കർണാടകയുടെ വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴസോ അല്ല തകർക്കുന്നത്; രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല:- പ്രതികരണവുമായി രഞ്ജിത് ഇസ്രയേലി...

ഷിരൂരില്‍ തെരച്ചിലിന് പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്ന് പ്രതികരിച്ച് രഞ്ജിത് ഇസ്രയേലി. കരയില്‍ പരിശോധന പൂര്‍ത്തിയായത് എണ്‍പത് ശതമാനം മാത്രമാണ്. തെരച്ചിലിന് സഹകരിക്കുന്നത് എന്‍ഡിആര്‍എഫ് മാത്രമാണ്. താന്‍ ആവശ്യപ്പെടുന്ന മെഷിനുകള്‍ ലഭ്യമാക്കുന്നില്ല. ഹൈ ഡ്രില്ലിങ് മെഷിനറികള്‍ ലഭ്യമാക്കണം. അര്‍ജുനായുള്ള തെരച്ചില്‍ ശരിയായ ദിശയിലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. അപകട സ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ലെന്നും പരാതിയുണ്ട്. പൊലീസ് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഉദ്യോഗസ്ഥര്‍ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നും രഞ്ജിത് ആരോപിച്ചു.
”ഒരു ദിവസം കൊണ്ട് തീർക്കേണ്ട പണി രണ്ട് ദിവസമെടുത്താണ് തീർക്കുന്നത്. അർജുനെ കാണാതായി 5-ാം ദിവസം 3 മണിക്കാണ് താൻ സ്ഥലത്തെത്തുന്നത്. അന്ന് തന്നെ കർണാടക പൊലീസ് തടഞ്ഞു. കളക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് രക്ഷാദൗത്യത്തിൽ പങ്കാളിയായത്. വ്യക്തമായ ചിത്രങ്ങളോ എന്താണ് ചെയ്തതെന്നോ പറയാൻ പൊലീസ് തയ്യാറായില്ല. എത്രത്തോളം മണ്ണ് നീക്കം ചെയ്തെന്ന് അറിയില്ല. അർജുനെ കണ്ടെത്താനായി ക്ഷമിച്ച് നിൽക്കുകയാണ്.
ട്രക്ക് കണ്ട് പിടിക്കലാണ് എന്റെ ദൗത്യം. അല്ലാതെ കർണാടകയുടെ വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴസോ അല്ല തകർക്കുന്നത്. ബോറിംഗ് മെഷീൻ ലഭിച്ചാൽ രക്ഷാദൗത്യം കൂടുതൽ വേഗത്തിൽ നടക്കും”. രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്ത് ഇസ്രായേലിനെ രക്ഷാദൗത്യത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടി എന്നും കർണാടക പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടേണ്ടി വരികയാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് ഒരു മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന രഞ്ജിത് ഇസ്രയേലിനടക്കമുള്ളവരോട് തിരിച്ച് പോകാന്‍ കർണാടക പോലീസ് ആവശ്യപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന് മലയാളി രക്ഷാപ്രവര്‍ത്തകരോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെന്നും രഞ്ജിത് ഇസ്രയേലിയെ മര്‍ദ്ദിച്ചെന്നും ലോറി ഉടമ മനാഫ് പ്രതികരിച്ചിരുന്നു. രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി പറഞ്ഞു. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തെരച്ചില്‍ നടത്തും.
https://www.facebook.com/Malayalivartha

























