ഓര്‍മ്മകള്‍ക്കൊപ്പം പൊതിച്ചോറും; പൊതിച്ചോറിന്റെ രുചിയും കറികളും പങ്കുവച്ച് ഏറ്റുമാനൂര്‍ ടൗണ്‍ യുപിഎസ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍; അത്യപൂർവമായ പൂര്‍വവിദ്യാര്‍ത്ഥി സംഗമം

ഓര്‍മ്മകള്‍ക്കൊപ്പം പൊതിച്ചോറിന്റെ രുചിയും കറികളും പങ്കുവച്ച് ഏറ്റുമാനൂര്‍ ടൗണ്‍ യുപിഎസ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍. 40 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരലാണ് അവരവരുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറും കറികളും ഒന്നിച്ചിരുന്ന് പങ്കിട്ട് കഴിച്ച് വ്യത്യസ്തമാക്കിയത്. വാഴയിലയില്‍ പൊതിഞ്ഞു കൊണ്ടുവന്ന ചോറ് മുട്ടപൊരിച്ചതും തോരനും പയറും മീന്‍ വറുത്തതും കറിയും ബീഫും ചിക്കനും മോരും പുളിശേരിയും ഒക്കെ ചേര്‍ത്ത് കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് കഴിക്കുന്നതിന്റെ സുഖം.
അത് വീണ്ടും ഒന്ന് അനുഭവിച്ച് അറിയുകയായിരുന്നു ഏറ്റുമാനൂര്‍ ടൗണ്‍ യുപിഎസ് സ്കൂളിലെ കുറച്ച് പൂര്‍വ വിദ്യാര്‍ത്ഥികള്‍. ഓരോരുത്തരും തങ്ങളുടെ സ്കൂള്‍ ജീവിത കാലത്ത് സ്ഥിരമായി വീട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന വിഭവങ്ങള്‍ക്കൊപ്പം തങ്ങളുടെയും കൂട്ടുകാരുടെയും പ്രിയപ്പെട്ട വിഭവങ്ങള്‍ കൂടി കൊണ്ടുവന്നു.
പങ്കിട്ടും കൈയിട്ട് വാരിക്കഴിച്ചുമെല്ലാം അവര്‍ 4 പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോയി. 1984ല്‍ ഏറ്റുമാനൂര്‍ ടൗണ്‍ യുപി സ്കൂളിനോട് വിട പറഞ്ഞിറങ്ങിയവ 30 പേരാണ് മധുരമുള്ള ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാനും ഭക്ഷണം പങ്കിടലിന്റെ സന്തോഷം നുകരാനുമായി ഈ സ്കൂളിലേക്ക് വീണ്ടും എത്തിയത്. തങ്ങള്‍ ഏഴാം ക്ലാസ്സില്‍ പഠിച്ച ക്ലാസ്സ് റൂം തന്നെയായിരുന്നു പുനര്‍സമാഗമത്തിന്റെ വേദി. ഇടയ്ക്കിടെ പലയിടങ്ങളിലായി ഒത്തു ചേരാറുണ്ടെങ്കിലും ഇത്തവണ സ്കൂളില്‍ തന്നെ ഒത്തു ചേരാമെന്നും വീട്ടില്‍ നിന്നും പൊതിച്ചോര്‍ കൊണ്ടുവന്നു കഴിക്കാമെന്നും തീരുമാനിച്ചത് വാട്സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയുടെ ഫലമായിരുന്നു.
ബോട്ടിംഗും ട്രിപ്പിംഗുമൊക്കെ ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍ വര്‍ഷത്തിന് ശേഷം പഴയ സ്കൂള്‍ മുറ്റത്തെ ഒത്തുചേരല്‍ കുറച്ച് വേറിട്ടതാവട്ടെന്ന് കരുതി എല്ലാവരും പിന്തുണച്ചു. വേറിട്ട പുനസമാഗമത്തിന് ആശംസകളുമായി സ്കൂള്‍ മാനജര്‍ ലൂക്ക് കരിമ്പിലും എത്തി. ഒരു സ്കൂളില്‍ ഒന്നിച്ച് പഠിച്ച ഇവര്‍ ഇന്ന് വെവ്വേറെ നാടുകളിലാണ് താമസം. അങ്ങനെ എറണാകുളത്ത് നിന്നും എത്തിയ ഗോപകുമാറും അമേരിക്കയില്‍ നിന്നും എത്തിയ മഞ്ജുവും ദുബായ്ക്കാരായ സുപ്രിയയും സിബിയും കോട്ടയംകാരനായി മാറിയ സാബുവും ഒക്കെ ചേര്‍ന്ന് പൂര്‍വവിദ്യാര്‍ത്ഥി സംഗമം കളറാക്കി.
https://www.facebook.com/Malayalivartha

























