ഞെട്ടലോടെ വിശ്വാസികള്‍... കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായതായി ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി; ദില്ലിയില്‍ കേദാര്‍നാഥ്‌ന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അഴിതിക്ക് വഴിയൊരുക്കും

വിശ്വാസത്തിന്റെ പുറകിലെ വലിയ കൊള്ള പുറത്തെത്തിക്കുകയാണ് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി. ദില്ലിയില്‍ കേദാര്‍നാഥ്‌ന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അഴിതിക്ക് വഴിയൊരുക്കുമെന്നും കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായതായും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു.
ഗുരുതര ആരോപണമാണ് അവിമുക്തേശ്വരാനന്ദ സരസ്വതി ഉന്നയിച്ചത്. 228 കിലോ സ്വര്‍ണമാണ് ഇതുവരെ മോഷണം പോയത്. ഇത് അഴിമതിയാണ്, ഒരു അന്വേഷണവും നടപടിയും ഇത് വരെ നടന്നിട്ടില്ല. ഈ വിഷയം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ലെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ചോദിച്ചു. ദില്ലിയില്‍ കേദാര്‍നാഥന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അടുത്ത അഴിമതിക്ക് വഴിയൊരുക്കുമെന്നും കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പ്രാധാന്യം കുറയാന്‍ ഇത് കാരണമാകുമെന്നും ശങ്കരാചാര്യര്‍ പറഞ്ഞു.
കേദാര്‍നാഥിലെ ശ്രീകോവിലിനുള്ളില്‍ വലിയ സ്വര്‍ണ തട്ടിപ്പ് നടന്നിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ നമ്മുടെ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. 12 ജ്യോതിര്‍ലിംഗങ്ങള്‍ ശിവപുരാണത്തില്‍ പേരും സ്ഥലവും സഹിതം പരാമര്‍ശിച്ചിട്ടുണ്ട്. കേദാര്‍നാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ദില്ലിയില്‍ നിര്‍മ്മിക്കാനാകുമെന്നും ശങ്കരാചാര്യര്‍ ചോദിച്ചു.
'കേദാര്‍നാഥില്‍ സ്വര്‍ണ കുംഭകോണമാണ് നടന്നിട്ടുള്ളത്. എന്തുകൊണ്ട് ആ വിഷയം ഉയര്‍ന്നുവരുന്നില്ല. അവിടെ അഴിമതി നടത്തിയശേഷം ഇനി ഡല്‍ഹിയില്‍ കേദാര്‍നാഥ് ക്ഷേത്രം നിര്‍മിക്കുകയാണ്. അങ്ങനെ?യാണെങ്കില്‍ മറ്റൊരു തട്ടിപ്പാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
'228 കിലോഗ്രാം സ്വര്‍ണമാണ് കേദാര്‍നാഥില്‍നിന്ന് നഷ്ടമായത്. ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോള്‍ അവര്‍ പറയുന്നത് ഡല്‍ഹിയില്‍ കേദാര്‍നാഥ് നിര്‍മിക്കുമെന്നാണ് പറയുന്നത്. ഇത് സംഭവിക്കാന്‍ പാടില്ല' എന്നും ശങ്കരാചാര്യര്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം കേദാര്‍നാഥ് ക്ഷേത്രത്തില്‍ സ്വര്‍ണം പാകിയതില്‍ 125 കോടി രൂപയുടെ അഴിമതി നടന്നതായി മുതിര്‍ന്ന പുരോഹിതന്‍ ആരോപിച്ചിരുന്നു. സ്വര്‍ണത്തിന് പകരം പിച്ചളയാണ് ഉപയോഗിച്ചതെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാല്‍, ഇത് ക്ഷേത്ര കമ്മിറ്റി നിഷേധിച്ചിരുന്നു.
ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് ക്ഷേത്രം നിര്‍മിക്കുന്നതിനെതിരായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ശങ്കരാചാര്യരുടെ വിമര്‍ശനം വരുന്നത്. ജൂലൈ പത്തിന് ഡല്‍ഹിയില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും പങ്കെടുത്തിരുന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബുരാരിക്ക് സമീപമുള്ള ഹിരങ്കി പ്രദേശത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്.
ഡല്‍ഹിയിലെ ക്ഷേത്രത്തിനെതിരെ കേദാര്‍നാഥിലെ പുരോഹിതന്‍മാരും പ്രതിഷേധവുമായി രംഗത്തുണ്ട്. ഞായറാഴ്ച ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നില്‍ പുരോഹിതന്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കേദാര്‍ സഭയടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ഇവര്‍ മുദ്രാവാക്യം മുഴക്കി.
കേദാര്‍നാഥ് ക്ഷേത്രത്തിന്റെ അതേ രൂപത്തില്‍ ഡല്‍ഹിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് കേദാര്‍ സഭയുടെ വക്താവ് പങ്കജ് ശുക്‌ള പറഞ്ഞു. 'പുതിയൊരു ക്ഷേത്രം നിര്‍മിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍, കേദാര്‍നാഥിലെ അതേ രൂപത്തില്‍ ഒരു മത ട്രസ്റ്റ് ക്ഷേത്രം നിര്‍മിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. കേദാര്‍നാഥ് ക്ഷേത്ര പരിസരത്തുനിന്നുള്ള കല്ല് അവിടേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇത് ഹിമാലയത്തിലെ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മതപരമായ പവിത്രതയെ കളങ്കപ്പെടുത്തും' -പങ്കജ് ശുക്‌ള പറഞ്ഞു.
ഡല്‍ഹിയിലെ ക്ഷേത്രത്തില്‍നിന്ന് വിശുദ്ധജലം വിതരണം ചെയ്യുമോ എന്ന ആശങ്കയും കേദാര്‍ സഭയ്ക്കുണ്ട്. ഇത് മതപരമായ മര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
"
https://www.facebook.com/Malayalivartha

























