അർജുനെ കാണാതായ സംഭവത്തിൽ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ ദേവ് എംഎല്‍എ; തെരച്ചിലിനായി ഡോഗ് സ്‌ക്വാഡിനെ എത്തിച്ചു...

ഷിരൂരിൽ മണ്ണിടിഞ്ഞ് ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കാണാതായ സംഭവത്തിൽ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ ദേവ് എംഎല്‍എ. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. അത് കുറച്ചുകൂടി വേഗതയിലാക്കണമെന്നതാണ് ആവശ്യം. സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്നു, അതീവ ദുഃഖകരമായ സാഹചര്യമാണ്. കര്‍ണാടക സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തണം.
പ്രതികൂലമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇനിയും വൈകിപ്പിക്കാതെ, സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടി അര്‍ജുനെയും കാണാതായ എല്ലാവരെയും കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഷിരൂരില്‍ തെരച്ചിലിനായി ഡോഗ് സ്‌ക്വാഡിനെ എത്തിച്ചു. പുഴയില്‍ ഇറങ്ങിയുള്ള സ്‌കൂബ ടീമിന്റെ പരിശോധനയും ആരംഭിച്ചു.
ഗംഗാവാലി പുഴയില്‍ ജലനിരപ്പ് കുറഞ്ഞെങ്കിലും പുഴയില്‍ ഇതുവരെ നാവികസേനയുടെ പരിശോധന ആരംഭിച്ചിട്ടില്ല. പുഴയുടെ ആഴവും ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കാണാതായ ദിവസം ഈ സ്ഥലത്തോടു ചേർന്ന് ഗംഗാവലിപ്പുഴയിൽ ഉഗ്രസ്ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. അരക്കിലോമീറ്ററോളം വീതിയുള്ള പുഴയുടെ മറുകര മാടങ്കേരി ഉൾവരെ എന്ന ഗ്രാമമാണ്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതലുള്ളത്.
https://www.facebook.com/Malayalivartha

























