ബസില്‍ 750 രൂപ പിടിച്ചു പറിച്ച മധുര ഭവാനിക്ക് ജാമ്യമില്ല... റിമാന്റ് 25 വരെ നീട്ടി, അഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവ്, കേസ് തീരാതെ ഭവാനി പുറം ലോകം കാണില്ല

ബസിനുള്ളില്‍ 750 രൂപ പിടിച്ചു പറിച്ച കവര്‍ച്ചാ കേസിന് മധുര സ്വദേശി ഭവാനിക്ക് കോടതി ജാമ്യം നിരസിച്ചു. ജൂണ്‍ 18 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ റിമാന്റ് കാലാവധി ജൂലൈ 25 വരെ നീട്ടിയ കോടതി പ്രതിയെ അഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും ഉത്തരവിട്ടു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എല്‍സാ കാതറിന് ജോര്‍ജിന്റേതാണുത്തരവ്. മധുര പുന്ന്യാവാരം കര്പ്പകര് നഗര്‍ സ്ട്രീറ്റ് സ്വദേശി മീന എന്ന ഭവാനിയുടെ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. വിവിധ മോഷണ കേസുകളില്‍ പ്രതിയായ ഭവാനി വിവിധ ഐഡന്റിറ്റിയും വ്യത്യസ്ത വിലാസങ്ങളും ആണ് ഹാജരാക്കിയത്. പ്രതിയുടെ കൃത്യത്തിലെ പങ്കാളിത്തം പ്രഥമദൃഷ്ട്യാ കേസ് റെക്കോഡില്‍ വെളിവാകുന്നുണ്ട്.
നാടോടിയായ പ്രതിയെ ജാമ്യം നല്കി സ്വതന്ത്രയാക്കിയാല്‍ സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനും ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്.
ജൂണ്‍ 18 രാവിലെ 8.30 ന് മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റിനുളളില്‍ വന്ന കെ. എസ്. ആര്. റ്റി.സി ബസിനുള്ളിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സക്ക് വന്ന രോഗിയുടെ 750 രൂപ, ആധാര്‍ കാര്‍ഡ് കോപ്പി,ആശുപത്രികാര്ഡ് എന്നിവ അടങ്ങിയ മണി പേഴ്സ് രോഗിയുടെ ഹാന്‍ഡ് ബാഗിനുള്ളില്‍ നിന്ന് തട്ടിപ്പറിച്ചെടുത്തു. പിടിവലിക്കിടയില്‍ രോഗിയുടെ വലത് ഷോള്‍ഡറിന് പരിക്കും സംഭവിപ്പിച്ചുവെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























