കാളപെറ്റു കയറെടുത്തു! കല കൊലപ്പെട്ടു എന്നതിന് യാതൊരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല; ആരോ അയച്ച ഊമക്കത്തിന് പിന്നാലെ ചാടിപ്പുറപ്പെട്ട കേരളാ പൊലീസ് ഇരുട്ടില്‍ തപ്പുന്നു

കാളപെറ്റു കയറെടുത്തു! എന്ന പഴഞ്ചൊല്ല് പോലെയായി ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകം. ആരോ അയച്ച ഊമക്കത്തിന് പിന്നാലെ ചാടിപ്പുറപ്പെട്ട കേരളാ പൊലീസ് ഇരുട്ടില്‍ കിടന്ന് തപ്പുകയാണിപ്പോള്‍. കല കൊലപ്പെട്ടു എന്നതിന് യാതൊരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ ആദ്യം ചില സൂചനകള്‍ നല്‍കിയെങ്കിലും സെപ്റ്റിക് ടാങ്കില്‍ നിന്ന് ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് അവരും മലക്കംമറിഞ്ഞു.
അതുകൊണ്ട് കലയുടെ ഭര്‍ത്താവ് അനിലിനെ എത്രയും വേഗം കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്. കല കൊല്ലപ്പെട്ടെന്ന് പറയാന്‍ യാതൊരു ശാസ്ത്രീയമായ ഒരു തെളിവും കിട്ടിയിട്ടില്ല. സാഹചര്യത്തെളിവുമില്ല. അതില്ലാതെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് അബദ്ധമായി പോയെന്നാണ് പൊലീസ് ഇപ്പോള്‍ വിലയിരുത്തുന്നത്.
ഇതോടെ ഊമക്കത്ത് ശൂ ആയി. കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമ്പോള്‍ എന്തെങ്കിലും തെളിവ് കിട്ടണമായിരുന്നു. മൃതദേഹത്തിന്റെ ഒരവശിഷ്ടവും കിട്ടിയില്ല. കിട്ടിയത് ഒരു ലോക്കറ്റ്, മുടിയിലിടുന്ന പിന്‍, അടിവസ്ത്രത്തിന്റേതെന്ന് സംശയിക്കാവുന്ന എലാസ്റ്റിക്കിന്റെ ഒരുഭാഗം. ഇതൊന്നും തെളിവാകില്ല. സ്ത്രീകള്‍ അടക്കം താമസിക്കുന്ന വീടായതിനാല്‍ കണ്ടെത്തിയ സാധനങ്ങള്‍ അസ്വാഭാവികമായി കാണാന്‍ കഴിയില്ല. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ലഭിച്ചിരുന്നെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്താമായിരുന്നു. നഖമോ പല്ലോ അസ്ഥികളുടെ കഷണമോ ആയിരുന്നെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് സാധ്യതയുണ്ടാകുമായിരുന്നു.
ഊമക്കത്തെഴുതിയ വ്യക്തിക്ക് സംഭവത്തെക്കുറിച്ച് നേരിട്ടറിയില്ല. മദ്യപാനത്തിനിടെ ആരോ പറഞ്ഞത് കേട്ടാണ് കത്തെഴുതിയത്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയത് പോലെ തീര്‍ത്ത് കളയുമെന്ന് പിടിയിലായവരില്‍ ഒരാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി. അതായിരുന്നു കത്തിലെ ഉള്ളടക്കം. അങ്ങനെയാണ് പോലീസ് സെപ്റ്റിക് ടാങ്കിലേക്ക് ഊളിയിട്ടത്. കസ്റ്റഡിയിലായവര്‍ അപ്പോഴും കൃത്യമായ വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.
