വല്ലാത്തൊരു തിരിച്ചടി... പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു; പ്രതികളുടെ മാനസിക ജയില്‍ പെരുമാറ്റ റിപ്പോര്‍ട്ട് നല്കാന് കോടതി

കേരളത്തെ ഏറെ ഞെട്ടിപ്പിച്ച സംഭവമാണ് പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയുടെ ക്രൂര കൊലപാതകം. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതികളുടെ മാനസിക ജയില്‍ പെരുമാറ്റ റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദ്ദേശിച്ചു.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടിസ് അയച്ചു. നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമറുള്‍ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആര് ഗവായ്, സഞ്ജയ് കരോള്‍, കെ.വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്തു.
പ്രതിയുടെ മാനസിക നില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് കോടതി തൃശൂര്‍ മെഡിക്കല്‍ കോളേജിനോട് നിര്‍ദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് വിയൂര്‍ ജയില്‍ അധികൃതരോടും കോടതി നിര്‍ദ്ദേശം നല്കി.
സുപ്രീം കോടതി ശിക്ഷ കുറയ്ക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അത് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജയിലില്‍ എത്തി പ്രതിയെ കണ്ട് സംസാരിച്ച് വിവരങ്ങള്‍ കോടതിയെ സമര്‍പ്പിക്കാന്‍ Project 39A എന്ന സംഘടനയിലെ നൂരിയ അന്‍സാരിയെ കോടതി നിയോഗിച്ചു. ആവശ്യമെങ്കില്‍ ഇവര്‍ക്ക് പരിഭാഷയ്ക്കായി ഒപ്പം ഒരാളെ കൂടി ഉള്‍പ്പെടുത്താം.
നൂരിയ അന്‍സാരിയും പ്രതിയും തമ്മില്‍ സംഭാഷണം നടത്തുമ്പോള്‍ ജയില്‍ അധികൃതരോ മറ്റു ഉദ്യോഗസ്ഥരോ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത് ശബ്ദ റെക്കോര്‍ഡ് ചെയ്യണം. മെഡിക്കല്‍ രേഖകള്‍, ജയില്‍ പെരുമാറ്റം, ഏറ്റെടുക്കുന്ന ഏതെങ്കിലും വിദ്യാഭ്യാസ, തൊഴില്‍ അല്ലെങ്കില്‍ തൊഴില്‍ അവസരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവയും അപേക്ഷകനെ സംബന്ധിച്ച രേഖകളും പരിശോധിക്കാനും നൂരിയ അന്‍സാരിക്ക് കഴിയുമെന്നും കോടതി വ്യക്തമാക്കി.
എട്ട് ആഴ്ചയ്ക്കുള്ളില്‍ അപ്പീലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. പ്രതിക്ക് വേണ്ടി ദില്ലി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടെ പ്രോജക്റ്റ് 39 എയാണ് നിയമസഹായം നല്‍കിയത്. 2016 ഏപ്രില്‍ 28നായിരുന്നു നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.
ഹൈക്കോടതി മുമ്പ് വധശിക്ഷ ശരിവച്ചിരുന്നു. അന്ന് നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞ വാക്കുകുള്‍ ഇപ്പോഴും പ്രതിധ്വനിക്കുകയാണ്. 'കോടതിയില്‍ നിന്നും നീതി ലഭിച്ചു. എന്റെ മകള്‍ അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. ഇനി കേരളത്തില്‍ ഒരാള്‍ക്കും, ഒരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ ക്രൂരമായ അനുഭവമുണ്ടാകരുത്. കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു' എന്നും നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു.
'എന്റെ മകള്‍ തിന്ന വേദന നാളെ ഇനി ഒരു കുഞ്ഞും അനുഭവിക്കരുത്. എന്റെ മകളെ ക്രൂരമായി വേദനിപ്പിച്ചാണ് കൊലപ്പെടുത്തിയത്. അത് അവനും അനുഭവിക്കണം. അവനെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നും' അവര്‍ ആവശ്യപ്പെട്ടു. അന്ന് പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചിരുന്നു. പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വിധി പ്രസ്താവിച്ചത്.
നിരപരാധിയാണെന്നും തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസില്‍ നിന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. വധശിക്ഷയില്‍ ഇളവു വേണമെന്ന പ്രതിയുടെ ആവശ്യവും കോടതി നിരാകരിച്ചു. 2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിനിയായ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ഈ കേസിലാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
https://www.facebook.com/Malayalivartha

























