‘ഒരു ദിവസം നമുക്കും അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാം അമ്മേ'...! ജോയി കണ്ട വീട് എന്ന സ്വപ്നം കാതങ്ങൾ അകലെ...! കാറ്റൊന്നു് ശക്തിയായി വീശിയാൽ പറന്നു പോകാവുന്ന മേൽക്കൂര; മഴ കടുക്കുകയാണെങ്കിൽ ഇടിഞ്ഞു വീഴാവുന്ന ചുമരുകൾ; നെഞ്ചുലയ്ക്കുന്ന കാഴ്ച്ചകൾ

കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കുമൊക്കെ മങ്ങലേൽപ്പിച്ച് ജോയിയുടെ മൃതദേഹം ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ്. കാണാതായി 46 മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജോയിക്കുണ്ടായ ദുരന്തത്തിന്റെ വിങ്ങലിലാണ് ഉറ്റവരും ഉടയവരും.
‘ഒരു ദിവസം നമുക്കും അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാം അമ്മേ എന്ന ജോയിയുടെ വാക്കുകൾ ഇപ്പോഴും ആ അമ്മയുടെ കാതിൽ മുഴങ്ങുകയാണ്. അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം ബാക്കി നിൽക്കവെയാണ് മരണം അപ്രതീക്ഷിതമായി ജോയിയെ കവർന്നെടുത്തത്.
കാറ്റൊന്നു് ശക്തിയായി വീശിയാൽ പറന്നു പോകാവുന്ന മേൽക്കൂര, മഴ കടുക്കുകയാണെങ്കിൽ ഇടിഞ്ഞു വീഴാവുന്ന ചുമരുകൾ . ഇതാണു ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം വടകര മലഞ്ചരിവു വീട്ടിൽ ജോയിയുടെയും അമ്മ മെൽഹിയുടെയും വീട്. പിതാവ് നേശമണി 10 വർഷം മുൻപാണ് മരിച്ചത് . അന്നു മുതൽ അമ്മയും മകനും മാത്രമാണ് ഇവിടെ താമസിക്കുന്നത്. മഴ കനക്കുമ്പോൾ, കാറ്റുവീശുമ്പോൾ ഒക്കെ അമ്മയോട് ജോയി പറയും ‘ഒരു ദിവസം നമുക്കും അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാം’.
മണൽ വാരൽ തൊഴിലാളിയായിരുന്നു ജോയി. സർക്കാർ മണൽ വാരൽ നിരോധിച്ചതോടെ ജോയി അങ്കലാപ്പിലായി. ജീവിക്കാൻ ആക്രിപെറുക്കൽ തൊഴിലാക്കി. ആൾക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി. വീട്ടിലേക്കുള്ള വഴി കഴിഞ്ഞ മഴയിൽ ഇടിഞ്ഞു താഴ്ന്നശേഷം, വഴുക്കലുള്ള കീഴ്ക്കാംതൂക്കായ പാറ നിറഞ്ഞ വഴിയിലൂടെ ഒരു കിലോമീറ്ററോളം നടന്നാണ് ജോയിയുടെയും അമ്മയുടെയും യാത്ര.
ആക്രിയിൽ നിന്നു വരുമാനം ഇല്ലാതായതോടെയാണ് ഒരു സുഹൃത്ത് വഴി റെയിൽവേ സ്റ്റേഷനിൽ മാലിന്യം നീക്കാൻ എത്തിയത്. ദിവസം 1500 രൂപയായിരുന്നു കൂലി. അങ്ങനെ സ്വപ്നങ്ങൾ ബാക്കിയാക്കി ജോയ് മടങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