കല കൊല്ലപ്പെട്ടെങ്കില്‍ ഇക്കാര്യം ഭര്‍ത്താവിന് അറിവുണ്ടാകും. കാരണം കാണാതായ ശേഷം അനില്‍ ഒരു പരാതി പോലും നല്‍കിയിട്ടില്ല. നല്‍കിയാല്‍ താന്‍ കുടുങ്ങുമെന്ന് അയാള്‍ കരുതിയിരിക്കണം. ഒരു പക്ഷെ, മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മറവുചെയ്യാന്‍ സഹകരിച്ചവര്‍ അറിയാതെ അനില്‍ അത് മറ്റെവിടേക്കെങ്കിലും മാറ്റിയിട്ടുണ്ടാകാം. പ്രതികളിലാരെങ്കിലും കുറ്റം സമ്മതിച്ചാലും മൃതദേഹം കണ്ടെത്താതെ കേസ് കോടതിയില്‍ തെളിയിക്കാനാകില്ല. അതുകൊണ്ട് അനിലാണിത് ചെയ്തതെങ്കില്‍ അയാളുടെ ബുദ്ധി സമ്മതിക്കണം.
രാസവസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ ഒഴിച്ചിട്ടുള്ളതായി ഫോറന്‍സിക് സംഘം കണ്ടെത്തിയിട്ടുണ്ട്. 15 വര്‍ഷത്തിനിടെ രണ്ട് തവണയെങ്കിലും സെപ്റ്റിക് ടാങ്ക് കോരി വൃത്തിയാക്കിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴി കിട്ടിയിട്ടുണ്ട്. ടാങ്കറില്‍ മാലിന്യം ശേഖരിച്ച് കൊണ്ടുപോയി കായലിലോ തോട്ടിലോ കടലിലോ ഒഴുക്കിക്കളയുന്ന ധാരാളം പേര്‍ നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ട് അവശിഷ്ടങ്ങളൊന്നും ലഭിക്കുമെന്ന് തോന്നുന്നില്ല.
എന്നാല്‍ പുതിയ വീട് പണിതിട്ടും അനില്‍ പഴയ ബാത്ത്‌റൂം അത് പോലെ നിലനിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. അന്വേഷണം തുടങ്ങിയതേയുള്ളൂ. ഭര്‍ത്താവ് അനിലിനെ സംശയിക്കുന്നെന്ന് മാത്രമേ നിലവില്‍ പറയാനാകൂ. കലയുടെ മൃതദേഹം അനിലിന്റെ കാറില്‍ കണ്ടതായി ഏതാനും മൊഴികളുണ്ടെങ്കിലും അത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. അതിനാല്‍ അനിലിനെ പ്രതിചേര്‍ക്കാനാകില്ല. കല കൊല്ലപ്പെട്ടുവെന്ന് പോലും തെളിയിക്കാന്‍ കഴിയുന്ന തെളിവുകളും പോലീസിന്റെ പക്കലില്ല.
അനിലിനെ ചോദ്യം ചെയ്യാനായാണ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചത്. അതൊന്നും പെട്ടെന്ന് നടക്കുന്ന കാര്യമല്ല. ഗുരുതരമായ കുറ്റകൃത്യത്തില്‍ തെളിവുകള്‍ വ്യക്തമായി ശേഖരിക്കണം, പ്രതികളെ കണ്ടെത്തി, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണം. അതിന് ശേഷം മാത്രമേ റെഡ്‌കോര്‍ണര്‍ നോട്ടീസിന് അപേക്ഷിക്കാനാകൂ. എല്ലാ സംസ്ഥാനത്തും പോലീസിന്റെ ഓരോ ഏജന്‍സികളാണ് ഇത് ചെയ്യുന്നത്. കേരളത്തില്‍ ആദ്യം ക്രൈംബ്രാഞ്ചിന് അപേക്ഷ കൊടുക്കും അവര്‍ സിബിഐ വഴി ഇന്റര്‍പോളിനെ സമീപിക്കും. എന്നാല്‍ ഈ കേസില്‍ എങ്ങനെ കുറ്റപത്രം സമര്‍പ്പിക്കാനാകും? അനിലിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്ത് തെളിവുകള്‍ കണ്ടെത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
