കേരളത്തെ എല്ലാ രംഗത്തും കുട്ടിച്ചോറാക്കിയ കമ്യൂണിസ്റ്റുകാര്‍ക്ക് വിഴിഞ്ഞത്തെ കപ്പല്‍ കണ്ട് പൂതി; പിണറായി സര്‍ക്കാരിന്റെ മഹത്തായ നേട്ടമായി നാടെങ്ങും കപ്പല്‍ കാണിച്ചും പരസ്യമിറക്കിയും സര്‍ക്കാര്‍ വീമ്പിളക്കുകയാണ്; കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി നടത്തിയതും നീക്കിയതുമൊക്കെ വെട്ടിനിരത്തിക്കൊണ്ടാണ് സഖാവ് പിണറായി വിജയന് പാര്‍ട്ടി കുഴലൂതുന്നത്

കേരളത്തെ എല്ലാ രംഗത്തും കുട്ടിച്ചോറാക്കിയ കമ്യൂണിസ്റ്റുകാര്‍ക്ക് വിഴിഞ്ഞത്തെ കപ്പല്‍ കണ്ട് പൂതി കയറിപോലും. പിണറായി സര്‍ക്കാരിന്റെ മഹത്തായ നേട്ടമായി നാടെങ്ങും കപ്പല്‍ കാണിച്ചും പരസ്യമിറക്കിയും സര്‍ക്കാര്‍ വീമ്പിളക്കുകയാണ്. കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി നടത്തിയതും നീക്കിയതുമൊക്കെ വെട്ടിനിരത്തിക്കൊണ്ടാണ് സഖാവ് പിണറായി വിജയന് പാര്‍ട്ടി കുഴലൂതുന്നത്. കപ്പല്‍ കണ്ട് ആയിരക്കണക്കിന് സഖാക്കള്‍ക്കൊപ്പം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും രോമാഞ്ചം കൊള്ളുകയാണ്. അവിടെ മൈക്ക് കേടാകാതിരുന്നത് മൈക്ക് ഓപ്പറേറ്ററുടെ മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി.
വിഴിഞ്ഞ തുറമുഖം ഉദ്ഘാടനം ചെയ്ത ചടങ്ങിലും കാരണഭൂതന്‍ എന്തോ കട്ടക്കലിപ്പിലായിരുന്നു. വിജയവഴിയില്‍ കപ്പല്‍ വന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത സഖാവ് പിണറായി ഇവിടത്തെ സര്‍ക്കാര്‍ ബസുകളുടെയും ബോട്ടുകളുടെയുമൊക്കെ ശോച്യാവസ്ഥ മറന്നുതുപോലെ തോന്നുന്നു. വിഴിഞ്ഞത്ത് കപ്പലടുത്താല്‍ അതിന്റെ നേട്ടം മറ്റാര്‍ക്കുമല്ല കോടീശ്വരന്‍ അദാനിക്കു മാത്രമാണ്. കുത്തക മുതലാളിക്ക് പരവതാനി വിരിക്കാന്‍ വിഴിഞ്ഞത്ത് പാര്‍ട്ടി സഖാക്കള്‍ ക്ക് യാതൊരു മാനക്കേടും തോന്നിയതില്ല.
തുറമുഖത്ത് ചുമടെടുക്കാന്‍ കുറെ സഖാക്കള്‍ക്ക് പണി കിട്ടും, ഒപ്പം അവിടെയൊരു സിഐടിയു കൊടി നാട്ടാം എന്നാണ് പാര്‍ട്ടിക്കാരുടെ വിചാരം. തുറമുഖത്ത് തെമ്മാടിത്തരം കാണിക്കാനൊന്നും സഖാക്കളെ അദാനി അനുവദിക്കില്ലെന്നും അടിച്ചു പുറത്താക്കുമെന്നും സഖാക്കള്‍ക്ക് അറിയില്ല. മുന്‍പായിരുന്നെങ്കില്‍ തൊഴിലാളി സഖാക്കള്‍ കൂലിത്തര്‍ക്കത്തിന്റെ പേരില്‍ വിഴിഞ്ഞത്ത് കപ്പലിനു നേരേ കല്ലെറിയുമായിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളുടെ കാവല്‍ കേന്ദ്രപോലീസിനായിരുന്നില്ലെങ്കില്‍ ഇതേ സഖാക്കള്‍ വിമാനത്താവളങ്ങളില്‍ അതിക്രമിച്ചു കയറി വിമാനംപോലും അടിച്ചുപൊളിച്ചു കളഞ്ഞേനേ.
കേരളത്തിലെ നെല്‍വയലുകളില്‍ ട്രാക്ടര്‍ വന്നപ്പോഴും ഓഫീസുകളില്‍ കംപ്യൂട്ടര്‍ വന്നപ്പോഴും അടിച്ചുപൊളിച്ച പാരമ്പര്യമുള്ള സിപിഎം പറയുകയാണ് വിഴിഞ്ഞം ഞങ്ങളുടെ മഹത്തായ നേട്ടമാണെന്ന്. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളിലേറെയും കൊടിപൊക്കി സമരം നടത്തി അടിച്ചുപൊളിച്ച പാരമ്പര്യമുള്ള സഖാക്കള്‍ പറയുന്നു വിഴിഞ്ഞം തുറമുഖം ഞങ്ങളുടെ നേട്ടമാമെന്ന്. സിപിഎം ഗുണ്ടകളെയും തൊഴിലാളി സഖാക്കളെയും ഭയന്ന് കേരളത്തിലേക്ക് ഒരു വ്യവസായി പോലും ഇക്കാലത്ത് തിരിഞ്ഞുനോക്കില്ല. കേരളത്തില്‍ പണം മുടക്കാന്‍ ഒരു വ്യവാസി പോലും തയാറല്ല. മുതല്‍ മുടക്കിയാല്‍തന്നെ രക്ഷപ്പെടുകയുമില്ല. കേരളത്തില്‍ പ്രസ്ഥാനം തുടങ്ങിയാല്‍ സഖാക്കള്‍ അവിടം കുട്ടിച്ചോറാക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ബാക്കിയുണ്ട്.
