കർണാടക സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് വലിയ അലംഭാവമെന്ന് ഡി വൈ എഫ് ഐ...

കർണാടകയിലെ അങ്കോള ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ വേണ്ടിയുള്ള തിരച്ചിലിൽ വലിയ അലംഭാവമാണ് കർണാടക സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ അഞ്ചുദിവസമായി അർജുൻ ഓടിച്ച ലോറിയുമായി മണ്ണിനടിയിലാണ്. അപകടം നടന്ന ഉടൻ രക്ഷാപ്രവർത്തനം നടത്താത്ത കർണാടക സർക്കാർ മൂന്നു ദിവസത്തിന് ശേഷം കേരള സർക്കാറും മറ്റും നടത്തിയ സമ്മർദ്ദത്തെ തുടർന്നാണ് രക്ഷാപ്രവർത്തനം പോലും ആരംഭിച്ചത്.
എന്നിട്ടും അർജുനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മാത്രമല്ല സംഭവത്തെ തുടർന്ന് ഷിരൂരിൽ എത്തിയ അർജുൻ്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മോശമായ രീതിയിലുള്ള പെരുമാറ്റവും നിസ്സഹകരണവും ആണ് കർണാടക അധികൃതർ തുടരുന്നത്. അർജുനെ ജീവനോടെ വീണ്ടെടുക്കുവാൻ ഏറ്റവും ആധുനികമായ സാങ്കേതിക സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തണം.
ഒരു ജെസിബിയും ലോറിയും മാത്രമാണ് ആദ്യ രണ്ട് ദിവസം കർണ്ണാടക ഉപയോഗിച്ചത്. ഇതുവരെ അർജുനെ കണ്ടെത്താൻ സാധിക്കാത്ത നിലയ്ക്ക് സൈന്യത്തിൻ്റെ സഹായം തേടാൻ കർണാടക സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























