അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ വൈകിയെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്

ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ വൈകിയെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്. കോണ്‍ഗ്രസ് സംഘടന ജന.സെക്രട്ടറി മലയാളിയായിട്ടും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനം അലംഭാവം തുടരുകയാണ്. കുവൈത്തില്‍ അപകടം നടന്നപ്പോള്‍ പോകാന്‍ തിടുക്കം കാണിച്ച കേരളത്തിലെ മന്ത്രിമാര്‍ക്ക് കര്‍ണാടകയില്‍ എത്താന്‍ എന്താണ് താമസം. ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ ജോയി മരിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണ്. മനുഷ്യജീവന്റെ കാര്യത്തില്‍ ഇത്തരം സമീപനം പാടില്ലെന്നും മുന്‍ കേന്ദ്രമന്ത്രി പ്രതികരിച്ചു.
അങ്കോള ഷിരൂര്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവര്‍ അര്‍ജുനെ (30) കണ്ടെത്താനായുളള രക്ഷാദൗത്യം തുടരുകയാണ്. അര്‍ജുനായി തെരച്ചില്‍ നടത്തിയ മണ്‍കൂനയില്‍ ലോറി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് സ്ഥിരീകരിച്ചത്. പ്രദേശത്തെ 98 ശതമാനം മണ്ണും നീക്കി. മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ ഇതില്‍ കൂടുതല്‍ മണ്ണെടുക്കാനാകില്ല. ഇനിയും മണ്ണ് നീക്കിയാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍പരിശോധന സൈന്യത്തിന്റെ തീരുമാനപ്രകാരമായിരിക്കും. പുഴയിലെ പരിശോധന അതിസങ്കീര്‍ണമാണ്. പരിശോധന തുടരുന്നതില്‍ നാവികസേനയുടെ നിര്‍ദേശത്തിനായി കാക്കുകയാണ്. തെരച്ചിലില്‍ വിവേചനം കാട്ടിയിട്ടില്ല. ഇന്ത്യയുടെ എല്ലാ ഭാഗത്തുള്ളവരും നമ്മുടെ മനുഷ്യര്‍ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























