മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി

മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 പേരാണ് ആശുപത്രികളില്‍ ചികിത്സയുള്ളത്. പനി ഉള്ളവരുടെ റിസള്‍ട്ടുകളും നെഗറ്റീവ് ആയി. 2023-ല്‍ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിപ ബാധിച്ച കുട്ടിയുടെ കുടുംബംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്.
406 പേര് സമ്പര്‍ക്ക പട്ടികയിലുണ്ട്. ഹൈറിസ്ക് കാറ്റഗറിയില്‍ 194 പേര് ഉള്‍പ്പെടുന്നുണ്ട്. 139 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 7239 വീടുകളില്‍ സര്‍വ്വേ പൂര്‍ത്തിയായി. സര്‍വ്വേയില്‍ 439 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തി. അതില്‍ നാല് പേര് കുട്ടിയുമായി സമ്പര്‍ക്കം ഉള്ളവരാണ്. അവരുടെ സാമ്പിളുകള്‍ പരിശോധിക്കും. മൊബൈല്‍ ലാബിലെ പരിശോധന നാളെ മുതല്‍ ആരംഭിക്കും. കേരളത്തില്‍ എല്ലാ രോഗബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും മറ്റ് പലയിടങ്ങളിലും അങ്ങനെയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
ഇവിടെ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍ കൃത്യമാണ്. ഡാറ്റ വെച്ചാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.108 ആംബുലന്‍സുകളുടെ സമരത്തില്‍ പ്രതികരിച്ച മന്ത്രി കേന്ദ്രം പണം നല്‍കാതിരുന്നതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒരു രൂപ പോലും നല്‍കിയില്ല. ഈ സര്‍ക്കാര്‍ വന്നിട്ടാണ് ഒരു ഗഡു ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























