20 ലക്ഷം കോഴ വാങ്ങിയ പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളി ചെറിയമീനല്ല...അതുകൊണ്ടാണ് കോട്ടൂളിയെ പുറത്താക്കുന്നതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ത്തത്...സംഭവത്തിലെ കാതലായ വിഷയത്തില്‍ നിന്ന് സിപിഎം ഒളിച്ചോടി...
പിഎസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് ഡോക്ടറുടെ കയ്യില്‍ നിന്ന് 20 ലക്ഷം കോഴ വാങ്ങിയ പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളി ചെറിയമീനല്ല. അതുകൊണ്ടാണ് കോട്ടൂളിയെ പുറത്താക്കുന്നതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ത്തത്. മാത്രമല്ല ഈ സംഭവത്തിലെ കാതലായ വിഷയത്തില്‍ നിന്ന് സിപിഎം ഒളിച്ചോടി രക്ഷാപ്രവര്‍ത്തനം നടത്തിയിരിക്കുകയാണ്. പിഎസ്.സി അംഗമാകാനാണ് കോഴ നല്‍കിയത്. ആ വിഷയം ഏറെ ഗൗരവമുള്ളതാണ്. അതേക്കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ ആയുഷ് വകുപ്പിലെ നിയമനത്തിന് 20 ലക്ഷം നല്‍കിയെന്ന വാദം തലയില്‍ ആള്‍ത്താമസമുള്ളവര്‍ വിശ്വസിക്കില്ല. എന്തായാലും സിപിഎം സംസ്ഥാന നേതൃത്വം അറിയാതെയാണ് ഇത്തരത്തിലൊരു കാര്യം നടന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് കോഴ കൈപ്പറ്റിയത്. അത് പ്രമോദ് കോട്ടൂളിയാണെന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പണം തിരികെ ലഭിച്ചതിനാല്‍ പരാതിയില്ലെന്ന് പണം കൊടുത്ത ഡോക്ടര്‍ ശ്രീജിത് പൊലീസിന് മൊഴി കൊടുത്തു. എന്നാല്‍ കോഴ ആര് എപ്പോള്‍, എവിടെ വെച്ച്, എന്തിന് വാങ്ങിയെന്ന് പോലീസ് അന്വേഷിച്ചില്ല. ആ ചോദ്യമാണ് കോട്ടൂളി ഉയര്‍ത്തിയത്. അത് സിപിഎമ്മിന്റെ നെഞ്ചത്ത് ചെയ്യാണ് കൊണ്ടത്. കോട്ടൂളി ചെറിയ മീനല്ലെങ്കിലും അയാള്‍ക്ക് മുകളില്‍ നീന്തിക്കളിക്കുന്ന വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് കോട്ടൂളി ചോദ്യശരങ്ങള്‍ തൊടുത്ത് വിട്ടത്. വിഷയം വഷളാക്കാതെ പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനാണ് സിപിഎം ശ്രമിച്ചത്. നിലവില്‍ എല്ലാം കൊണ്ടും നാറിയിരിക്കുന്ന പാര്‍ട്ടി ഇനി കോഴയുടെ നാറ്റവും ചുമന്നോണ്ട് നടന്നാല്‍ അത് വലിയ ദുരന്തമായി മാറും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നടക്കാത്ത കാര്യമാണ് നടന്നത്. ഇതിന് പിന്നിലുള്ള നേതാക്കളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് സിപിഎമ്മിന്റെ മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. അതില്‍ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത്.റിയല്‍ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി വിശദീകരിക്കുന്നു. പ്രമോദ് കോട്ടൂളിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനുശേഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ തെറ്റാണെന്നും ജില്ലാ കമ്മിറ്റി യോഗം വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെ ഇടപാടാണ്, ആരുമായാണ് നടത്തിയത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. പാര്‍ട്ടി നടപടികളില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്‌ളൈവുഡ് വ്യാപാരിയായ കോട്ടൂളിയുടെ ആക്ഷേപം. അത് ശരിയല്ലെന്ന് പാര്‍ട്ടി വിശദീകരിച്ചിട്ടില്ല. വിഷയം അവസാനിച്ചെന്നും കൂടുതല്‍ ചര്‍ച്ച നടത്തി കുളമാക്കെണ്ടെന്നുമാണ് നേതൃത്വത്തിന്റെ തീരുമാനം. ഡോക്ടറും വ്യാപാരിയുമായ ശ്രീജിത് കോഴ കൊടുത്തതും തെറ്റാണ്. അതിനെതിരെ കേസെടുക്കേണ്ടതാണ്. എന്നാല്‍ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് അതിന് തയ്യാറായില്ല. പിഎസ്.