ദുബായില്‍ മറ്റൊരു തീപിടിത്തം... യെമനിലെ ഹുതി വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം; എണ്ണ സംഭരണ കേന്ദ്രങ്ങള്‍ കത്തുന്നു; ദുബൈ വിമാനത്താവളത്തില്‍ മറ്റൊരു തീപിടുത്തം; രണ്ടാം ടെര്‍മിനലില്‍ 40 മിനിറ്റ് ചെക്ക് ഇന്‍ തടസ്സപ്പെട്ടു

ആശങ്കയായി ഇസ്രയേലിന്റെ ആക്രമണം. യെമനിലെ ഹുദൈദയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മരണം. ഹുദൈദ തുറമുഖത്തോടുചേര്‍ന്ന എണ്ണ സംഭരണ, വൈദ്യുത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടന്നത്. 87 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക ടെലിവിഷന്‍ ചാനലായ അല്‍മസീറ ടി.വി അറിയിച്ചു. വ്യാപക നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
തെല്‍ അവീവ് ഡ്രോണ്‍ ആക്രമണത്തിനുള്ള പ്രതികാരമാണ് ഹുദൈദക്ക് നേരെയുള്ള സൈനിക നടപടിയെന്ന് ഇസ്രായേല്‍ അറിയിച്ചു. ആക്രമണത്തില്‍ തങ്ങള്‍ നേരിട്ട് പങ്കെടുത്തില്ലെന്നാണ് അമേരിക്കന്‍ പ്രതികരണം. ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ മാസങ്ങളില്‍ ഹൂതികള്‍ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇരുനൂറോളം ഡ്രോണുകള്‍ ഹൂതികള്‍ ഇസ്രായേലിനു നേരെ കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ അയച്ചതായും എന്നാല്‍ ഇപ്പോള്‍ മാത്രമാണ് തങ്ങള്‍ തിരിച്ചടിക്കുന്നതെന്നും സൈനിക നേതൃത്വം അറിയിച്ചു.
ഹുദൈദ തുറമുഖത്താണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. കനത്ത നാശനഷ്ടമുണ്ടായെന്നും എണ്‍പതോളം പേര്‍ക്ക് പരിക്കുണ്ടെന്നും ഹൂതികള്‍ അറിയിച്ചു. നിരന്തരം തുടരുന്ന പ്രകോപനത്തിന് മറുപടിയാണെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
ഇറാന്റെ പിന്തുണയോടെ മദ്ധ്യപൂര്‍വ ദേശത്ത് നിലകൊള്ളുന്ന മറ്റ് സായുധ സംഘങ്ങള്‍ക്ക് കൂടിയുള്ള ഭീഷണിയാണ് ഇതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. എഫ് 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ തങ്ങളുടെ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.
അതേസമയം യെമന്‍ നേരെയുള്ള ക്രൂരമായ കടന്നാക്രമണെന്നാണ് ഹൂതി വക്താവ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ക്കും ഒരു വൈദ്യുത ഉത്പാദന കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണമെന്നും പലസ്തീനികള്‍ക്ക് തങ്ങള്‍ നല്കുന്ന പിന്തുണ അവസാനിപ്പിക്കാനുള്ള സമ്മര്‍ദമാണ് ഈ ആക്രമണമെന്നും ഹൂതികള്‍ പറയുന്നു.
പരിക്കേറ്റവര്‍ തുറമുഖത്തെ ജീവനക്കാരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തുറമുഖത്ത് നാല് കപ്പലുകള്‍ ആക്രമണം നടന്ന സമയത്തുണ്ടായിരുന്നു. ഇവയ്ക്ക് പുറമെ എട്ട് കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ടായിരുന്നു. ഈ കപ്പലുകള്‍ക്കൊന്നും ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം ആക്രമണത്തില്‍ തങ്ങള്‍ പങ്കാളിയല്ലെന്ന് അമേരിക്കന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു.
അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം. രണ്ടാം ടെര്‍മിനലിലാണ് ശനിയാഴ്ച രാത്രി തീപിടുത്തമുണ്ടായത്. തുടര്‍ന്ന് ചെക്ക് ഇന്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ തീ നിയന്ത്രണ വിധേയമാക്കിയതായി പിന്നീട് ദുബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു. നിലവില്‍ വിമാനത്താവളത്തിന്റ പ്രവര്‍ത്തനത്തിന് തടസങ്ങളില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ചെറിയ തീപിടുത്തമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമോ പരിക്കുകളോ സംബന്ധിച്ച വിവരങ്ങളില്ല. തീ പിടുത്തമുണ്ടായതിന് പിന്നാലെ ചെക്ക് ഇന്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ദുബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിലെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഏകദേശം 40 മിനിറ്റുകള്‍ക്ക് ശേഷം ചെക്ക് ഇന്‍ പുനഃരാരംഭിച്ചതായും നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ പിന്നീട് അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സേവന പങ്കാളികളുമായും യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ദുബൈ വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha

























