കപ്രശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചതിന് പിന്നില്‍ മൊബൈല്‍ ഫോണ്‍ ഗെയിമാണെന്ന് സൂചന

ചെങ്ങമനാട് കപ്രശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചതിന് പിന്നില്‍ മൊബൈല്‍ ഫോണ്‍ ഗെയിമാണെന്ന് സൂചന. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. മൊബൈല്‍ ഫോണ്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന് ആഗ്നല്‍ ജെയ്മിയെയാണ് (15)വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ സമയം മുറി അടച്ചിട്ടിരുന്നതിനെ തുടര്‍ന്ന് പിതാവ് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി വായില്‍ സെല്ലോ ടേപ്പും പതിച്ചിരുന്നു. മഴക്കോട്ടും ധരിച്ചിരുന്നു. ഇതാണ് ഓണ്‍ലൈന്‍ ഗെയിം 'ടാസ്കി'ന്റെ ഭാഗമായി തൂങ്ങിയതാകാമെന്ന സംശയത്തിന് കാരണം.
കപ്രശേരി ഐ.എച്ച്.ആര്.ഡി സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ആഗ്നല്‍ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുംവരെ സന്തോഷവാനായിരുന്നെന്ന് അദ്ധ്യാപകരും സഹപാഠികളും പറഞ്ഞു. വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുകളിലത്തെ നിലയിലെ മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. പിതാവ് മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന സമയവും മൊബൈല്‍ ഫോണിലെ ഓണ്‍ലൈന്‍ ഗെയിം ഓണ്‍ ആയിരുന്നു. മാതാവ് ജിനിയുടെ ഫോണാണ് കുട്ടി ഉപയോഗിക്കുന്നത്. ഇതില്‍ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് വൈകിട്ട് കപ്രശേരി ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
https://www.facebook.com/Malayalivartha

























