ഞെട്ടിത്തരിച്ച് സിപിഎം... പിഎസ്‌സി കോഴ വിവാദത്തില്‍ പരാതി നല്‍കിയ ആളിനെ പൊതുജന മധ്യത്തിലെത്തിച്ച് പ്രമോദ് കോട്ടൂളി; ആര്, ആര്‍ക്ക് പണം നല്‍കി? ഇന്ന് പരാതി നല്‍കും; 22 ലക്ഷം ആര് വാങ്ങി? കൊടുത്തതാര്? ശ്രീജിത്തിന്റെ വീടിനുമുന്നില്‍ സമരം തുടങ്ങി പ്രമോദ് കോട്ടൂളി

പിഎസ്സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സംഭവം കൈവിട്ട അവസ്ഥയിലാണ്. സിപിഎം പുറത്താക്കിയ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി ഇന്ന് പൊലീസില്‍ പരാതി നല്‍കും. തനിക്ക് എതിരായ കോഴ ആരോപണത്തില്‍ ആര്, ആര്‍ക്ക് പണം നല്‍കി എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസ് അടക്കമുള്ള ഏജന്‍സികള്‍ക്ക് പരാതി നല്‍കുക.
അതേസമയം, അഴിമതി ആരോപണത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും പ്രമോദിന്റെ അടുത്ത നീക്കത്തില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. ഇന്നലെ പാര്‍ട്ടിക്ക് പരാതി നല്‍കിയ ശ്രീജിത്തിന്റെ വീടിന് മുന്നില്‍ കുടുംബത്തെ കൂട്ടി നടത്തിയ പ്രതിഷേധം പാര്‍ട്ടി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. പ്രമോദിനെ തള്ളി പറഞ്ഞു കൂടുതല്‍ നേതാക്കള്‍ രംഗത്ത് വരാനും സാധ്യത ഉണ്ട്. പ്രമോദിന് സ്വാധീനമുള്ള കോട്ടൂളി മേഖലയില്‍ പ്രവര്‍ത്തകരുടെ അകല്‍ച്ച ഇല്ലാതാക്കാനുള്ള നീക്കവും സിപിഎം ജില്ലാ നേതൃത്വം നടത്തും. ആര് ആര്‍ക്ക് പണം നല്‍കി എന്നതില്‍ വ്യക്തത വരുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രമോദിന്റെ തീരുമാനം.
അതേസമയം പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കാനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഭിന്നാഭിപ്രായം. പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായത്തിലാണ് തര്‍ക്കമുണ്ടായത്.പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ് ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്യുന്നത്.
പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭിപ്രായം പറയണമെന്നുമാണ് മറുവിഭാഗത്തിന്റെ ആവശ്യം.
പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന വിവാദത്തില്‍ കുടുങ്ങിയ മുന്‍ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടൂളി പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിനുമുന്നില്‍ സമരം തുടങ്ങിയതോടെ സംഭം മറ്റൊരു വിവാദത്തിലായി. ഇതോടെ ശ്രീജിത്തിന്റെ വീടിന് പൊലീസ് സുരക്ഷയേര്‍പ്പെടുത്തി. അമ്മയ്ക്കും മക്കള്‍ക്കുമൊപ്പമാണ് പ്രമോദ് സമരമിരിക്കുന്നത്. അഭിഭാഷകരുമായി സംസാരിച്ച് നാളെയും മറ്റന്നാളുമായി പൊലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും പരാതി നല്‍കുമെന്നും പ്രമോദ് പറഞ്ഞു.
താനും തന്റെ കുടുംബവും സ്‌നേഹിതരും മാത്രമാണ് ഇപ്പോള്‍ ഉത്തരം പറയേണ്ടതായി വന്നത്. ഇക്കാര്യം തന്റെ അമ്മയെ മാത്രമാണു ബോധ്യപ്പെടുത്തേണ്ടത്. ഞാന്‍ 22 ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ തെളിവുതരണം. ഗൂഢാലോചന നടത്തിയത് ആരാണ്. 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അതാരാണ്? ആരു കൊടുത്തു? എപ്പോള്‍ വാങ്ങി തുടങ്ങിയ കാര്യങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനായാണു പരാതിക്കാരന്റെ വീടിനുമുന്നില്‍ സമരം ചെയ്യുന്നതെന്നും പ്രമോദ് പറഞ്ഞു. വീട്ടില്‍ ശ്രീജിത്ത് ഇല്ലെന്നാണ് വിവരം.
അതേസമയം, പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റി വാര്‍ത്താക്കുറിപ്പിറക്കി. പാര്‍ട്ടി ഭരണഘടനയ്ക്ക് നിരക്കാത്ത അച്ചടക്ക ലംഘനം പ്രമോദ് കോട്ടൂളിയുടെ ഭാഗത്തുനിന്നുണ്ടായെന്നും അത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നുമാണു വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഏതുതരത്തിലുള്ള അച്ചടക്കലംഘനമെന്നു സിപിഎം വിശദീകരിച്ചിട്ടില്ല.
ഞാന്‍ കോഴ വാങ്ങിയെന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ആരോപണം. ഞാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയെന്നാണ് പറയുന്നത്. കോഴിക്കോട് നഗരത്തില്‍ ഞാന്‍ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ അത് ഈ പറയുന്നവര്‍ എന്നെ ബോദ്ധ്യപ്പെടുത്തണം. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എന്റെ അമ്മയെ ബോദ്ധ്യപ്പെടുത്തണം. മകനായതിനുശേഷമാണ് ഞാന്‍ സഖാവായത്. 22 ലക്ഷം രൂപ കോഴ ഞാന്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ തെളിവുതരണം. എന്നെ ഇതിനകത്തുകൊണ്ടുപോയി ഗൂഢാലോചന നടത്തിയത് ആരാണ്. 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അതാരാണ്? ആരു കൊടുത്തു? എപ്പോള്‍ വാങ്ങി തുടങ്ങിയ കാര്യങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം എന്നും പ്രമോദ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























