തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊര്‍ജിതമാക്കുന്നു... മാന്‍ഹോള്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തി

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊര്‍ജിതം. തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചില്‍ 25 മണിക്കൂര്‍ പിന്നിട്ടു.
ഫയര്‍ഫോഴ്സിന്റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായി സ്ഥലത്തെത്തിയിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാല്‍ മാന്‍ഹോള്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തി. താഴെ ചെളിയും മുകളില്‍ മാലിന്യക്കൂമ്പാരവും ആയതിനാല്‍ ഉള്ളിലേയ്ക്ക് പോകാന്‍ കഴിയുന്നില്ലെന്ന് പറയുന്നു.
ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയില്‍ ഇറക്കി പരിശോധന നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി തെരഞ്ഞ് ഫയര്‍ ഫോഴ്സിന്റെ സ്കൂബാ ഡൈവിംഗ് സംഘം മാന്‍ഹോളിലൂടെ ഇറങ്ങിയെങ്കിലും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കാരണം അധിക മുന്നോട്ട് പോകാനായില്ല. 40 മീറ്റര്‍ മുന്നോട്ട് പോയി തെരച്ചില്‍ നടത്തിയ ശേഷം സ്കൂബ സംഘത്തിന് മടങ്ങേണ്ടി വന്നു.
അതേസമയം രക്ഷാ ദൗത്യത്തിന് കഠിന പരിശ്രമം തുടരുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ആവശ്യമായതെല്ലാം ചെയ്യുന്നുവെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പ്രതികരിച്ചു. റെയില്‍വെ ഉദ്യോഗസ്ഥരുമായി മന്ത്രി വി.ശിവന്‍കുട്ടി ചര്‍ച്ച നടത്തി. മാന്‍ഹോള്‍ വഴിയുള്ള പരിശോധനയ്ക്ക് 3,4 പ്ലാറ്റ്ഫോമുകളില്‍ ട്രെയിന്‍ ഒഴിവാക്കി തരാന്‍ റെയില്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രക്ഷാ ദൗത്യം എല്ലാ വകുപ്പും ചേര്‍ന്ന് നടത്തുന്നുണ്ടെന്നും പത്തനംതിട്ട, കൊല്ലം ജില്ലയില്‍ നിന്ന് കടുതല്‍ സ്കൂബ ടീം എത്തുമെന്നും മന്ത്രി ശിവന് കുട്ടി ഉന്നത തല യോഗത്തിനുശേഷം പറഞ്ഞു. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംവിധാനവും ഏര്‍പ്പാടാക്കി. ഫയര്‍ഫോഴ്സ് കണ്ട്രോള് റൂം ആരംഭിക്കും. നാല് റെയില്‍ പാളങ്ങള്‍ തോടിന് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. മാലിന്യം നീക്കം ചെയ്ത് മാത്രമെ രക്ഷാ പ്രവര്‍ത്തനം സാധ്യമാകുവെന്നും മന്ത്രി.
"
https://www.facebook.com/Malayalivartha

