കിറ്റക്‌സ് സാബുവും ഈസ്‌റ്റേണ്‍ കറിപൗഡര്‍ മാരാനും വി ഗാര്‍ഡുമൊക്കെ കേരളം വിടാന്‍ കാരണം ഇവിടത്തെ സഖാക്കളെ സഹിക്കാന്‍ പറ്റാതെയും സിപിഎം നേതാക്കള്‍ക്ക് പിരിവുകൊടുത്തു മടുത്തുമാണ്. കേരളത്തില്‍ നെല്ലും പാടവും അരിയും ഇല്ലാതാക്കിയത് കൊടി പൊക്കിയ സഖാക്കളുടെ നീതി കെട്ട സമരം കൊണ്ടാണ്. കേരളത്തില്‍ ഇരുപത്തിയയ്യായിരം തൊഴിലാളികള്‍ക്ക് പണവും തീറ്റയും കൊടുത്ത കായല്‍രാജാവ് മുരിക്കന്‍ ഔസേപ്പിനെ കെട്ടുകെട്ടിച്ച് നാടുകടത്തിയതും പാര്‍ട്ടിയാണ്. കായല്‍രാജാവിന്റെ റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍പ്പാടങ്ങള്‍ മിച്ചഭൂമിയുടെ പേരില്‍ വെട്ടിപ്പിടിച്ച് സഖാക്കള്‍ക്ക് വീതിച്ചു കൊടുത്ത പ്രസ്ഥാനമാണ് കമ്യൂണിസം. ആ കായല്‍ശേഖരം പില്‍ക്കാലത്ത് കാടുകയറി ആര്‍ക്കും വേണ്ടാതെ നശിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോള്‍ കാരണഭൂതന്‍ പിണറായി സഖാവ് പറയുന്നു കേരളത്തിലെ വികസനത്തിന്റെ മൊത്തമുതലാളിമാര്‍ ഇടതു സര്‍ക്കാരും സിപിഎംകാരുമാണെന്ന്. കെ റെയില്‍ ഉള്‍പ്പെടെ വന്‍വികസനം നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് കാരണഭൂതന്‍. കേരളത്തില്‍ സ്വന്തം പണം മുടക്കി പാവപ്പെട്ടവര്‍ ഒരു മാടക്കട തുടങ്ങിയാല്‍ അത് ചുട്ടുകരിക്കുന്ന പാരമ്പര്യമാണ് സഖാക്കളുടേത്. തടി വലിക്കുന്നത് ആനയാണെങ്കിലും വൈകുന്നേരം നോക്കുകൂലി വാങ്ങുന്ന പാര്‍ട്ടി സഖാക്കളുടെ ധിക്കാരം കേരളം എല്ലാക്കാലത്തും എല്ലായിടത്തും കണ്ടുകൊണ്ടിരിക്കുന്നതാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ കെട്ടിപ്പൊക്കിയത് സഖാക്കളും കമ്യൂണിസ്റ്റുകളുമാണെന്ന് ഇപ്പോഴും പാര്‍ട്ടിക്കാര്‍ അവകാശപ്പെടുന്നു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെല്ലാം ഈയിടെ കൊള്ളയടിച്ചു മുടിച്ച കഥകളും ഇപ്പോള്‍ കേരളം അറിയുന്നുണ്ട്.വിഴിഞ്ഞത്ത് കപ്പല്‍ വന്നാല്‍ കപ്പലില്‍ വരുന്നത് റേഷനരിയും ഗോതമ്പും പിണ്ണാക്കുമൊക്കെയാണെന്ന് ധരിച്ചിരിക്കുന്ന കുറെ സഖാക്കളുണ്ട്. കുത്തക മുതലാളിമാരുടെയും വന്‍വ്യവസായികളുടെയും വ്യവസായ ഉത്പന്നങ്ങളാണ് കടല്‍ കടന്നുവരുന്നതെന്ന് തിരിച്ചറിയാനുള്ള ശരാശരി ബുദ്ധിപോലും സഖാക്കള്‍ക്കില്ല.
വിവിധ രാജ്യങ്ങളില്‍ നിന്ന് റബറും കുരുമുളകും തേയിലയും കാപ്പിയുമൊക്കെ കപ്പലില്‍ വരുമ്പോള്‍ ഇവിടത്തെ ഉത്പന്നങ്ങളുടെ വില ഓരോ ദിവസവും ഇടിഞ്ഞുവീഴുമെന്ന തിരിച്ചറിവൊന്നും സഖാക്കള്‍ക്കില്ല. കപ്പലും വിമാനത്താവളവുമൊക്കെ ഇനിയും വരട്ടെ. പക്ഷെ ഇന്നലെകളില്‍ കേരളത്തിന്റെ വികസനം മുടിച്ചു തേച്ചുകഴുകിയതില്‍ സിപിഎം സഖാക്കളുടെ പങ്കാളിത്തം ഒരാള്‍ക്കും തള്ളിപ്പറയാനില്ല. ചെറിയൊരു പ്രസ്ഥാനം തുടങ്ങിയാല്‍പോലും അവിടെ തൊഴില്‍ സമരവും ഗുണ്ടായിസവുമായി ഓടിയെത്തുന്ന യൂണിയനുകളുടെ കൊടുംചെയ്തികള്‍ ആര്‍ക്കാണ് മറക്കാനാവുക.
https://www.facebook.com/Malayalivartha

























