15 വർഷം മുൻപ് കാണാതായ ഒരാൾ കൊല്ലപ്പെട്ടുവെന്ന് ഊമക്കത്ത്...'കലയുടെ മരണം’ പോലീസിന് തിരിച്ചടി...സെപ്റ്റിക് ടാങ്ക് തുറന്നിട്ട് എന്തായി? അനിലിനെ നാട്ടിലെത്തിക്കാൻ ആവാതെ പോലീസ്..

15 വർഷം മുൻപ് കാണാതായ ഒരാൾ കൊല്ലപ്പെട്ടുവെന്ന് ഊമക്കത്ത് കിട്ടുന്നു, കത്തിൽ പേര് പറയുന്നവരെ പിടികൂടുന്നു, കത്തിൽ പറയുന്ന സ്ഥലം തുറന്നുപരിശോധിക്കുന്നു, ഒന്നും കിട്ടാതെ വരുമ്പോൾ പിടിയിലായവരെ വീണ്ടും ചോദ്യം ചെയ്യുന്നു, ആദ്യം പറഞ്ഞതെല്ലാം ഇവർ മാറ്റിപ്പറയുന്നു, ഇതോടെ ഒന്നും ഒരുവഴിക്കും മുന്നോട്ട് നീങ്ങാത്ത നിലയിൽ ഇടിച്ചുനിൽക്കുക… ആലപ്പുഴ ചെന്നിത്തലയിൽ നിന്നുള്ള 22കാരി കല കൊല്ലപ്പെട്ടുവെന്ന നിഗമനത്തിൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിൻ്റെ അവസ്ഥ ഇപ്പോൾ കുഴഞ്ഞു മറിഞ്ഞ നിലയിലാണ് . അതിനിടയിൽ പ്രധാന പ്രതിയെന്നു പറയുന്ന കലയുടെ ഭർത്താവിനെ ഇസ്രായലിൽ നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ എല്ലാം തന്നെ വൈകുന്നതും കേസിനെ ബാധിക്കുകയാണ്. ഇനി കേസിൽ കല കൊല്ലപ്പെട്ടോ? എന്നുള്ളതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
അങ്ങനെ പറയാൻ ശാസ്ത്രീയമായ ഒരു തെളിവും കിട്ടിയിട്ടില്ല. സാഹചര്യത്തെളിവും ഇല്ല. ഇതിൽ ഏതെങ്കിലുമൊന്ന് ഉണ്ടായില്ലെങ്കിൽ ഊമക്കത്തിന് യാതൊരു വിലയും ഉണ്ടാകില്ല. കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമ്പോൾ ഇവ കിട്ടണമായിരുന്നു. അത് കിട്ടാതെ കല കൊല്ലപ്പെട്ടുവെന്ന് പ്രഖ്യാപിച്ചത് അബദ്ധമായി എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.കേസിൽ കലയെ കുഴിച്ചു മൂടി എന്ന് പറയുന്ന സെപ്റ്റിക് ടാങ്ക് തുറന്നിട്ട് മൃതദേഹത്തിൻ്റേതായ ഒരവശിഷ്ടവും കിട്ടിയില്ല.ആകെ കിട്ടിയത് ഒരു ലോക്കറ്റ്, സ്ത്രീകൾ മുടിയിലിടുന്ന പിൻ, അടിവസ്ത്രത്തിൻ്റേതെന്ന് സംശയിക്കാവുന്ന എലാസ്റ്റിക്കിൻ്റെ ഒരുഭാഗം. ഇത് പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ അന്വേഷണത്തെ സഹായിക്കില്ല.
കാരണം സ്ത്രീകൾ അടക്കം താമസിക്കുന്ന വീടായതിനാൽ ഇവ ഇവിടെ കണ്ടതിനെ അസ്വാഭാവികമായി പരിഗണിക്കാൻ കഴിയില്ല. മനുഷ്യശരീരത്തിൻ്റെ ഏതെങ്കിലും ഭാഗം ആയിരുന്നെങ്കിൽ ശാസ്ത്രീയ പരിശോധന നടത്താമായിരുന്നു. നഖമോ പല്ലോ അസ്ഥികളുടെ കഷണമോ എങ്കിലുമാണെങ്കിൽ ഡിഎൻഎക്ക് സാധ്യതയുണ്ടാകും.അതുകൊണ്ട് ആ പഴുതും അടഞ്ഞു. കത്തിലെ വിവരങ്ങൾ കൂടുതൽ അന്വേഷിച്ചാൽ?കാര്യമായ ഫലമുണ്ടാകില്ല. കത്തെഴുതിയ ആൾക്ക് സംഭവത്തെക്കുറിച്ച് നേരിട്ടറിയില്ല എന്നാദ്യമേ വ്യക്തമായിരുന്നു. കേട്ടുകേൾവി മാത്രമാണ് കത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയത് പോലെ തീർത്ത് കളയുമെന്ന് ഇപ്പോൾ പിടിയിലായവരിൽ ഒരാൾ ഭാര്യയെ ഭീഷണിപ്പെടുത്തി. അതായിരുന്നു ഉള്ളടക്കം.
അതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ആദ്യം സെപ്റ്റിക് ടാങ്കിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കസ്റ്റഡിയിൽ കിട്ടിയവരിൽ നിന്ന് അപ്പോഴും മതിയായ വിവരങ്ങൾ കിട്ടിയിരുന്നില്ല. ടാങ്കിൽ നിന്ന് പക്ഷെ ഒന്നും തടഞ്ഞില്ല. അതോടെ പ്രതികളും മൊത്തത്തിൽ കളംമാറ്റിച്ചവിട്ടി.ഇനിയുള്ള വഴികലയുടെ ഭർത്താവായിരുന്ന അനിലിനെ ഇസ്രയേലിൽ നിന്നെത്തിക്കണം. അത് എളുപ്പത്തിൽ നടക്കുന്ന കാര്യം സംശയമാണ്.പ്രത്യേകിച്ച് അയാളെ പ്രതിസ്ഥാനത്ത് ഉറപ്പിച്ച് നിർത്താൻ പാകത്തിലുള്ള വ്യക്തമായ തെളിവോ മൊഴികളോ പോലും ഇല്ലാത്ത സാഹചര്യത്തിൽ. കലയെ കാണാതായെന്നോ കൊല്ലപ്പെട്ടുവെന്നോ ഇക്കാലത്തിനിടയിൽ ഒരു പരാതി പോലും പോലീസിന് കിട്ടിയിട്ടില്ല. കല ജീവിച്ചിപ്പുണ്ട് എന്നാണ് മകൻ ആവർത്തിച്ച് പറയുന്നത്. പോരാത്തതിന് കാണാതായെന്ന് പറയപ്പെടുന്ന സമയത്തിന് ശേഷം കല ഫോണിൽ വിളിച്ചുവെന്ന് സഹോദര ഭാര്യ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടുമുണ്ട്.
കൊന്നുവെന്ന് പോലീസ് കരുതുന്ന സംഘത്തിലെ ആരെങ്കിലും കുറ്റം ഏറ്റുപറയാൻ തയ്യാറായാൽ അവരെ കോടതിക്ക് മുന്നിലെത്തിച്ച് രഹസ്യമൊഴിയെടുത്ത് മാപ്പുസാക്ഷിയാക്കി മുന്നോട്ട് പോകാം. അത് മാത്രമാണ് ഏറ്റവുമൊടുവിൽ തെളിയുന്ന മാർഗം. എന്നാൽ അത്തരത്തിലുള്ള പോലീസിൻ്റെ പ്രലോഭനത്തിൽ ഇതുവരെയാരും വീണിട്ടില്ല.സംഭവിച്ചിരിക്കാൻ സാധ്യത ഊമക്കത്തിൽ പറഞ്ഞതുപോലെ കല കൊല്ലപ്പെട്ടെങ്കിൽ മുൻ ഭർത്താവ് അനിൽ തന്നെയാകാം ഉത്തരവാദി. കുറഞ്ഞപക്ഷം അയാൾക്ക് അറിവെങ്കിലും ഉണ്ടാകാം. കാണാതായെന്നോ മറ്റോ ഒരു പരാതി പോലും ഇക്കാലത്തിനിടെ അയാൾ ഒരിടത്തും നൽകിയിട്ടില്ല എന്നത് തന്നെയാണ് ഈ നിഗമനത്തിന് അടിസ്ഥാനമായി അന്വേഷകർ പറയുന്നത്. എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവുചെയ്യാൻ സഹകരിച്ചവരെ വെട്ടിച്ച് അയാളത് മറ്റെവിടേക്കെങ്കിലും മാറ്റിയിട്ടുണ്ടാകാം. അതുകൊണ്ടാണ് ദൃശ്യത്തെയും വെല്ലുന്ന സിനിമാ സ്റ്റൈലെന്ന് പറയേണ്ടിവരുന്നത്. പ്രതി കുറ്റമേറ്റ് പറഞ്ഞാൽ പോലും, മൃതദേഹം കണ്ടുകിട്ടാതെ ഒരു കൊലക്കേസും കോടതിയിൽ തെളിയിക്കാൻ കഴിയില്ല.
https://www.facebook.com/Malayalivartha

