അതിനായി എത്ര അപേക്ഷ അയച്ചാലും കര്‍ശനമായ പരിശോധനക്ക് ശേഷമേ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കൂ. എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അല്ലാതെയും മുന്‍കാലങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും സാഹചര്യം മാറി. മൃതദേഹ അവശിഷ്ടം കണ്ടെത്താനാകാതെ എങ്ങനെ കുറ്റപത്രം സമര്‍്പപിക്കാനൊക്കും. കുറ്റപത്രത്തില്‍ പ്രതിയാകാത്തയാളെ, കേട്ടുകേള്‍വിയുടെ പേരില്‍ എങ്ങനെ ഒരു വിദേശരാജ്യത്ത് നിന്ന് നാടുകടത്തി ഇവിടെ എത്തിക്കും. യാതൊരു തെളിവുകളില്ലാതെ ഒരാളുടെ ജോലിയും അന്തസും അഭിമാനവും ഇല്ലാതാക്കി അങ്ങനെ പുറത്താക്കാന്‍ പല വിദേശരാജ്യങ്ങളും തയ്യാറാകില്ല. എന്നാല്‍ ദേശീയസുരക്ഷ സംബന്ധിച്ച കേസാണെങ്കില്‍ ഇതൊന്നും പ്രശ്‌നമല്ല.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക മാത്രമാണ് ഈ കേസില്‍ പോലീസ് ചെയ്തിട്ടുള്ളത്. രാജ്യത്തെ ഏതെങ്കിലും വിമാനത്താവളം വഴിയെത്തിയാല്‍ ഇമിഗ്രേഷനില്‍ തടഞ്ഞുവയ്ക്കാം എന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല. ഇസ്രയേലിലെ വിലാസവും ജോലി ചെയ്യുന്ന കമ്പനിയുടെ വിവരങ്ങളും സഹിതം അപേക്ഷിച്ചാല്‍ ഇന്റര്‍പോള്‍ പരിശോധിച്ച് വിവരം നല്‍കുന്ന ബ്ലൂകോര്‍ണര്‍ നോട്ടീസിന് അപേക്ഷിക്കാം.
അല്ലാതൊന്നും ചെയ്യാന്‍ ഇന്റര്‍പോള്‍ തയ്യാറാകില്ല. ബ്ലൂകോര്‍ണര്‍ നോട്ടീസിന്റെ കോപ്പി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കും മറ്റുമയച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കി പ്രതിയെ തിരിച്ചയക്കാന്‍ പ്രേരിപ്പിക്കുകയാണ് പോലീസ് സാധാരണ ചെയ്യാറുള്ളത്. ഇസ്രയേല്‍ പോലൊരു രാജ്യത്ത്, അതും നിലവില്‍ യുദ്ധം നടക്കുമ്പോള്‍ അതൊന്നും നടക്കുന്ന കാര്യമല്ല.
കേരളത്തില്‍ നിന്ന് ബ്‌ളുകോര്‍ണര്‍ നോട്ടീസിനായി ധാരാളം അപേക്ഷകള്‍ ഇപ്പോള്‍ ഇന്റര്‍പോളിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രിയമാനങ്ങളുള്ള ചില കേസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ അനാവശ്യ അപേക്ഷകള്‍ ഇക്കൂട്ടത്തിലുണ്ട്. അതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത ദുര്‍ബലമായ ഈ കേസിന്റെ കാര്യം എന്താകുമെന്ന് പറയേണ്ടതില്ലല്ലോ. അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ നോട്ടീസ് കിട്ടാന്‍ എളുപ്പമല്ല. കൂടുതല്‍ ശക്തവും ശാസ്ത്രീയവുമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അതുണ്ടാകൂ.
https://www.facebook.com/Malayalivartha

























