധി വമ്പൻ പാറക്കെട്ടുകളുണ്ട്. ഇവയിൽനിന്നെല്ലാം പലപ്പോഴും ചെറുതുംവലുതുമായ പാറകൾ അടർന്നുവീഴാറുണ്ട്. മുകൾഭാഗത്ത് അപകടകരമായ വിധത്തിൽ കൂടുതൽ പാറകളുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ശേഷി സംബന്ധിച്ച കേസിൽ സുപ്രീം കോടതിയിൽ വീണ്ടും തമിഴ്നാട് സർക്കാർ ഹർജി നൽകി. അണക്കെട്ട് സുരക്ഷാ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാറിലെ അറ്റകുറ്റപ്പണികൾ നിശ്ചിത കാലയളവിനുള്ളിൽ നടത്താൻ പുനഃസംഘടിപ്പിച്ച ഡാം സുരക്ഷാ നിരീക്ഷണ സമിതിക്ക് ഉത്തരവിടണം എന്നാണ് ഹർജി. അതുപോലെ, മുല്ലപ്പെരിയാർ അണക്കെട്ടിനെ ശക്തിപ്പെടുത്തുന്നതിന് മുടങ്ങിക്കിടക്കുന്ന അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ സഹകരിക്കാൻ കേരളത്തോട് ഉത്തരവിടണം എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബേബി ഡാം ബലപ്പെടുത്തൽ, മുല്ലപ്പെരിയാർ പ്രധാന അണക്കെട്ടിൻ്റെ സിമൻ്റിങ്, അണക്കെട്ടിലെ ഇടതുവശത്തെ ഓവർഫ്ലോ സ്ലൂയിസിൻ്റെ അറ്റകുറ്റപ്പണികൾ, ഭൂകമ്പങ്ങൾ കണ്ടെത്തുന്നതിനുള്ള "സീസ്മിക്" ഉപകരണങ്ങൾ സ്ഥാപിക്കൽ, പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സഹകരിക്കൽ എന്നിവയ്ക്ക് തമിഴ്നാടിന് ഉചിതമായ അനുമതി നൽകണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് വരുന്ന വെള്ളം കണ്ടെത്താൻ കേരള സർക്കാർ ഉപകരണം സ്ഥാപിക്കണമെന്നും മുല്ലപ്പെരിയാറിൽ പുതിയ ബോട്ടുകൾ ഉപയോഗിക്കാനും നവീകരിക്കാനും തമിഴ്‌നാട് സർക്കാരിന് അനുമതി നൽകണമെന്നായിരുന്നു തമിഴ്‌നാട് സർക്കാരിൻ്റെ പ്രധാന ഹർജി.
https://www.facebook.com/Malayalivartha

























