മുല്ലപ്പെരിയാറിൽ വീണ്ടും അപായ മുന്നറിയിപ്പ്; ഇനിയൊരു പ്രളയം താങ്ങില്ല...

മുല്ലപ്പെരിയാറിന്റെ നിലവിലെ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് വ്യക്തമാക്കുന്ന ലേഖനവുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ കേരളത്തിൽ ഈ വിഷയം ഏറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഏറെ ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോർട്ട് ആണ് ഒരു മാധ്യമം പുറത്ത് വിട്ടിരിക്കുന്നത്. നൂറു വർഷം മുമ്പത്തെ മഹാപ്രളയത്തിന് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലപ്രവാഹവും കാരണമായെന്നും സമാനമായൊരു പ്രളയമുണ്ടായാൽ അണക്കെട്ടിന് അപകടമുണ്ടാകുമെന്നുമുള്ള ആധികാരിക റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. അന്നത്തെ ഡാം സൂപ്രണ്ട് ജെ. ജോൺസൻ തയ്യാറാക്കി മദ്രാസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണിത്.
1924 ജൂലായ് 16,17 തീയതികളിൽ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത പേമാരിയിൽ അണക്കെട്ട് നിറഞ്ഞുകവിഞ്ഞു. സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തുറന്നിട്ടാണ് ജലപ്രവാഹത്തെ അന്ന് അതിജീച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 1924 ജൂലായ് 16ന് വൈകിട്ട് 5.30 മുതൽ 17ന് രാവിലെ 10 വരെ 10 ഷട്ടറുകളും തുറന്നിട്ട് സെക്കൻഡിൽ 89,217 ഘനയടി ജലമൊഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് താണില്ല. 152 അടി പരമാവധി സംഭരണശേഷിയും കവിഞ്ഞ് 153.90 അടി വരെ ജലനിരപ്പെത്തി. ഗുരുതരാവസ്ഥ തിരുവിതാംകൂർ സർക്കാർ അറിഞ്ഞില്ല. അണക്കെട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് അറിയിക്കാൻ തിരുവിതാംകൂർ സർക്കാരിലേക്ക് നാലു തവണ ടെലിഗ്രാം അയച്ചെങ്കിലും സന്ദേശം ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
അണക്കെട്ട് തുറുന്നുവിടേണ്ട സാഹചര്യമുണ്ടായാൽ തിരുവിതാംകൂർ ചീഫ് സെക്രട്ടറി, കോട്ടയം ദിവാൻ പേഷ്കാർ, തിരുവിതാംകൂർ ചീഫ് എൻജിനിയർ, കൊച്ചി ദിവാൻ, ദേവികുളം കമ്മിഷണർ എന്നിവർക്ക് ഉൾപ്പെടെ 11 കേന്ദ്രങ്ങളിൽ മുൻകൂട്ടി അറിയിക്കണമെന്നായിരുന്നു മുല്ലപ്പെരിയാർ പാട്ടക്കരാറിലെ വ്യവസ്ഥ. 1924ന് സമാനമായ രീതിയിൽ പ്രളയമുണ്ടായാൽ മുല്ലപ്പെരിയാർ അണക്കെട്ട് അപകടത്തിലാകുമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഡാം സൂപ്രണ്ടിന്റെ റിപ്പോർട്ടിന് അനുബന്ധമായുള്ളതാണിത്. അണക്കെട്ടിന്റെ വലതുവശത്തെ പാർശ്വഭിത്തിയുടെ ദുർബലാവസ്ഥയാണ് ഇതിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല.
ജൂലായ് 15 മുതൽ മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന പേമാരിയും മഹാപ്രളയവുമാണ് 99ലെ വെള്ളപ്പൊക്കം. നാശനഷ്ടങ്ങളും ആയിരങ്ങളുടെ ജീവഹാനിയും സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അപകടമുണ്ടായി അണക്കെട്ട് തകര്‍ന്നാല്‍ താഴ്‌വാരത്തു താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.
ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്. യു.എന്‍ നടത്തിയ പഠനവും മുമ്പ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തു നിരവധി അണക്കെട്ടുകള്‍ കാലാവസ്‌ഥാ വ്യതിയാനത്തില്‍ വലിയ അപകടം നേരിടുന്നുണ്ട്. അവയില്‍ ഏറെയും ഇന്ത്യയിലും ചൈനയിലുമാണ്. അതില്‍തന്നെ ഏറ്റവും അപകടകരമായ സ്‌ഥിതിയിലുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഈ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും അപകടത്തിൽപ്പെടാം. മുല്ലപ്പെരിയാർ അണക്കെട്ടിന് 129 വർഷത്തിലേറെ പഴക്കമുണ്ട്, പ്രത്യക്ഷത്തിൽ തന്നെ കാണാനാവുന്ന കേടുപാടുകൾ മുല്ലപ്പെരിയാർ ഡാമിന് സംഭവിച്ചിട്ടുണ്ട്.
മാത്രമല്ല ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുല്ലപ്പെരിയാർ തകർന്നാൽ 35ലക്ഷം പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ അവർ വിശദീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കാലപ്പഴക്കം ചെന്ന അണക്കെട്ടുകളിൽ നിന്നുള്ള അപകടസാധ്യതകൾ കൂടുതൽ ആശങ്ക ഉയർത്തന്നവയാണ്. നിർമ്മാണസമയത്ത് സങ്കൽപ്പിക്കാൻ കഴിയുന്നഏറ്റവും മോശം സാഹചര്യങ്ങളെ ചെറുക്കുന്ന തരത്തിലാണ് ഡാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, കാലാവസ്ഥയിൽ വരുന്ന മാറ്റം അണക്കെട്ടുകളെ ദുർബലമാക്കുന്നുണ്ട്.
അണക്കെട്ട് നിർമ്മിക്കുന്ന കാലത്ത് നൂറ്റാണ്ടിലൊരിക്കൽ കണക്കാക്കപ്പെട്ടിരുന്ന വെള്ളപ്പൊക്കം, പ്രളയം, വരൾച്ച, തുടങ്ങിയുള്ള കാലാവസ്ഥാ സംഭവങ്ങൾ ക്രമാനുഗതമായ വർധനവോടെ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു, ഇവയ്ക്ക് മുന്നിൽ അണക്കെട്ടുകൾ തകരുകോ അല്ലെങ്കിൽ അവയുടെ സമഗ്രത ഗണ്യമായി ദുർബലമാകുകയോ ചെയ്യുന്നുവന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുന്നു എന്ന് ഇരുവരും നിരീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha