പ്രതീക്ഷകള്‍ അസ്തമിച്ചു; അര്‍ജുനെയും ലോറിയും കണ്ടെത്താനായില്ല..സൈന്യം തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങി . തിരച്ചിൽ ഇനി ഗംഗാവാലി പുഴയിൽ മുങ്ങൽ വിദഗ്ധനായ ടി കെ ഉണ്ണിയുടെ നേതൃത്വത്തിൽ

ദക്ഷിണ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായില്ല. കഴിഞ്ഞ ഏഴുദിവസത്തെ പ്രാർത്ഥനകൾക്കും ശ്രമങ്ങൾക്കും ഇനിയും ഫലം കണ്ടെത്താനായിട്ടില്ല . അര്‍ജുന്റെ ലോറി കരയിലില്ലെന്നാണ് തിരച്ചിലിന് നേതൃത്വം നല്കിയ സൈന്യത്തിന്റെ റിപ്പോര്‍ട്ട്. ഇതോടെ ദൗത്യത്തിനെത്തിയ കരസേന സംഘം തിരച്ചില്‍ പൂര്‍ത്തിയാക്കി തിരിച്ചുപോകുന്നു എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട് .
അതേസമയം, ലോറിയ്ക്കായുള്ള തിരച്ചില്‍ ഗംഗാ വാലി പുഴ കേന്ദ്രീകരിച്ച് പുരോഗമിക്കും. നദീ തീരത്തുനിന്ന് ലഭിച്ച ജിപിഎസ് സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരച്ചിന് സഹായകരമായ ഉപഗ്രഹ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ കൈമാറിയിട്ടുണ്ട് . ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും അർജുനു വേണ്ടിയുള്ള നാളത്തെ തിരച്ചിൽ. ഇതിനായി ആധുനിക സംവിധാനങ്ങളടക്കം എത്തിക്കും. എൻഡിആർഎഫിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുമെത്തും.
സ്കൂബാ ഡൈവിങ്ങും എൻഡിആർഎഫിന്റെ രക്ഷാപ്രവർത്തനവും തുടരുന്നതോടൊപ്പം ഗ്രേപ്പ്നർ ഉപയോഗിച്ച് നദിയിൽ രക്ഷാപ്രവർത്തനം തുടങ്ങണമെന്ന് മുങ്ങൽ വിദഗ്ധനായ ടി കെ ഉണ്ണി പറഞ്ഞു . ഗ്രേപ്പ്നർ ഉപയോഗിച്ച് നദിയുടെ അടിത്തട്ട് പരിശോധിക്കുകയും സംശയമുള്ള ഭാഗങ്ങളിൽ മാത്രം ഡൈവ് ചെയ്യുകയും ചെയ്യുന്ന രീതിയാവും നടപ്പിലാക്കുക എന്നും , കൂടാതെ നദിയിലെ മണ്ണെടുക്കാൻ ട്രേഡ്ജിങിനൊപ്പം എയർ മഡ് ലിഫ്റ്റിങ്ങും ഉപയോഗിക്കണമെന്നും ഉണ്ണി പറയുന്നു. വളരെ പെട്ടെന്ന് തന്നെ നദിയിലേക്ക് വീണ മൺകൂനകൾ പുറത്തേക്കെടുക്കാൻ ഇതിലൂടെ കഴിയുമെന്നും മനുഷ്യന്റെ പരിമിതി മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. . ട്രക്ക് നേരെ നദിയിലേക്ക് പതിക്കുകയും മണ്ണ് കൂനയും കടന്ന് ട്രക്ക് ഒഴുകി പോവാനുള്ള സാധ്യതയും ഉണ്ടെന്നും അത് കണ്ടെത്താൻ റിമോട്ട് ഓപ്പറേറ്റിവ് വെഹിക്കിൾ സിസ്റ്റം ഉപയോഗിക്കേണ്ടിവരുമെന്നുമാണ് മുങ്ങൽ വിദഗ്ധൻ ഉണ്ണിയുടെ അഭിപ്രായം .
നേരത്തെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലംവിട്ട് ലോറി പോയിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. അര്‍ജുന്റെ മൊബൈല്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്താണ് ഇപ്പോള്‍ ലോഹസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
അതിനിടെ അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ കാണിക്കുന്ന മെല്ലപോക്ക് നയത്തിനെതിരെ കണ്ണൂർ ലോറി ഉടമകളും തൊഴിലാളികളും സംയുക്തമായി കൂട്ടുപുഴയിൽ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു. കേരളത്തിൽനിന്നും കർണാടകയിലേക്ക് പ്രവേശിച്ച എല്ലാ വാഹനങ്ങളെയും കൂട്ടുപുഴ അതിർത്തിയിൽ തടഞ്ഞാണ് ഇവർ പ്രതിഷേധിക്കുന്നത്. ...മനുഷ്യന്റെ ജീവന് കർണാടക സർക്കാർ വിലകൽപ്പിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കുറ്റപ്പെടുത്തി .
പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു . അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം അറിയുന്നത്
https://www.facebook.com/Malayalivartha

























