ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിൽ കണ്ടെത്തി...

തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി നാവിക സേനയുടെ തെരച്ചിൽ തുടരുന്നതിനിടെ പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. റെയ്ൽവെയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഇവിടെ. ജോയിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുമ്പോഴാണ് ശ്രീചിത്ര ഹോമിനടുത്ത കനാലിൽ മൃതദേഹം പൊങ്ങിയത്. ശനിയാഴ്ച ഉച്ചയോടെ പതിനൊന്ന് മണിക്കാണ് ജോയിയെ മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.
ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha

























