വീണ്ടും നിപ! മലപ്പുറത്ത് ഉറപ്പിച്ചു... കൺട്രോൾ റൂം തുറന്നു

കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി.
നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്.
നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ഇക്കഴിഞ്ഞ 15 നാണ് കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.
മലപ്പുറത്ത് 3 ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നു. എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്നതിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷിക്കുകയാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ മുപ്പത് മുറികൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടിയുമായി സമ്പർക്കത്തിലായവരുടെ പട്ടിക തയാറാക്കുന്നുണ്ട്.
മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തും. ഭയപ്പെടേണ്ട കാര്യമില്ല. ടെസ്റ്റ് പോസിറ്റീവായ സ്ഥിതിക്ക് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുട്ടി വെന്റിലേറ്ററിലാണ്. ഉടൻ മെഡിക്കൽ കോളജിലേക്ക് മാറ്റും. നിപ ബാധിതന്റെ പ്രാഥമിക, സെക്കന്ററി കോൺടാക്ടുകൾ നിരീക്ഷണത്തിലാണ്. മാസ്ക്ക് ധരിക്കണം.
കൂടുതൽ ആരോഗ്യ പ്രവർത്തകൾ മലപ്പുറത്തേക്ക് വരും. മൂന്ന് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയതായും മന്ത്രി വിശദീകരിച്ചു. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്.
മഞ്ചേരിയിൽ 30 പ്രത്യേക വാർഡുകൾ ആരംഭിച്ചു. കൺട്രോൾ റൂം ആരംഭിച്ചു. മലയാളികളെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിന്റെ ആദ്യവരവിന് ആറു വർഷം തികഞ്ഞത് കഴിഞ്ഞ മേയിലാണ്. 2018 മേയ് 17 ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾക്ക് നിപ്പ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ സ്രവം പരിശോധനയ്ക്ക് അയച്ചത്.
സംസ്ഥാനത്ത് ആദ്യമായി നിപ്പ രോഗബാധ തിരിച്ചറിഞ്ഞത് ആ പരിശോധനയിലൂടെയാണ്. ആറു വർഷത്തിനിടെ നാലു തവണയാണ് സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചത്– 2018, 2019, 2021, 2023 വർഷങ്ങളിൽ. 2023 സെപ്റ്റംബറിലാണ് ഒടുവിൽ രോഗബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























