മാന്നാർ കല കൊലപാതകത്തിൽ പ്രതിഭാഗം അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു; കുറ്റവാളികൾ ആരായാലും രക്ഷപെടാൻ അനുവദിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ...

മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ വീട് സന്ദർശിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം നിഷ്പക്ഷവും നീതിപൂർവവുമാണെന്നും, സർക്കാരും പാർട്ടിയും കലയുടെ കുടുബത്തോടോപ്പമാണെന്നും പ്രതികരിച്ചിരുന്നു. തുടർന്ന് പ്രതികളുടെ കേസ് വാദിക്കുന്നതിനായി വക്കാലത്ത് ഏറ്റെടുത്ത പാർട്ടിക്കാരനായ വക്കീലിനോട് വക്കാലത്ത് ഒഴിയണമെന്ന് പാർട്ടി നിർദ്ദേശിച്ചതായി മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടാണ് നിലവിൽ പുറത്ത് വരുന്നത്. മാന്നാർ കല കൊലപാതകക്കേസിൽ പ്രതിഭാഗം അഭിഭാഷകൻ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞു. ബുധനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് അഡ്വ സുരേഷ് മത്തായി.
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ അതിഗൗരവമായാണ് കേസ് അന്വേഷിക്കുന്നത്. കുറ്റവാളികൾ ആരായാലും രക്ഷപെടാൻ അനുവദിക്കില്ലന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ വ്യക്തമായ നിർദ്ദേശം പൊലീസിന് നൽകിയിട്ടുണ്ടന്നും സജി ചെറിയാൻ പ്രതികരിക്കുകയായിരുന്നു. അതിനിടെ ഒന്നാംപ്രതി അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
ഒന്നാം പ്രതിക്കായി ഇന്റർ പോൾ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി പ്രതിയുടെ അറസ്റ്റ് വാറണ്ട് വിവരങ്ങൾ നോഡൽ ഏജൻസിയായ സിബിഐക്ക് കൈമാറി. അനിലിനെ എത്രയും വേഗം നാട്ടിൽ എത്തിച്ചെങ്കിൽ മാത്രമേ കേസ് അന്വേഷണത്തിലെ നിർണായക വിവരങ്ങൾ ലഭ്യമാകൂ. കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷികൾ രംഗത്തെത്തിയിരുന്നു. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നതായി മാന്നാർ സ്വദേശിയായ സോമൻ വെളിപ്പെടുത്തി. കേസിലെ സാക്ഷി സുരേഷ് കുമാർ കൊലപാതകത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി മുരളീധരൻ എന്നയാളും പറയുന്നു. എന്നാൽ കൊലപാതക വിവരം അറിഞ്ഞിട്ടും ഇവർ എന്തുകൊണ്ട് ഇത്രയും കാലം മറച്ചു വെച്ചുവെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ സത്യാവസ്ഥ എന്തെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
15 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്തെത്തുന്നത് കേസ് അന്വേഷണത്തില്‍ ഗുണം ചെയ്യുമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. കലയുടെ മൃതദേഹവുമായി മൂന്ന് പേര്‍ തന്നെ സമീപിച്ചെന്നും ഒപ്പം കേസിലെ പ്രതികളായ ജിനുവും പ്രമോദും ഉണ്ടായിരുന്നതായും മാന്നാര്‍ സ്വദേശി സോമന്‍ പറയുന്നു. മുരളീധരനും സോമനും എസ്എന്‍ഡിപിയുടെ മുന്‍ പ്രസിഡന്റുമാരാണ്. മാന്നാര്‍ എസ്എന്‍ഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കിയതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
അതിനാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, കേസില്‍ തുമ്പുണ്ടാക്കാന്‍ തലങ്ങും വിലങ്ങും അന്വേഷണം നടത്തുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha

























