മാലിന്യം അടിഞ്ഞഞ്ഞകൂടി കറുത്ത നിറമാണ് വെള്ളത്തിന്; നിറയെ പുഴുവും:- അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമംഗത്തിന്റെ വെളിപ്പെടുത്തൽ...

ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന റെയിൽവേയുടെ ഭാഗത്ത് ഒഴുക്കിന് തടസ്സമില്ലെന്നാണ് റെയിൽവേ വാദം. ജോയിയുടെ മരണ ശേഷം ഇറക്കിയ പത്രക്കുറിപ്പിലായിരുന്നു ന്യായീകരണം. ഈ ഭാഗത്തുനിന്ന് റെയിൽവേ നിശ്ചയിച്ച കരാറുകാർ കഴിഞ്ഞദിവസങ്ങളിൽ നീക്കിയത് ഏകദേശം 50 ലോഡ് മാലിന്യമാണ്. ഇതിൽ 29 ലോഡ് പൂജപ്പുരയിലെ റെയിൽവേയുടെ ഡംപിങ് യാർഡിലേക്ക് മാറ്റി. ശേഷിച്ചതാണ് റെയിൽവേയുടെ പിറകുവശത്തെ ടിക്കറ്റ് കൗണ്ടറിന് സമീപം കൂട്ടിയിട്ടിരിക്കുന്നത്. ജോയി അപകടത്തിൽപ്പെട്ട ദിവസവും രണ്ട് ലോഡ് മാലിന്യം ഇവിടേക്ക് കൊണ്ടുപോയിരുന്നു. ടെൻഡറിലൂടെയാണ് റെയിൽവേയുടെ മാലിന്യം നീക്കാൻ കരാറെടുത്തതെന്ന് കരാറുകാരൻ ബിജു പറഞ്ഞു.
ദിവസവും രാവിലെ 8.30 മുതൽ പകൽ 3.30 വരെ റെയിൽവേ മേൽനോട്ടത്തിലാണ് മാലിന്യം നീക്കിയത്. എന്നാലും റെയിൽവേയുടെ ന്യായം ഇങ്ങനെ: ‘ജോയിയുടെ മരണത്തിൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല’. മാലിന്യസംസ്കരണത്തിന് റെയിൽവേയ്ക്ക് സ്വന്തമായി സംവിധാനമുണ്ടെന്നാണ് അവർ പറയുന്നത്. എന്നിട്ടും എന്തേ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാനോ സംസ്കരിക്കാനോ തയ്യാറായില്ല എന്ന ചോദ്യം ബാക്കിയാണ്. 50 ലോഡ് മാലിന്യം നീക്കിയിട്ടും അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘത്തിന് കട്ടകെട്ടിയ മാലിന്യം കാരണം രക്ഷാപ്രവർത്തനം നടത്താനാകുന്നുണ്ടായിരുന്നില്ല.
"മൊത്തം മാലിന്യമാണ്, അതടിഞ്ഞുകൂടി കറുത്ത നിറമാണ് വെള്ളത്തിന്. നിറയെ പുഴുവും. തുണിയും മദ്യക്കുപ്പികളും ഒരാൾ പൊക്കത്തിൽ പാളികളായി അടിഞ്ഞുകിടക്കുകയാണ്. നീന്തുമ്പോൾ തലയ്ക്ക് മുകളിലും ഓക്സിജൻ സിലിണ്ടറിലും പ്ലാസ്റ്റിക് കവറൊക്കെ കുടുങ്ങും. ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യമടക്കം ഇതിലേക്കാണ് ഒഴുക്കുന്നതെന്ന് തോന്നുന്നു. ട്രെയിനിൽ നിന്ന് വേസ്റ്റ് കഴുകിയിറക്കുന്നതും ഇവിടെയാണ്. സെപ്ടിക് മാലിന്യമടക്കം ഇതിലേക്കാണ് ഒഴുക്കുന്നത്. ഞങ്ങൾ ഇതിൽ നിൽക്കുമ്പോഴും ഇത്തരം മാലിന്യം ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.'
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താൻ മാലിന്യത്തിലേക്ക് ഇറങ്ങിയ അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമംഗം വിജിന്റെ വാക്കുകൾ ഇങ്ങനെയിരുന്നു. കെട്ടുകണക്കിന് വേസ്റ്റാണ് ഓരോ തവണയും എടുത്ത് പുറത്തേക്കിട്ടത്. വർഷങ്ങളായുള്ള വേസ്റ്റാണ് ഇവിടെയുള്ളത്. അതിന്റെ ഇടയിലൂടെ നീന്തിയാണ് ഓരോ തവണയും പുറത്തേക്ക് വരുന്നത്. അകത്തുനിൽക്കുമ്പോൾ ഡീസലിന്റെ രൂക്ഷഗന്ധവുമുണ്ടായിരുന്നു. രണ്ടുദിവസം മുഴുവൻ ഈ വെള്ളത്തിലായിരുന്നു. ജോയിക്കായുള്ള തെരച്ചിലിന്റെ ഭാഗമായത് 13 സ്കൂബാ ഡൈവേഴ്സാണ്. ഒരുസമയത്ത് രണ്ടുപേർ വീതമാണ് ഇവിടെ മാൻഹോളിലും ടണലിലും ഇറങ്ങിയത്. ഏകദേശം 45 മിനിറ്റ് നേരമാണ് ഇവർ ടണലിനുള്ളിൽ പരിശോധിച്ചത്.
അതിനിടെ ജോയിയുടെ കുടുംബത്തിന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. തിരുവനന്തപുരം കോര്പറേഷൻ ജോയിയുടെ മാതാവിന് വീടുവച്ചു നല്‍കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രനും വ്യക്തമാക്കി.
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും വൻ വീഴ്ചയാണ് സംഭവിച്ചത്. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ഉണ്ടായ പാളിച്ചകൾക്ക് പുറമെ വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയ തുകയിൽ നാലിൽ ഒന്ന് പോലും കോര്പറേഷൻ ചെലവഴിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























