ആരോഗ്യവകുപ്പ് വെന്റിലേറ്ററില്‍ ഗുണ്ടകളെ 'കമ്മിയാടാക്കാന്‍' മന്ത്രി കൊലക്കേസിലെ പ്രതിക്കും രക്തഹാരം

പിണറായി മന്ത്രിസഭയില്‍ തോല്‍വിക്കായി മത്സരിക്കുന്ന മന്ത്രിമാരാണ് കൂടുതലും. സ്വന്തം വകുപ്പ് കാര്യക്ഷമമായി നടത്താന്‍ പ്രാപ്തിയുള്ളവര്‍ ചുരുക്കം. അക്കൂട്ടത്തില്‍ പെടാത്തയാളാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാധ്യമപ്രവര്‍ത്തകയായിരുന്നപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും തലനാരിഴകീറി പരിശോധിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നയാളാണ് വീണാ ജോര്‍ജ്. അതുകൊണ്ട് തന്നെ മന്ത്രിയായപ്പോള്‍ കാര്യക്ഷമമായി ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. അതുണ്ടായില്ലെന്ന് മാത്രമല്ല, വമ്പന്‍ പരാജയമാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ടയില്‍ യുവമോര്‍ച്ചയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആവേശത്തോടെയാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും സ്വീകരിച്ചത്.
അതില്‍ ക്രിമില്‍ കേസിലും കഞ്ചാവ് കേസിലും പെട്ടവരുണ്ടെന്ന് അറിഞ്ഞിട്ടും ന്യായീകരണവുമായി മന്ത്രി ചാടിയിറങ്ങി. അവരെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വരെ വാദിച്ചു. അങ്ങനെയല്ലെന്ന് എക്‌സൈസും പൊലീസും വ്യക്തമാക്കിയിട്ടും മന്ത്രി നിലപാട് മാറ്റാന്‍ തയ്യാറായില്ല. എസ്എഫ്‌ഐക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുണ്ടെന്ന് അറിഞ്ഞിട്ടും മന്ത്രിക്ക് കൂസലില്ല. ആരായാലും അവര്‍ സിപിഎമ്മിലേക്ക് വന്നു. ഇനി അവര്‍ എല്ലാം കൊണ്ടും യോഗ്യന്മാരാണെന്ന നിലപാടില്‍ മന്ത്രി ഉറച്ചുനില്‍ക്കുന്നു. കള്ളന്മാരെയും പിടിച്ചുപറിക്കാരെയും രക്തഹാരമിട്ട് ആനയിച്ചോണ്ട് വരാനുള്ള പ്രസ്ഥാനമല്ല സിപിഎമ്മെന്ന് മന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. പള്ളിമേടയില്‍ നിന്ന് അടുത്തകാലത്ത് പാര്‍ട്ടി ഓഫീസില്‍ എത്തിയത് കൊണ്ടാണ് വീണ ജോര്‍ജിന് ഇക്കാര്യങ്ങളില്‍ വലിയ ബോധ്യമില്ലാത്തത്. ക്രൈസ്തവ വിശ്വാസപ്രകാരം ഏത് കൊടും പാപിയേയും നല്ലയിടയനാക്കി മാറ്റാം. പക്ഷെ, പാര്‍ട്ടിയിലത് പറ്റില്ല. സമൂഹത്തിനാകെ മാതൃകയാകേണ്ട, ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ് സിപിഎമ്മിലേക്ക് വരേണ്ടത്. അത്തരക്കാരെയായിരിക്കണം പാര്‍ട്ടിയിലേക്ക് കൊണ്ടുവരേണ്ടതും വരേണ്ടതും. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയിലുള്ള ക്രിമിനലുകളെയും സാമൂഹ്യവിരുദ്ധരെയും ആകരുത്.
മന്ത്രി നാടാകെ നടന്ന്, സാമൂഹ്യവിരുദ്ധരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനിടെ, സ്വന്തം വകുപ്പ് വെന്റിലേറ്ററിലായ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സംസ്ഥാനത്തെ മിക്ക മെഡിക്കല്‍ കോളജുകളുടെയും അവസ്ഥ പരിതാപകരമാണ്. ചില ജീവനക്കാരുടെ കയ്യിലിരിപ്പ് കൊണ്ടാണ് ഒരു പരിധിവരെ ഈ അവസ്ഥയുണ്ടായത്. ജീവനക്കാരുടെ യൂണിയന്റെ അതിപ്രസരവും ശക്തമാണ്. ശസ്ത്രക്രിയയ്ക്ക് ചികിത്സതേടിയ രോഗിയെ പീഡിപ്പിച്ചതും വിരലിന് പകരം നാക്കിലും ഓപ്പറേഷന്‍ നടത്തിയത് വീണാജോര്‍ജ് ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് എന്ന് പിന്നീട് പറയേണ്ടിവരും അതുപോലെയുള്ള വിചിത്രമായ കാര്യങ്ങളാണ് വകുപ്പില്‍ അരങ്ങേറുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മൊഴിനല്‍കിയ നഴ്‌സിനെ സ്ഥലംമാറ്റുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത മഹാമനസ്‌കയാണ് വീണാ ജോര്‍ജ്. ഇടത് അനുകൂല ജീവനക്കാരുടെ സംഘടിത ശക്തിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മന്ത്രി അത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും അവരുടെ സ്ഥലംമാറ്റം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ശസ്ത്രക്രീയയ്ക്കിടെ വയറ്റില്‍ കത്രിക മറന്ന് വച്ച ഡോക്ടര്‍മാരെ സംരക്ഷിച്ചതും ആരോഗ്യവകുപ്പ് തന്നെ. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും തനിക്ക് നീതി കിട്ടണമെന്നും അഭ്യര്‍ത്ഥിച്ച് യുവതി സെക്രട്ടറിയേറ്റ് നടയില്‍ വരെ സമരം ഇരിക്കേണ്ടിവന്നു. ഈ വിഷയത്തിലും മനുഷ്യത്വപരമായ സമീപനം ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന രോഗിയുടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍, ഇത്തരം സംഭവങ്ങള്‍ നേരിടാനുള്ള എക്‌സ്പീരിയന്‍സ് ഡോക്ടര്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് സ്ഥലത്തെത്തിയ വീണാ ജോര്‍ജ് പ്രതികരിച്ചത്. അല്ലാതെ പ്രതിയെ കൊണ്ടുവന്ന പൊലീസുകാരുടെ വീഴ്ചയെന്നല്ല. ആശുപത്രികളില്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗികളുടെയും കൂടെ വരുന്നവരുടെയും മര്‍ദ്ദനം ഏല്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേയായി. യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടതോടെ ആശുപത്രി സംരക്ഷണബില്‍ പൊടിതട്ടിയെടുത്ത് പെട്ടെന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. ഒരു ജീവന്‍ പൊലിയണം, എങ്കിലേ സര്‍ക്കാര്‍ ഉണരൂ, അതാണ് അവസ്ഥ. ആമയിഴഞ്ചാന്‍ തോട്ടിലും അതാണ് സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റികളെ കുറിച്ച് വ്യാപകമായ പരാതി നിരന്തരം ഉയരുന്നുണ്ട്. ചില ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമാണ്. രോഗി രണ്ട് ദിവസം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിക്കിടന്നു എന്ന് പറയുമ്പോള്‍ അനാസ്ഥയുടെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകും. മഴക്കാലമായതോടെ പനി, കോളറ അടക്കമുള്ളവ വ്യാപിക്കുകയാണ്.
ഇത് മുന്നില്‍ കണ്ടുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ-തദ്ദേശ വകുപ്പുകള്‍ ചെയ്തിട്ടില്ല. ആരോഗ്യവകുപ്പ് പനിക്കണക്ക് പോലും പുറത്തുവിടുന്നില്ല. അത്രയ്ക്ക് മോശമായ സാഹചര്യമാണുള്ളത്. ഇതിനൊക്കെ പരിഹാരം കാണേണ്ട മന്ത്രി ക്രിമിനലുകളെ രക്തഹാരം നല്‍കി സ്വീകരിച്ച് ആനയിച്ച് മുഷ്ഠിചുരുട്ടി മുദ്രാവാക്യം വിളിച്ച് പുളകം കൊള്ളുകയാണ്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ കോബ്രഹെഡേ മുമ്പ് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പറഞ്ഞിരുന്നു. കെകെ ശൈലജ ടീച്ചര്‍ മന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തിലായിരുന്നില്ല കാര്യങ്ങള്‍. എല്ലായിടത്തും ടീച്ചറുടെ കണ്ണും കാതും എത്തുമായിരുന്നു. എവിടെയെങ്കിലും നീതിനിഷേധം നടന്നാല്‍ അതിലുടന്‍ ഇടപെടുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ മന്ത്രി വീണാ ജോര്‍ജിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം ഉണ്ടാവുന്നേയില്ല. അതുകൊണ്ട് മന്ത്രി പ്രവര്‍ത്തന ശൈലി മാറ്റണം, അല്ലൈങ്കില്‍ പാര്‍ട്ടി മന്ത്രിയെ മാറ്റണം. രണ്ടായാലും ജനത്തിനും പാര്‍ട്ടിക്കും നല്ലതാണ്.
https://www.facebook.com/Malayalivartha

