സി പോലൊരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന ആരോപണമാണ് ഉയര്‍ന്നത്. പണം കൊടുത്തെന്നും തിരികെ ലഭിച്ചെന്നും പരാതിക്കാരന്‍ പൊലീസിന് മൊഴിയും നല്‍കി. അതുമാത്രം മതി നിയമനടപടിക്ക്. ആരെങ്കിലും ഈ മൊഴിയുമായി കോടതിയെ സമീപിച്ചാല്‍ സിപിഎം മാത്രമല്ല സര്‍ക്കാരും വെട്ടിലാകും. കോട്ടൂളിക്കെതിരെ പരാതി കിട്ടിയിട്ടും സിപിഎം ജില്ലാ നേതൃത്വം നടപടിയെടുക്കാന്‍ വൈകിയത് തന്നെ ദുരൂഹമാണ്. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. അതിനര്‍ത്ഥം കോട്ടൂളി മാത്രമല്ല, മറ്റാരൊക്കെയോ ഇതിന് പിന്നിലുണ്ടെന്നാണ്. അവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് കോട്ടൂളി ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. കോട്ടൂളി ഉളിയെടുത്ത് വീശിയാല്‍ പാര്‍ട്ടി വീണ്ടും വെട്ടിലാവുകയും പല നേതാക്കളുടെയും തലഉരുളുകയും ചെയ്യുമെന്ന് നേതൃത്വത്തിനറിയാം. അതുകൊണ്ട് എങ്ങനെയും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഒരു പ്‌ക്ഷെ, വരുന്ന സിപിഎം സമ്മേളന കാലത്ത് കോട്ടൂളിക്ക് മെമ്പര്‍ഷിപ്പ് തിരികെ നല്‍കിയേക്കാം. വഴിവിട്ട ബിസിനസ് ബന്ധങ്ങളും ഗുണ്ടാ സംഘങ്ങളുമായുള്ള അടുപ്പവും സിപിഎമ്മിനെ വല്ലാതെ കുഴപ്പത്തിലാക്കുന്നുണ്ട്. കണ്ണൂരില്‍ പി.ജയരാജന്‍ അങ്ങനെയാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്.അതോടെ ജയരാജന് കര്‍ശന നിര്‍ദ്ദേശം പാര്‍ട്ടി കൊടുത്തിരിക്കുകയാണ്. ജയരാജനും അദ്ദേഹത്തിനൊപ്പമുള്ള ചിലരും മകനും അടക്കം അവമതിപ്പുളവാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്നാണ് പാര്‍ട്ടി വിട്ട മനുതോമസ് ആരോപിച്ചത്. മുമ്പ് ചങ്ങാത്ത മുതലാളിത്തമാണ് സിപിഎമ്മിന്റെ ശാപമായിരുന്നത്. രാഷ്ട്രീയത്തിന് അതീതമായി കച്ചവട താല്‍പര്യങ്ങള്‍ക്കാണ് പല നേതാക്കളും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടാണ് ഇപി ജയരാജന്‍ രാജീവ് ചന്ദ്രശേഖറുമായി കൈകോര്‍ത്തത്.കൈരളി ചാനല്‍ ആരംഭിക്കുകയും നേതാക്കന്‍മാര്‍ വിദേശങ്ങളിലടക്കമുള്ള ആഢംബര ഹോട്ടലുകളില്‍ താമസം ആരംഭിച്ച് തുടങ്ങുകയും ചെയ്തതോടെയാണ് സുഖലോലുപരായി തുടങ്ങിയതെന്ന് ഒരു പ്രമുഖ ഇടത് നേതാവ് ഓര്‍ക്കുന്നു. അതിന് മുമ്പ് പാര്‍ട്ടി കുടുംബങ്ങളിലും മറ്റുമാണ് യാത്രകളില്‍ സഖാക്കള്‍ തങ്ങിയിരുന്നത്. കൈരളി വളര്‍ന്നതോടെ ബിസിനസ് താല്‍പര്യങ്ങളും മറ്റ് ബന്ധങ്ങളും വളര്‍ന്നു. വിവാദ ലോട്ടറി വില്‍പനക്കാരന്‍ സാന്‍ന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി രൂപയാണ് ഇപി ജയരാജന്‍ സംഭാവന സ്വീകരിച്ചത്. സൂര്യാ ഗ്രൂപ്പ് ഉടമ ചാക്ക് രാധാകൃഷ്ണന്റെ കമ്പനിയില്‍ നിന്ന് പാര്‍ട്ടി പ്ലീനത്തിന് പരസ്യം വാങ്ങി. അങ്ങനെ എത്രയെത്ര വിവാദങ്ങള്‍. അതിനെയെല്ലാം ന്യായീകരിച്ചവരാണ് സിപിഎമ്മുകാര്‍. അതുകൊണ്ട് പുറത്താക്കിയ കോട്ടൂളി ശക്തമായി അകത്താകുന്നത് എന്നാണെന്ന് അറിയാന്‍ അധികം കാലമെടുക്കില്ലെന്ന് തോന്നുന്നു.