ഏറെ പ്രതീക്ഷയോടെ... അര്‍ജുനായുള്ള കാത്തിരിപ്പ് അഞ്ചാം ദിവസത്തിലേക്ക്; തെരച്ചില്‍ അതിരാവിലെ മുതല്‍ ആരംഭിച്ചു, റഡാര്‍ ഉപയോഗിച്ച് ലോറി കണ്ടെത്താന്‍ ശ്രമം; ഉത്തര കന്നഡ എസ്പിയെ തള്ളി അര്‍ജ്ജുന്റെ കുടുംബം; സുരേഷ് ഗോപിയും രംഗത്ത്

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോടിന് ശേഷം മലയാളികള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് കോഴിക്കോട് സ്വദേശി അര്‍ജുനിന്റെ വരവിനായി. കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അകപ്പെട്ട കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ 5.30ന് പുനഃരാരംഭിക്കും.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് തെരച്ചില്‍ നിര്‍ത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചില്‍ അല്പസമയം കൂടി തുടരുകയും ചെയ്തു.
എന്നാല്‍ മേഖലയില്‍ മഴ അതിശക്തമായ മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച അതിരാവിലെ മുതല്‍ തെരച്ചില്‍ തുടരുമെന്നാണ് കളക്ടര്‍ അറിയിച്ചത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് തെരച്ചില്‍ നടപടികള്‍ ആരംഭിക്കും. റഡാര്‍ ഉപയോഗിച്ചായിരിക്കും തെരച്ചില്‍ നടത്തുക. ബെംഗളുരുവില്‍ നിന്ന് റഡാര്‍ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക.
രാവിലെ തന്നെ റഡാര്‍ ഉപകരണം സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. ലോറിയുള്ള സ്ഥലം ഈ റഡാര്‍ വഴി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ്, പൊലീസ്, അഗ്നിശമനസേന സംഘങ്ങള്‍ ചേര്‍ന്നാണ് രക്ഷാദൗത്യം തുടരുക. കോഴിക്കോട്ടെ വീട്ടില്‍ അര്ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അര്‍ജുന്റെ ഭാര്യാസഹോദരന്‍ ജിതിന് ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചിലില്‍ തൃപ്തരല്ലെന്ന് കുടുംബം പറഞ്ഞു. ഇന്നലെ രാത്രി തന്നെ അര്‍ജ്ജുനെ കണ്ടെത്താനാവുമെന്നായിരുന്നു പ്രതീക്ഷ. കാര്യമായ തിരച്ചിലൊന്നും അവിടെ നടക്കുന്നില്ല. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ല. 17ാം തീയതിയും രാവിലെയും ഉച്ചയ്ക്കുമെല്ലാം ഇവിടെ നിന്ന് പോയവര്‍ പൊലീസിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് അര്‍ജ്ജുന്റെ സഹോദരി പറഞ്ഞു.
അതേസമയം മലയാളിയായ ലോറി ഡ്രൈവര്‍ അര്ജുന് കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രക്ഷാ പ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'നമുക്ക് ദുരന്തനിവാരണ സേന ഉണ്ട്. അത് വെള്ളപ്പൊക്കമോ കടല്‍ക്ഷോപമോ വരുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ കൊണ്ടുവരാന്‍ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസ്സിലാകുന്നില്ല. അത് അന്വേഷിക്കണം. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനെ തീര്‍ത്തും കുറ്റം പറയാന്‍ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല, അവര്‍ അതിനുവേണ്ടി ശ്രമിക്കുന്ന ആര്‍ജവമാണ് പ്രധാനം. ആ ആര്‍ജവം കാട്ടിയിട്ടുണ്ടെങ്കില്‍ ഇത് നടക്കേണ്ടതാണ്. എന്നിട്ടും എന്തുകൊണ്ട് നടന്നില്ലായെന്നുള്ളതിന് വിലയിരുത്തല്‍ ഉണ്ടാകണം എന്ന് സുരേഷ് ഗോപി പറഞ്ഞു.
മണ്ണിടിച്ചിലില്‍ കുടുങ്ങിയെന്നു സംശയിക്കുന്ന കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്ജുന് സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തുനിന്നാണെന്നതാണ് സംശയത്തിന് കാരണം.
അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാംദിവസവും തിരച്ചില്‍ തുടരുകയാണ്. ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ഉള്‍പ്പെടെ പത്ത് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. ഇതിനിടെയാണ് അര്‍ജുനും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഉയര്‍ന്നത്.
https://www.facebook.com/Malayalivartha

























