റെയിൽവേയുടെ കരാർ ശുചീകരണ തൊഴിലാളി ദാരുണമായി മരണപ്പെട്ടതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല...

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ കരാർ ശുചീകരണ തൊഴിലാളിയായ എൻ.ജോയി ഒഴുക്കിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് ഡിവൈഎഫ്ഐ. ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്ത് കാലങ്ങളായി കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടും റെയിൽവേ മാലിന്യം നീക്കാൻ തയ്യാറായിട്ടില്ല.റെയിൽവേയിൽ നിന്നുള്ള മാലിന്യമടക്കം ഈ തോട്ടിൽ തള്ളുന്നുണ്ട്.
കോർപ്പറേഷൻ നിരന്തരമായി നോട്ടീസ് നൽകിയതിനെ തുടർന്നാണ് റെയിൽവേയുടെ അതീനതയിലുള്ള തോടിന്റെ ഭാഗം ശുചീകരിക്കാൻ വേണ്ടി റെയിൽവേ കരാർ നൽകിയതും ശുചീകരണ പ്രവർത്തിക്കായി എൻ.ജോയി ഉൾപ്പെടെയുള്ള തൊഴിലാളികൾ എത്തിയതും. എന്നാൽ യാതൊരു സുരക്ഷാസംവിധാനവും ഒരുക്കാതെ മാലിന്യം നിറഞ്ഞ വലിയ തോട്ടിലേക്ക് ഈ തൊഴിലാളികളെ റെയിൽവേ ഇറക്കി വിടുകയായിരുന്നു. അതിൻ്റെ ഭാഗമായി എൻ.ജോയി എന്ന തൊഴിലാളി ഒഴുക്കിൽ പെടുകയും റെയിൽവേ സ്റ്റേഷൻ്റെ അടിയിലേക്കുള്ള തോടിൻ്റെ ഭാഗമായ ടണലിലേക്ക് എത്തുകയും മരണപ്പെടുകയും ചെയ്തു.
നിറയെ മാലിന്യങ്ങൾ ഉള്ള അപകടം നിറഞ്ഞ ഒരു തോട്ടിലേക്ക് യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ തൊഴിലാളികളെ ശുചീകരണത്തിന് നിയോഗിച്ച റെയിൽവേക്ക് ഈ മരണത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തമുണ്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും സ്ഥലം എംപിയും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്. മരണപ്പെട്ട റെയിൽവേയുടെ കരാർ ശുചീകരണ തൊഴിലാളിയായ എൻ.ജോയിയുടെ കുടുംബത്തിന് ഇന്ത്യൻ റെയിൽവേ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























