ജാഗ്രത മുന്നറിയിപ്പ്... ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്കു നീങ്ങിയതോടെ സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും, ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം കഴിഞ്ഞെങ്കിലും വീണ്ടും മഴ കനക്കുകയാണ്. ഇന്നും നാളെയും കേരളത്തില്‍ മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു മഴയ്ക്കു കാരണം.
മേഘങ്ങള്‍ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ റോളന്‍ഡ് മാഡനും പോള്‍ ജൂലിയനും ചേര്‍ന്ന് 1971ല്‍ കണ്ടെത്തിയതിനാലാണ് ഈ പേരു വന്നത്. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.
എംജെഒ സ്വാധീനത്താല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദങ്ങളും രൂപംകൊണ്ടേക്കും. കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്‌ക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്‌ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
കോട്ടയം കുമരകം ചേര്‍ത്തല പാതയില്‍ ബണ്ട് റോഡില്‍ ഓടിക്കൊണ്ടിരുന്ന 2 കാറുകള്‍ക്കു മുകളിലേക്കു മരം വീണു. ആളപായമില്ല. ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ യാത്ര നിരോധിച്ചു. ചപ്പാത്ത്കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത് പഴയ കല്‍ക്കെട്ട് ഇടിഞ്ഞു റോഡ് അപകടാവസ്ഥയിലായതിനാല്‍ ഗതാഗതം നിരോധിച്ചു.
കൊല്ലത്ത്, സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസിനു മുകളിലേക്കു കടപുഴകി വീണ മരത്തിന്റെ ചില്ലകള്‍ പതിച്ചു. കുട്ടികള്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. മങ്ങാട് ഗവ. എച്ച് എസ്എസ് വളപ്പിലെ കൂറ്റന്‍ മരമാണ് കടപുഴകിയത്. കനത്ത ജലപാതത്തെത്തുടര്‍ന്ന് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം, ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം തടഞ്ഞു.
ആലപ്പുഴ ജില്ലയില്‍ 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നഗരത്തില്‍ മട്ടാഞ്ചേരി പാലത്തിനു സമീപം രാവിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു ദമ്പതികള്‍ക്കു പരുക്കേറ്റു. സ്‌കൂട്ടറില്‍ വരികയായിരുന്ന ആറാട്ടുവഴി മൈഥിലി ജംക്ഷനില്‍ ഷിയാദ് മന്‍സിലില്‍ ഉനൈസ് (30), ഭാര്യ അലീന (28) എന്നിവര്‍ മഴയെത്തുടര്‍ന്ന് വഴിയോരത്തു നില്‍ക്കുമ്പോഴാണു മരക്കൊമ്പ് വീണത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്. ഉനൈസിന്റെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം പാലക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയില്‍ ഒഴുക്കില്‍പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് ന്യൂനമര്‍ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ വ്യാപകമായി ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത.
ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങളുണ്ടാക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അതാനാല്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാകാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവരും ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha

























