മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ അര്‍ജുനായി തെരച്ചില്‍ നടത്തിയ മണ്‍കൂനയില്‍ ലോറി ഇല്ലെന്ന് റിപ്പോര്‍ട്ട്

ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ അര്‍ജുനായി തെരച്ചില്‍ നടത്തിയ മണ്‍കൂനയില്‍ ലോറി ഇല്ലെന്ന് റിപ്പോര്‍ട്ട്. റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ സ്ഥിരീകരിച്ചു. പ്രദേശത്തെ 98 ശതമാനം മണ്ണും നീക്കി. മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ ഇതില്‍ കൂടുതല്‍ മണ്ണെടുക്കാനാകില്ല. ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ് ഷിരൂരില്‍ പെയ്തുകൊണ്ടിരുന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു.
ഇനിയും മണ്ണ് നീക്കിയാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍പരിശോധന സൈന്യത്തിന്റെ തീരുമാനപ്രകാരമായിരിക്കും. പുഴയിലെ പരിശോധന അതിസങ്കീര്‍ണമാണ്. പരിശോധന തുടരുന്നതില്‍ നാവികസേനയുടെ നിര്‍ദേശത്തിനായി കാക്കുകയാണ്. തെരച്ചിലില്‍ വിവേചനം കാട്ടിയിട്ടില്ല. ഇന്ത്യയുടെ എല്ലാ ഭാഗത്തുള്ളവരും നമ്മുടെ മനുഷ്യര്‍ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്തെ ഗംഗാവലി പുഴയില്‍ അര്‍ജുനായുള്ള തിരച്ചില്‍ നടത്താനുള്ള ആലോചനയിലാണ് അധികൃതര്‍.
രക്ഷാപ്രവര്‍ത്തനത്തിനായി ഉച്ചയോടെ സൈന്യം എത്തിയിരുന്നു. ബെലഗാവി ക്യാമ്പില്‍ നിന്നുള്ള സംഘമാണ് രക്ഷാദൗത്യത്തിനായി എത്തിയത്. മൂന്ന് സൈനിക വാഹനങ്ങളിലായി 40 അംഗസംഘമാണ് എത്തിയത്. കഴിഞ്ഞ ദിവസമാണ് സൈന്യത്തെ എത്തിക്കാനുളള ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അപകടസ്ഥലം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























