മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങണമെന്ന് കുടുംബം
![](https://www.malayalivartha.com/assets/coverphotos/w657/315073_1721403362.jpg)
ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. രാത്രിയിലും അര്‍ജുന് വേണ്ടി പ്രതീക്ഷയോടെ തെരച്ചില്‍ തുടരുകയാണ്. അര്‍ജുന്റെ ലോറി മണ്ണിനടിയില്‍ കുടുങ്ങിയെന്ന സംശയത്തിലാണ് ദൗത്യസംഘം. ഇത് സ്ഥിരീകരിക്കാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
വലിയ ലൈറ്റുകള്‍ അടക്കം പ്രദേശത്ത് എത്തിച്ച് തിരച്ചില്‍ വിപുലമാക്കും. അതേ സമയം അര്‍ജുന്റെ ലോറി നദിയില്‍ ഇല്ലെന്നുള്ള വിവരം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് അര്‍ജുന്റെ ഭാര്യാസഹോദരന്‍ ജിതില്‍ ഇക്കാര്യം ഉന്നയിച്ചത്. കോഴിക്കോട് സ്വദേശിയാണ് കാണാതായ അര്‍ജുന്‍.
പ്രദേശത്തെ കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അപകടം നടന്നിട്ട് നാല് ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനം കാര്യമായി നടന്നിരുന്നില്ല. ഇന്ന് മാധ്യമങ്ങളും സംസ്ഥാന സര്‍ക്കാരും വിഷയം ഉന്നയിച്ചതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയത്. അതേസമയം പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. മണ്ണ് നീക്കുന്നത് ദുഷ്‌കരമാണ്.
നേരത്തെ നേവിയുടെ ഡൈവര്‍മാര്‍ സമീപത്തെ പുഴിയിലിറങ്ങി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ലോറി കണ്ടെത്താനായില്ല. ഇതോടെയാണ് ലോറി മണ്ണിനടിയില്‍ തന്നെയുണ്ടെന്ന വാദത്തിന് കൂടുതല്‍ ശക്തി ലഭിച്ചത്. ലോറിയുടെ ജിപിഎസ് ലോക്കേഷന്‍ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നതെന്ന് ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയയും സ്ഥിരീകരിക്കുന്നു. നിലവില്‍ എഡിജിപി ആര്‍ സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കുന്നത് അടക്കമുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha