അറിയേണ്ടതിതൊക്കെ... ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് കനത്ത മഴ തുടരും, മലപ്പുറം മുതല്‍ കാസര്‍കോട് വരെ ഇന്ന് ഓറഞ്ച് അലര്‍ട്ട്; ഇന്നും പെരുമഴ തുടരും, കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യാന്‍ സാധ്യത; വിവിധ ജില്ലകള്‍ക്കുള്ള മുന്നറിയിപ്പ് ഇങ്ങനെ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കാലവര്‍ഷം മാറിയിട്ടും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. മലയോരമേഖലകളില്‍ ജാഗ്രത വേണമെന്നും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കന്‍ ഛത്തീസ്ഗഡിനും വിദര്‍ഭക്കും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാള്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏട്ട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.
തൃശൂര്‍
ജില്ലയില്‍ മഴയും പല സ്ഥലങ്ങളില്‍ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്ത് ഇന്ന് (ബുധനാഴ്ച) ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പൂര്‍ണമായും റെസിഡന്‍ഷ്യലായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
ആലപ്പുഴ
ശക്തമായ മഴയും വെള്ളക്കെട്ടും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ബുധനാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് ഇത് ബാധകമല്ല.
ഇടുക്കി
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് ഇന്ന് (ബുധനാഴ്ച) ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഷിബ ജോര്‍ജ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസ, കിന്‍ഡര്‍ ഗാര്‍ഡന്‍, എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷന്‍ സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് കളക്ടര്‍ അറിയിച്ചു. പൂര്‍ണ്ണമായും റെസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
പാലക്കാട്
കനത്ത കാലവര്‍ഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അംഗണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ബുധനാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ ക്ലാസുകള്‍ ഒഴിവാക്കേണ്ടതാണ്. കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ സംഘാടകര്‍ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.
കോഴിക്കോട്
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ബുധനാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.
വയനാട്
ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധനാഴ്ച) ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. എം.ആര്‍.എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ ഇന്ന് അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധനാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകള്‍ക്ക് നാളത്തെ അവധി ബാധകമല്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
കോട്ടയം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
മലപ്പുറത്ത് അവധിയില്ല
മലപ്പുറം ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും ജില്ലയില്‍ നിലവില്‍ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലന്നും കളക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha