മലപ്പുറത്ത് നിപ്പ ബാധിച്ച പതിനാലുകാരൻ മരിച്ചു; സമ്പർക്കപ്പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിൽ:- വിദ്യാർത്ഥിയുടെ മൃതദേഹം സംസ്ക്കരിക്കുന്നത് പ്രോട്ടോകോൾ അനുസരിച്ച്...

മലപ്പുറത്ത് നിപ്പ ബാധിച്ച പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്നു കുട്ടി. സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി.
നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് ആണ് പനി ബാധിച്ചത്. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ റീജനൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലും (വിആർഡിഎൽ), തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും സ്രവം പരിശോധിച്ചു. അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 20 പേരാണു നിപ്പ ബാധിച്ചു മരിച്ചത്. നിപ്പ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു.
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിരുന്നു. ഇന്നലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ആരംഭിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം. ഒരു വീട്ടില്‍ ഒരാളേ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ടെന്‍ഷനുള്ളവര്‍ ദയവായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണ്.
നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയുടെ ഇക്കാലയളവിലെ യാത്രകളേയും കഴിച്ചഭക്ഷണങ്ങളേയും പറ്റി വിശദമായി പഠിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുട്ടിയും കുടുംബവും വയനാട്ടിലേക്ക് യാത്ര നടത്തിയിരുന്നതായി പറഞ്ഞിരുന്നെങ്കിലും അത് ഒരു മാസം മുന്‍പാണെന്നാണ് അറിയുന്നത്.
കുട്ടി എവിടെ നിന്നോ അമ്പഴങ്ങ തിന്നതായും സൂചനയുണ്ട്. ഇവയൊന്നും കൃത്യമായി ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആളുകളുമായി നല്ല സൗഹൃദമുണ്ടായിരുന്നതിനാല്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വലുതാകാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. ബസ്സില്‍ യാത്ര ചെയ്തതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കൂടെ യാത്ര ചെയ്തവരെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. സ്‌കൂളിലും ട്യൂഷന്‍ സെന്ററിലുമൊക്കെ കൂടെയുണ്ടായിരുന്നവരെ കണ്ടെത്തിക്കഴിഞ്ഞു. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി.
https://www.facebook.com/Malayalivartha

























