നിപ വൈറസ്: ആശ്വാസം... ഒൻപത് സാമ്പിളുകളും നെഗറ്റീവ്; മൊബൈൽ ലാബിലെ പരിശോധന നാളെ മുതൽ

മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവുമാണ് പുറത്തുവന്നത്
ആശുപത്രികളിൽ ചികിത്സയുള്ള 15 പേരിൽ പനി ഉള്ളവരുടെ റിസൾട്ടുകളും നിപ ബാധിച്ച കുട്ടിയുടെ കുടുംബംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയി. സമ്പർക്ക പട്ടികയിലുള്ള 406 പേരിൽ 194 പേർ ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നു ഇവരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. 7239 വീടുകളിൽ സർവ്വേ പൂർത്തിയായപ്പോൾ 439 പേർക്ക് പനിയുള്ളതായി കണ്ടെത്തി. അതിൽ നാല് പേർ കുട്ടിയുമായി സമ്പർക്കം ഉള്ളവരാണ്. അവരുടെ സാമ്പിളുകൾ പരിശോധിക്കും. മൊബൈൽ ലാബിലെ പരിശോധന നാളെ മുതൽ ആരംഭിക്കും.
2023-ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടുള്ളത് . വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. വവ്വാലുകളുടെ ശരീരത്തിലുള്ള നിപ വകഭേദവും മനുഷ്യരില്‍ കണ്ടെത്തിയ വകഭേദവും ഒന്നാണെന്ന് കണ്ടെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പഴങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആറിന്റെ സഹകരണത്തോടെ തുടരുന്നതായും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























