വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്... അത്തരമൊരു സ്ഫോടനം ഉണ്ടായിട്ടില്ല... നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ

മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുന്നു. നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ. വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും അത്തരമൊരു സ്ഫോടനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ നദിയിലേക്ക് ഒഴുകിപ്പോയ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചില്ല. കണ്ടെത്തിയ മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകളില്ലെന്നും എസ്പി സ്ഥിരീകരിച്ചു.
നേരത്തെ മണ്ണിടിച്ചിലിന് പിന്നാലെ സ്ഫോടന സമാനമായ ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പലരും പറഞ്ഞിരുന്നു. ഗംഗാവലി പുഴയില്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണം രക്ഷാദൗത്യം സൈന്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് അടിയൊഴുക്ക് കാരണം വെള്ളത്തില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്നാണ് വിവരം. നേരത്തെ അര്‍ജുനും ലോറിയും കരയിലെ മണ്ണിനടിയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം സൈന്യത്തിന്റെ തെരച്ചിലില്‍ അതൃപ്തിയറിയിച്ച് അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വലിയ പ്രതീക്ഷയായിരുന്നു സൈന്യത്തിലുണ്ടായിരുന്നത്. സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയത്. അവര്‍ക്ക് യാതൊന്നും ചെയ്യാനായില്ലെന്നായിരുന്നു അമ്മ ഷീലയുടെ പ്രതികരണം. മികച്ച ഉപകരണങ്ങള്‍ ഒന്നും അവര്‍ എത്തിച്ചില്ല. ഇന്ത്യന്‍ മിലിട്ടറിയുടെ ഈ അവസ്ഥയില്‍ വലിയ വിഷമമുണ്ട്. പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. അതിപ്പോള്‍ തെറ്റി. ലോറി അവിടെ ഇല്ലെന്ന് തെളിയിക്കേണ്ടത് ചിലരുടെ പ്രസ്റ്റീജ് ഇഷ്യൂ ആണോ എന്ന് സംശയം ഉണ്ട്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂവെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ ആളുകളെ അവിടുത്തേക്ക് കടത്തിവിടുന്നില്ല. പട്ടാളത്തിന് ഞങ്ങള്‍ക്ക് വേണ്ടി ഇത്രയും ചെലവ് ചെയ്ത് വരുത്തിയത് ആരെയോ കാണിക്കാനായുള്ള കോമാളിത്തരമാണ്. ഒരു മനുഷ്യനെ രക്ഷിക്കാന്‍ ആവശ്യമായ ഒരു കാര്യവും അവരുടെ കയ്യിലില്ല. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. വീഴാന്‍ സാധ്യതയുള്ള ഒരു കുഴിയില്‍ തപ്പാതെ അവിടെ മണ്ണ് കൊണ്ടു പോയിട്ടുവെന്നും അമ്മ ആരോപിച്ചു.
https://www.facebook.com/Malayalivartha

























