തേയില ഫാക്ടറിയില്‍ തേയില അരിയുന്ന യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തേയില ഫാക്ടറിയില്‍ തേയില അരിയുന്ന യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല തോട്ടത്തില്‍ നീലമുത്തുവിന്റെ മകന് രാജേഷ് (37) ആണ് ദാരുണമായി മരിച്ചത്. പട്ടുമല ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ടീ ഫാക്ടറിയില്‍ യന്ത്രം വൃത്തിയാക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.
പച്ചക്കൊളുന്ത് അരിഞ്ഞ് ചെറുതാക്കുന്ന യന്ത്രമാണിത്. കൃത്യമായ ഇടവേളകളില്‍ ഈ യന്ത്രത്തിന്റെ വശത്തുള്ള വാതില്‍തുറക്കുകയും അടയുകയും ചെയ്യും.
യന്ത്രത്തിന്റെ വാതില്‍ തുറക്കുന്ന സമയത്താണ് തൊഴിലാളികള്‍, ഉള്ളില്‍ അടിഞ്ഞിരിക്കുന്ന തേയില തൂത്തുമാറ്റുന്നത്. ഇത്തരത്തില്‍ തേയില തൂത്തുവാരുന്നതിനിടെ വാതില്‍ അടയുകയും രാജേഷിന്റെ തല യന്ത്രത്തിനുള്ളില്‍ കുടുങ്ങുകയുമായിരുന്നു.തലയ്ക്കുപിന്നില്‍ യന്ത്രഭാഗം ശക്തമായി ഇടിച്ചു. രാജേഷിന്റെ തലയോട്ടി പൊട്ടി.മറ്റ് തൊഴിലാളികള്‍ രാജേഷിനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല . പീരുമേട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സുധയാണ് രാജേഷിന്റെ ഭാര്യ. മക്കള്‍: സൗപര്‍ണിക, സിദ്ധാര്‍ഥ്. സംസ്കാരം ശനിയാഴ്ച പത്തിന് പട്ടുമല പൊതുശ്മശാനത്തില്‍ നടക്കും.
അതേസമയം ഫാക്ടറിയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. 30 ദിവസത്തേക്ക് ഫാക്ടറി അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. തൊഴില്‍വകുപ്പ് ശനിയാഴ്ച ഫാക്ടറിയില്‍ പരിശോധന നടത്തും.
"
https://www.facebook.com/Malayalivartha

























