ജനലക്ഷങ്ങൾക്ക് ചികിത്സ ലഭ്യമാക്കിയ ഉമ്മൻ ചാണ്ടിയുടെ ചികിത്സ പണമില്ലാതെ മുടങ്ങിയെന്ന് ശശി തരൂർ

ലക്ഷക്കണക്കിന് ആളുകൾക്ക് ചികിത്സാസഹായവും സൗജന്യ ചികിത്സാ പദ്ധതികളും ആവിഷ്കരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താൻ പണമില്ലായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അദ്ദേഹത്തിന്റെ ചികിത്സാച്ചെലവ് ഏറ്റെടുക്കാൻ എഐസിസി തയാറായെങ്കിലും അമേരിക്കയിലെ ഭീമമായ സാമ്പത്തിക ചെലവ് ഭയന്ന് ചികിത്സ വേണ്ടെന്നുവച്ച് അദ്ദേഹം മടങ്ങിപ്പോരുകയായിരുന്നു.
കെപിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം -ഹൃദയാജ്ഞലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിലെ ഏറ്റവും വലിയ പാഠം എന്തായിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയോട് ചോദിച്ചപ്പോൾ, കേരളത്തിനു വേണ്ടത് ആരോഗ്യസംരക്ഷണ നടപടികളാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് കാരുണ്യപദ്ധതിയും കോക്ലിയർ ഇംപ്ലാന്റേഷനും ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ചത്. ആരോഗ്യം അവകാശമാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇനിയും സഫലമായിട്ടില്ല. 19,000 ദിവസം ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ സാധിച്ചിട്ടില്ല.
റെയിൽവെ സ്റ്റേഷനിലെ ആൾക്കുട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെ ജനത്തിരക്കെന്നും ശശി തരൂർ പറഞ്ഞു. എഐസിസി സെക്രട്ടറി പിവി മോഹൻ, കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ, അഡ്വ സുബോധൻ, ഡോ ജോർജ് ഓണക്കൂർ, ഡോ എൻ രാധാകൃഷ്ണൻ, ഡോ ടിപി ശങ്കരൻകുട്ടി നായർ, ഡോ മേരി ജോർജ്, പാളയം ഇമാം ഷുഹൈബ് മൗലവി, സണ്ണിക്കുട്ടി ഏബ്രഹാം, രമാദേവി പോത്തൻകോട്, പൂർണചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ശരത് ചന്ദ്ര പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























