ഉത്തര്‍പ്രദേശ് ആടിയുലയുന്നു... ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം അതിരൂക്ഷമായി തുടരുന്നു; യോഗിക്കെതിരെ നീക്കവുമായി ഒരു വിഭാഗം; ഇനിയൊരുവസരം യോഗിക്ക് നല്‍കാതിരിക്കാന്‍ കരുനീക്കം; നയിക്കുന്നത് ഉപമുഖ്യമന്ത്രി

ലോക്‌സഭയില്‍ തട്ടിയും മുട്ടിയും ബിജെപി ഭരണം പിടിച്ചതിന് പിന്നാലെ അതിന്റെ പ്രതിധ്വനി ഉത്തര്‍പ്രദേശിലും ഉയരുന്നു. ഉത്തര്‍ പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയയെും വൈകാതെ കാണുമെന്നാണ് വിവരം. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപി നേതാക്കളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയത്. കേശവ് പ്രസാദ് മൗര്യ ഇന്നലെ ദില്ലിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സംഘടനാ ചമുതലകളിലേക്ക് മടങ്ങാമെന്ന് കേശവ് പ്രസാദ് മൗര്യ നേതാക്കളോട് പറഞ്ഞെന്നാണ് വിവരം. നേരത്തെ 2016 മുതല്‍ 2017 വരെ യുപി ബിജെപി അധ്യക്ഷനായിരുന്നു കേശവ് പ്രസാദ് മൗര്യ. അതേസമയം തന്നോട് ആരും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി അറിയിച്ചു.
വൈകാതെ യോഗി ആദിത്യനാഥ് ദില്ലിയിലെത്തി നരേന്ദ്ര മോദിയെയും ജെപി നദ്ദയെയും കാണും. പാര്‍ട്ടിയിലും സര്‍ക്കാറിലും അഴിച്ചുപണിക്കും കേന്ദ്ര നേതൃത്വം മുതിര്‍ന്നേക്കും. പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. സംസ്ഥാനത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം പ്രഖ്യാപിക്കാനിരിക്കേ അതിന് മുന്‍പ് അഴിച്ചുപണി ഉണ്ടാകുമോയെന്നാണ് ആകാംഷ. ഇന്നലെ രാത്രി യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ രാജ്ഭവനിലെത്തി യോഗി ആദിത്യനാഥ് കണ്ടിരുന്നു.
യുപിയിലെ ഭിന്നത ചൂണ്ടിക്കാട്ടി പരിഹാസം തുടരുകയാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മണ്‍സൂണ്‍ ഓഫര്‍ വയ്ക്കുകയാണെന്നും 100 പേരെ ബിജെപിക്ക് പുറത്ത് കൊണ്ടു വന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നും അഖിലേഷ് യാദവ് പറഞ്ഞു. വൈകീട്ട് യുപിയടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന പ്രവര്‍ത്തകരെയും, പാര്‍ട്ടി ആസ്ഥാനങ്ങളിലെ ജീവനക്കാരെയും മോദി ദില്ലിയില്‍ കാണും. യുപിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാര്‍ട്ടിക്കെതിരായിരുന്നുവെന്നാണ് യോഗിക്കെതിരെ ഉയര്‍ത്തിയ പ്രധാന പരാതി. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ 26ന് ബിജെപി മുഖ്യമന്ത്രിമാരുടെ യോഗവും ദില്ലിയില്‍ ചേരുന്നുണ്ട്.
അത്സമയം ഉത്തര്‍പ്രദേശില്‍ നേരിട്ട തിരിച്ചടിയില്‍ നേതാക്കള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ, സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍ യോഗി സര്‍ക്കാറിന് കടുത്ത വിമര്‍ശനങ്ങളാണുള്ളത്. 40,000 പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്.
അയോധ്യയിലും അമേതിയിലും പ്രത്യേക കൂടിക്കാഴ്ച നടത്തിയും 40,000 പേരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചുമാണ് 15 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് അവകാശപ്പെടുന്നത്. പ്രവര്‍ത്തകരില്‍ അസംതൃപ്തിയും വിയോജിപ്പും രൂക്ഷമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാറിന്റെ ഏകാധിപത്യമനോഭാവം, പ്രവര്‍ത്തകരിലെ അതൃപ്തി, തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ എന്നിങ്ങനെ തിരിച്ചടിയുണ്ടാക്കിയ ആറുകാരണങ്ങള്‍ അക്കമിട്ടുനിരത്തുന്നതാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി വോട്ടുവിഹിതത്തില്‍ ഇക്കുറി എട്ടുശതമാനത്തിന്റെ കുറവുണ്ടായി. സംവരണത്തിനെതിരായി പാര്‍ട്ടി നേതാക്കളില്‍ ചിലരുടെ പ്രസ്താവന വോട്ടുചോര്‍ത്തി. മൂന്നിലൊന്ന് ദലിത് വോട്ടുകള്‍ മാത്രമാണ് ഇത്തവണ ബി.ജെ.പിക്ക് നേടാനായത്. കുര്‍മി, മൗര്യ സമുദായങ്ങളുടെ പിന്തുണ കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ടുവിഹിതം 10 ശതമാനത്തോളം കുറഞ്ഞെങ്കിലും പലയിടങ്ങളിലും കോണ്‍ഗ്രസ് കരുത്തരായി. പ്രചാരണത്തിന്റെ തുടക്കത്തില്‍ പ്രവര്‍ത്തകരിലുണ്ടായ ആവേശം അവസാനഘട്ടങ്ങളിലേക്കെത്തിയപ്പോള്‍ കുറഞ്ഞതും വിനയായി.
പെന്‍ഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അതൃപ്തിയുണ്ടായപ്പോള്‍ അഗ്‌നിവീറും ചോദ്യചോര്‍ച്ച വിവാദങ്ങളും യുവാക്കളെ പാര്‍ട്ടിയില്‍ നിന്നകറ്റി.
"
https://www.facebook.com/Malayalivartha

























