അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം

മണ്ണിടിച്ചിലില്‍ ലോറിയുള്‍പ്പെടെ മണ്ണിനടയില്‍ അകപ്പെട്ടിട്ട് അഞ്ച് ദിവസം പിന്നിട്ട സാഹചര്യത്തില്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ഇമെയില്‍ മുഖാന്തിരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.
അര്‍ജുനെ കണ്ടെത്താനായി അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ ലോറിയുടേതെന്ന് സ്ഥിരീകരിക്കാന്‍ റഡാറില്‍ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘം പറയുന്നത്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്.
കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിലവില്‍ സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എന്‍ഡിആര്‍എഫ് സംഘം അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അര്ജുന് അടക്കം പത്തുപേരാണ് അത്യാഹിതത്തില്‍പ്പെട്ടത്. എഴുപേരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കര്‍ണാടകയില്‍ നിന്ന് തടി കൊണ്ടുവരാന്‍ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അര്ജുന് ഈ മാസം എട്ടിനാണ് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജി പി എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെന്‍സ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അര്‍ജുനെ കാണാനില്ലെന്ന വിവരം നാട്ടില്‍ അറിഞ്ഞത്.
https://www.facebook.com/Malayalivartha

























