ലിഫ്റ്റ് വീണ്ടും പണിമുടക്കി... ഇത്തവണ ലിഫ്റ്റില്‍ കുടുങ്ങിയത് ഡോക്ടറും രോഗിയും കൂട്ടിരിപ്പുകാരും

ലിഫ്റ്റില്‍ കുടുങ്ങിയ ഡോക്ടറെയും ഒപ്പമുണ്ടായിരുന്ന രോഗിയെയും കൂട്ടിരിപ്പുകാരനെയും 15 മിനിട്ടിനകം രക്ഷിച്ചു. ലിഫ്റ്റില്‍ 42 മണിക്കൂര്‍ രോഗി കുടുങ്ങിയത് വിവാദമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് തൊട്ടടുത്ത ദിനം ഈ സംഭവവും. ഇ.എന്‍.ടി വിഭാഗത്തിലെ ആന്‍സിലയാണ് കുടുങ്ങിയ ഡോക്ടര്‍. അത്യാഹിത വിഭാഗത്തില്‍ നിന്ന് സ്കാനിംഗ് വിഭാഗത്തിലേക്കുള്ള 7-ാം നമ്പര്‍ ലിഫ്റ്റില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
യാത്രക്കാരുമായി ഉയര്‍ന്ന ലിഫ്റ്റ് ഗ്രൗണ്ട് ഫ്ളോറിനും ഒന്നാം നിലയ്ക്കും ഇടയില്‍ കുടുങ്ങുകയായിരുന്നു. ഡോറില്‍ ഇടിക്കുന്നത് കേട്ടവര്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാര്‍ ഉള്‍പ്പെടെ പാഞ്ഞെത്തി. ഇതിനിടെ ഓപറേറ്റര്‍മാരെ കൂട്ടിക്കൊണ്ട് വന്ന ലിഫ്റ്റ് താഴെ ഇറക്കി വാതില്‍ തുറന്നു. ഭയന്ന് കരയുകയായിരുന്നു ഡോക്ടര്‍. വൈദ്യുതി ബന്ധം നിലച്ചതാണ് കാരണമെന്നും ഇത്തരം തകരാറുകള്‍ പതിവാണെന്നുമാണ് അധികൃതരുടെ വിശദീകരണം.
ശനിയാഴ്ച ചികിത്സക്കെത്തിയ രവീന്ദ്രന് നായര്‍ 42 മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു. ഡീലക്സ് പേവാര്‍ഡില്‍ ചികിത്സയിലുള്ള രവീന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്നലെ സന്ദര്‍ശിച്ച ശേഷം മന്ത്രി വീണാജോര്‍ജ് അറിയിച്ചു.
അതിനിടെ, മാനസികാസ്വാസ്ഥത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മൂന്നാം നിലയില്‍ നിന്നു താഴേക്ക് ചാടി. വള്ളക്കടവ് സെന്റ് തോമസ് ഹൗസില്‍ ഗോലിന് പീറ്ററാണ്(45) ഇന്നലെ രാവിലെ പത്തോടെ ചാടിയത്. രണ്ടാം നിലയിലെ പടിക്കെട്ടില്‍ വീണ് കാലിന് പൊട്ടലുണ്ടായി. ശരീരമാസകലം മുറിവും ചതവുമേറ്റി. 13 വര്‍ഷമായി പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്. മരുന്ന് ഒരുമിച്ച് കഴിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha

























